പാലക്കാട്: കപ്പേള സിനിമയിലെ അന്ന ബെൻ അഭിനയിച്ച ജെസി എന്ന കഥാപാത്രത്തിന്റെ 'എനിക്ക് കടലുകാണിച്ചുതരുമോ..!' എന്ന സംഭാഷണം കേരളക്കരയിലാകെ ഹിറ്റായിരുന്നു. തിയേറ്റർ റിലീസിൽ സിനിമയ്ക്ക് ലഭിച്ച പ്രതീക്ഷിച്ചതിലേറെയുള്ള ജനപ്രീതിക്കൊപ്പം പാലക്കാട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽക്കൂടി കപ്പേള തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ.

കലാമൂല്യം നിലനിർത്തി ജനപ്രീതി ലക്ഷ്യമിട്ട് നിർമിച്ച സിനിമയാണെങ്കിലും ഐ.എഫ്.എഫ്.കെ.യിൽ തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പാലക്കാട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയ മുസ്തഫ മാതൃഭൂമിയോട് പറഞ്ഞു.

വയനാട്ടിലെ ഒരു മലയോരഗ്രാമത്തിൽനിന്ന് ഒരു പെൺകുട്ടി ഫോണിലൂടെ പരിചയപ്പെട്ട തന്റെ സുഹൃത്തിനെ കാണാൻ കോഴിക്കോട്ടെത്തുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കപ്പേള മലയാളസിനിമയുടെ ഇതിവൃത്തം. ജീവിതത്തിൽ പലേടങ്ങളിലായി കണ്ടുമുട്ടിയ കഥാപാത്രങ്ങളാണ് കപ്പേളയിൽ ഉപയോഗിച്ചത്. മറ്റൊരുസിനിമിയുടെ ഷൂട്ടിങ്ങിനിടെ ഇതുവരെ കാണാത്ത സുഹൃത്തിനെ കാണാൻ വയനാട്ടിൽനിന്നെത്തിയ പെൺകുട്ടിയെ കണ്ടിരുന്നെന്നും മുസ്തഫ പറഞ്ഞു.

62-ാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഐൻ എന്ന സിനിമയിലെ അഭിനയത്തിന് പ്രത്യേക പരാമർശവും മുസ്തഫ നേടിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 7.15-ന് ശ്രീ ദേവിദുർഗ തിയേറ്ററിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഷൂട്ടിങ്ങുള്ളതിനാൽ പാലക്കാട്ടെ പ്രേക്ഷകരുടെ നേരിട്ടുള്ള പ്രതികരണം അറിയാനാകില്ലെന്ന സങ്കടത്തിലാണ് മുസ്തഫ.

Content Highlights : Kappela Movie In25th IFFK Mustafa Anna Ben Sreenath Basi Roshan Mathews