കൊച്ചി: വാളയാർ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് ചലച്ചിത്രമേള വേദിയിൽ നീതി സമരം. വെള്ളിയാഴ്ച വൈകിട്ട് പ്രധാനവേദിയായ സരിത തിയറ്ററിന് മുന്നിലാണ് വാളയാർ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചത്.

കേസ് അട്ടിമറിച്ച സോജൻ, ചാക്കോ എന്നിവർക്കെതിരേ സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് കുട്ടികളുടെ അമ്മ ഉൾപ്പെടെ സമരത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് നടപടി ഉണ്ടായില്ലെങ്കിൽ കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിനു മുന്നിലെത്തി തല മുണ്ഡനം ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

ഇതിന്റെ സൂചനാ സമരമാണ് ഇന്ന് ചലച്ചിത്രമേളയിൽ നടന്നതെന്ന് സമര സമിതി രക്ഷാധികാരി സി.ആർ. നീലകണ്ഠൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 'പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്യുക എന്നത് കേരളത്തിന് അപമാനമാണ്. ചലച്ചിത്ര മേള സാംസ്കാരിക കേരളത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിഷയത്തിൽ സാംസ്കാരിക കേരളം ഇടപെടണമെന്ന ആവശ്യമാണ് മേള വേദിയിൽ പ്രതിഷേധം സംഘടിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്' - സി.ആർ. നീലകണ്ഠൻ വ്യക്തമാക്കി.

Content Highlights: IFFK2021, Walayar Case