പാലക്കാട്: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ഓണ്‍ലൈന്‍ കവറേജിനുള്ള പുരസ്‌കാരം മാതൃഭൂമി ഡോട്ട് കോമിന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ഇത്തവണ നാല് ജില്ലകളിലായി നടന്ന ചലച്ചിത്രമേളയില്‍നിന്നുളള വാര്‍ത്തകളും വിശേഷങ്ങളും എക്സ്‌ക്ലൂസീവ് അഭിമുഖങ്ങളും ദൃശ്യങ്ങളുമടങ്ങിയ പ്രത്യേക പേജ് മാതൃഭൂമി ഡോട്ട് കോം ഒരുക്കിയിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് മാതൃഭൂമി ഡോട്ട്‌കോമിന് മികച്ച ഓണ്‍ലൈന്‍ കവറേജിനുള്ള പുരസ്‌കാരം ലഭിക്കുന്നത്.

പ്രിന്റ് മീഡിയയിലെ ഏറ്റവും മികച്ച കവറേജിനുളള പുരസ്‌കാരം മാതൃഭൂമി പത്രം കരസ്ഥമാക്കി. റേഡിയോയിലെ ഏറ്റവും മികച്ച കവറേജിനുളള പുരസ്‌കാരം ക്ലബ് എഫ് എമ്മിലൂടെ മാതൃഭൂമി നേടി. 

തിരുവനന്തപുരം മേഖലയില്‍ മികച്ച ക്യാമറാമാനുളള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ഗിരീഷ് കുമാറും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മാതൃഭൂമി ന്യൂസിലെ റിപ്പോര്‍ട്ടര്‍ മിഥുന്‍ സുധാകരനും അര്‍ഹനായി. 

കൊച്ചി മേഖലയില്‍ മികച്ച ക്യാമറാമാനുളള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ജൈവിന്‍ ടി.സേവ്യറും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മാതൃഭൂമി ന്യൂസിലെ റിയാ ബേബിയും, വേണു പി. എസും അര്‍ഹരായി. 

പാലക്കാട് മേഖലയില്‍ മികച്ച റിപ്പോര്‍ട്ടക്കുളള പുരസ്‌കാരം മാതൃഭൂമിയിലെ ടി.എസ്. പ്രതീഷ് കരസ്ഥമാക്കി. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മാതൃഭൂമി ന്യൂസിലെ അരുണ്‍ കിഷോര്‍ എം.സിയും അര്‍ഹനായി. 

സാമൂഹിക-നവ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ ചലച്ചിത്രമേള ആസ്വദിച്ചത് മാതൃഭൂമി ഡോട്ട് കോമിലൂടെയായിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച അംഗീകാരമാണ് പുരസ്‌കാരം.  

Content Highlights: mathrubhumi.com wins IFFK award for best online coverage