സിനിമകളുടെ അനുഭവ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ കൊച്ചിയില്‍ ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. കോവിഡ്കാലത്ത് കൊച്ചിയിലേക്കെത്തിയ കാഴ്ചക്കാലത്തെപ്പറ്റി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എഴുതുന്നു

സിനിമ സൃഷ്ടിക്കുന്ന കലാകാരനും കാണുന്ന പ്രേക്ഷകനും ഒരുപോലെ നവീകരണത്തിന്റെ അനുഭവകാലമാകണം... ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ മനസ്സാഗ്രഹിക്കുന്നതും അതുതന്നെയാണ്. വലിയ ഒരിടവേളയ്ക്കു ശേഷം കൊച്ചിയിലേക്ക് ചലച്ചിത്രോത്സവം കടന്നുവരുമ്പോള്‍ നിറഞ്ഞ പ്രതീക്ഷയിലാണ് ഞങ്ങള്‍.

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 25-ാം പതിപ്പിനു മുന്നില്‍ വില്ലനായി കോവിഡ്കാലം നിന്നപ്പോള്‍ പ്രതിസന്ധിയിലായിരുന്നു ഞങ്ങളും. നാലിടങ്ങളിലായി മേള നടത്താമെന്ന നിര്‍ദേശം സര്‍ക്കാരില്‍നിന്ന് വന്നപ്പോള്‍ വഴികള്‍ തുറന്നുകിട്ടിയതിന്റെ അതിരറ്റ ആഹ്ലാദമുണ്ടായിരുന്നു.

മേളയുടെ തിരുവനന്തപുരം പതിപ്പ് വലിയ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ കൊച്ചിയിലേക്ക് വരുന്നത്. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് മേള. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 'ഓപ്പണ്‍ ഫോറം' പോലുള്ള പതിവുകാഴ്ചകള്‍ ഇല്ലെങ്കിലും ചലച്ചിത്രോത്സവത്തിന്റെ ആവേശം പരമാവധിയില്‍ എത്തിക്കാനുള്ളതെല്ലാം പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്നതില്‍ സംശയം വേണ്ട.

വ്യക്തിപരമായി പറയുമ്പോള്‍ ഓരോ ചലച്ചിത്രോത്സവവും ആവേശത്തോടെയാണ് ഞാന്‍ കാത്തിരിക്കാറുള്ളത്. സംവിധായകന്‍ എന്ന വേഷത്തിലെത്തുന്നതിനു മുമ്പുതന്നെ ചലച്ചിത്രോത്സവങ്ങളുടെ ഭാഗമാകാനുള്ള അവസരങ്ങളൊന്നും ഞാന്‍ പാഴാക്കിയിരുന്നില്ല. തര്‍ക്കോവ്സ്‌കിയും കുറസോവയും മക്മല്‍ബഫും ഒക്കെ പകര്‍ന്നുതന്ന സിനിമാക്കാഴ്ചകള്‍ മനസ്സില്‍ പതിപ്പിച്ച അനുഭവങ്ങളുടെ ആഴം വളരെ വലുതാണ്.

'ഉള്ളടക്കം' എന്ന എന്റെ സിനിമയുമായി ഡല്‍ഹി ഫിലിം ഫെസ്റ്റിവലിന് പോയപ്പോള്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ അനുഭവിച്ച സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. പിന്നീട് പെരുമഴക്കാലവും മേഘമല്‍ഹാറും സെല്ലുലോയ്ഡുമൊക്കെ അടക്കം എന്റെ എത്രയോ സിനിമകള്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെത്തി.

ചലച്ചിത്രോത്സവത്തില്‍ പതിവായി കാണുന്ന ചില മുഖങ്ങള്‍ ഇല്ലാതെ പോയതിന്റെ സങ്കടമുണ്ട്... കവി അയ്യപ്പനും ലെനിന്‍ രാമചന്ദ്രനും രാമചന്ദ്ര ബാബുവും ഹമീദും ഒഡേസ സത്യനും അടക്കം എത്രയോ മുഖങ്ങള്‍. അസ്തമിച്ചുപോയവരെ ഓര്‍ത്ത്, പുതിയ ചലച്ചിത്രക്കാഴ്ചകളുടെ ഉദയം പ്രതീക്ഷിച്ച് കൊച്ചിയില്‍ നമുക്ക് ഇനിയുള്ള രാപകലുകളില്‍ ഒഴുകിനടക്കാം.

Content Highlights: Kamal Director writes about International Film Festival Of Kerala IFFK 2020 2021