കൊച്ചി: വെള്ളിത്തിരയിൽ അയാൾ പപ്പേട്ടനായിരുന്നു. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴും അയാൾ അവർക്കെല്ലാം പപ്പേട്ടൻ തന്നെയായിരുന്നു. ജീവിതത്തിലെ ശരിയായ പേരുതന്നെ പത്മകൃഷ്ണൻ അയ്യർക്ക് സിനിമയിലെ കഥാപാത്രത്തിനും നൽകിയതെന്താണെന്നു ചോദിച്ചാൽ സംവിധായകൻ വിപിൻ ആറ്റ്‌ലിക്ക് ഒരു മറുപടിയുണ്ട്.
“പപ്പേട്ടൻ എന്ന് ആരു വിളിച്ചാലും അയാൾ എപ്പോഴും തിരിഞ്ഞുനോക്കും. എല്ലാ വിളികളും കേൾക്കുകയും അവർക്കരികിലേക്കു സ്നേഹത്തോടെ വരികയും ചെയ്യുന്നയാളാണ് പപ്പേട്ടൻ, ദ ഗ്രേറ്റ് ആക്ടർ”.
വിപിൻ ആറ്റ്‌ലി സംവിധാനം ചെയ്ത ‘മ്യൂസിക്കൽ ചെയർ’ എന്ന സിനിമയിലെ പപ്പേട്ടനെ അവതരിപ്പിച്ച പത്മകൃഷ്ണൻ അയ്യരുടെ ജീവിതം എന്നും ഏതൊക്കെയോ വിളികൾ തേടിയുള്ള യാത്രയാണ്. നാടകത്തിന്റെ വിളികേട്ട് അതിനു പിന്നാലെ സഞ്ചരിച്ചത് 25-ലേറെ വർഷം. അതിനിടെ ജോലി തേടിയുള്ള വിളിയിൽ ചെലവിട്ടത് അഞ്ചുവർഷം. ആശ്രമ അന്തേവാസിയായിരുന്ന യുവതിക്കു ജീവിതം കൊടുത്ത വിളിയുമായുള്ള സഞ്ചാരം ഇപ്പോഴും തുടരുന്നു.
കോട്ടയം കുടമാളൂർ സ്വദേശിയാണ് പത്മകൃഷ്ണൻ. സംഗീതാധ്യാപകനായിരുന്നു അച്ഛൻ ജി. കൃഷ്ണ അയ്യർ. പപ്പേട്ടൻ ആദ്യമെത്തിയത് നാടകലോകത്താണ്. കുടമാളൂർ നവജീവൻ തീയറ്റേഴ്‌സിനായി ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടു. ‘കള്ളനും ശിപായിയും’ എന്ന നാടകത്തിലെ കള്ളനും ‘മുഖങ്ങൾക്കു പിന്നിൽ’ എന്ന നാടകത്തിലെ മുഖംമൂടിയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
“പത്താം ക്ലാസ് കഴിഞ്ഞ് നാടകത്തിലേക്കു വന്നു. ഇതിനിടെ സിഗരറ്റ് കമ്പനിയിൽ ജോലി കിട്ടി കുറച്ചുകാലം അവിടെയും” - പത്മകൃഷ്ണൻ പറഞ്ഞു.
നാടകവുമായി നടക്കുന്നതിനിടെ വിവാഹം കഴിക്കാൻ മറന്നുപോയി. ജീവിതപങ്കാളിയെ കണ്ടെത്തിയത് 40 വയസ്സു കഴിഞ്ഞപ്പോൾ. “ജീവിതത്തിൽ ഒരുപാടു വിഷമങ്ങൾ നേരിട്ട രാജിയെ ആശ്രമത്തിൽ കഴിയുന്ന കാലത്താണ് പരിചയപ്പെടുന്നത്. ഒരു ശിശുദിനത്തിലാണ് ഞങ്ങൾ കല്യാണം കഴിക്കുന്നത്. വയസ്സാൻ കാലത്ത് എനിക്കും ഒരു ശിശുവുണ്ടായി. മകൻ അനന്തപത്മനാഭൻ ഇപ്പോൾ പ്ലസ് ടുവിനു പഠിക്കുന്നു. രാജി സംഗീത അധ്യാപികയായി സ്കൂളിൽ ജോലി ചെയ്യുന്നു” - പത്മകൃഷ്ണൻ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചു.
തെരുവിൽനിന്നു കണ്ടെത്തിയവരാണ് മ്യൂസിക്കൽ ചെയറിൽ ആറ്റ്‌ലി അവതരിപ്പിച്ചവരിലേറെപ്പേരും.
പത്മകൃഷ്ണനും തെരുവിനെ ഏറെ ഇഷ്ടപ്പെടുന്ന അതിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. “ആവുന്നിടത്തോളം എനിക്കു തെരുവിലൂടെ നടക്കണം. അവിടെ കണ്ടുമുട്ടുന്ന ജീവിതങ്ങളെ അറിയണം. തെരുവു ജീവിതത്തിന്റെ ഏറ്റവും വലിയ അനുഭവശാലയല്ലേ” - ചോദ്യം പോലെ സംസാരം നിർത്തി ഉത്തരം പ്രതീക്ഷിക്കാതെ പത്മകൃഷ്ണൻ നടന്നു.
Content Highlights : Musical Chair Movie actor Padmakrishnan Iyer life story Vipin Atley IFFK 2020-2021