കൊച്ചി: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് ചലച്ചിത്രമേള വേദിയില്‍ നീതി സമരം. വെള്ളിയാഴ്ച വൈകിട്ട് പ്രധാനവേദിയായ സരിത തിയറ്ററിന് മുന്നിലാണ് വാളയാര്‍ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചത്.

കേസ് അട്ടിമറിച്ച സോജന്‍, ചാക്കോ എന്നിവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് കുട്ടികളുടെ അമ്മ ഉള്‍പ്പെടെ സമരത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് നടപടി ഉണ്ടായില്ലെങ്കില്‍ കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിനു മുന്നിലെത്തി തല മുണ്ഡനം ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

ഇതിന്റെ സൂചനാ സമരമാണ് ഇന്ന് ചലച്ചിത്രമേളയില്‍ നടന്നതെന്ന് സമര സമിതി രക്ഷാധികാരി സി.ആര്‍. നീലകണ്ഠന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 'പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്യുക എന്നത് കേരളത്തിന് അപമാനമാണ്. ചലച്ചിത്ര മേള സാംസ്‌കാരിക കേരളത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിഷയത്തില്‍ സാംസ്‌കാരിക കേരളം ഇടപെടണമെന്ന ആവശ്യമാണ് മേള വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്' - സി.ആര്‍. നീലകണ്ഠന്‍ വ്യക്തമാക്കി.

Content highlight: Justice for Walayar girls: protest at IFFK