കൊച്ചി: ബ്ലാക്ക് ആൻഡ് വൈറ്റിലെ പഴയകാല സിനിമയാണെങ്കിൽ ഇങ്ങനെ എഴുതാം; ശുഭം. ന്യൂജൻ കാലത്തിന്റെ പുതിയ കാൻവാസിലാണെങ്കിൽ പറയാം, ‘സീ യു സൂൺ @ തലശ്ശേരി’. സൂപ്പർ ഹിറ്റ് ആയ ഒരു സിനിമയുടെ സന്തോഷത്തോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചിപ്പതിപ്പിന് കൊടിയിറങ്ങി. നാലു മേഖലകളിലായി നടത്തുന്ന മേളയുടെ മൂന്നാംഘട്ടത്തിനു ചൊവ്വാഴ്ച തലശ്ശേരിയിൽ തുടക്കമാകും. മാർച്ച് ഒന്നുമുതൽ അഞ്ചു വരെ പാലക്കാട്ടാണ് അവസാന ഘട്ടം അരങ്ങേറുന്നത്.
കൊച്ചിയിലേക്കു തിരിച്ചെത്തിയ മേളയെ ആഘോഷത്തിന്റെ ‘ഹൗസ് ഫുൾ’ ആക്കിയാണ് അഞ്ചാം ദിനവും പ്രേക്ഷകർ വരവേറ്റത്. ലോക സിനിമാ വിഭാഗത്തിൽ വീണ്ടും പ്രദർശിപ്പിച്ച ജപ്പാൻ ചിത്രം ‘വൈഫ് ഓഫ് എ സ്പൈ’യും ഇംഗ്ലീഷ് ചിത്രം ‘നോ വേർ സ്പെഷ്യ’ലും ഞായറാഴ്ചയിലെ ആദ്യ കാഴ്ചകളുമായി. രണ്ടാം വരവിലും നിറഞ്ഞ സദസ്സുതന്നെയാണ് ഈ സിനിമകൾക്കു സാക്ഷ്യം വഹിക്കാനെത്തിയത്. ലോക സിനിമാ വിഭാഗത്തിൽ വീണ്ടും പ്രദർശനത്തിനെത്തിയ ‘ഹൈ ഗ്രൗണ്ട്’, ‘ലൈല ഇൻ ഹൈഫ’, ‘ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ’, ‘മാളു’ തുടങ്ങിയ ചിത്രങ്ങളും ഞായറാഴ്ച കൈയടികൾ നേടി.
‘ലവ്’, ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’, ‘കപ്പേള’ എന്നീ മൂന്നു സിനിമകളാണ് അവസാന ദിനം മലയാളത്തിന്റെ അഭിമാനക്കാഴ്ചകളായത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ലവ്’ കഥാപാത്രങ്ങളുടെ വ്യക്തിപരവും വൈകാരികവുമായ പ്രശ്നങ്ങളിലൂടെ രൂപപ്പെടുന്ന സങ്കീർണത പ്രേക്ഷകനെ ആഴത്തിൽ അനുഭവിപ്പിച്ചപ്പോൾ മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’ ജെസ്സി, വിഷ്ണു എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ വ്യത്യസ്തമായൊരു അനുഭവമായാണ് പ്രേക്ഷകനിലേക്ക് ഒഴുകിയെത്തിയത്. ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളുടെ മാനസികതലങ്ങളെ തൊട്ടറിയിക്കുന്ന കാഴ്ചകൾ തന്നെയാണ് പ്രേക്ഷകനു സമ്മാനിച്ചത്. അഞ്ചു ദിവസങ്ങളിലായി നടന്ന കൊച്ചി മേളയിൽ ആകെ 80 സിനിമകളാണ് പ്രദർശിപ്പിച്ചത്. മത്സര വിഭാഗത്തിൽ ‘ചുരുളി’, ‘ഹാസ്യം’ എന്നീ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ 14 സിനിമകൾ പ്രദർശിപ്പിച്ചു. സമകാലിക ലോക സിനിമാ വിഭാഗത്തിൽ 22 സിനിമകൾ പ്രദർശിപ്പിച്ചപ്പോൾ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ 12 സിനിമകളും പ്രേക്ഷകർക്കു മുന്നിലെത്തി. സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്മ സ്ക്രീൻ 1 എന്നീ തിയേറ്ററുകളാണ് ചലച്ചിത്രോത്സവത്തിന് ആതിഥ്യമരുളിയത്.
ഞായറാഴ്ച വൈകീട്ടായപ്പോഴേക്കും പ്രതിനിധികളിൽ പലരും വിടവാങ്ങൽ മൂഡിലായിരുന്നു. രാത്രിതന്നെ നാട്ടിലേക്കു മടങ്ങണമെന്നു പറഞ്ഞ് അവസാന പ്രദർശനം ഒഴിവാക്കിയ ചിലരേയും കണ്ടു. സംഘാടകരിൽ അക്കാദമി ചെയർമാൻ കമൽ അടക്കമുള്ളവർ ശനിയാഴ്ച തന്നെ തലശ്ശേരിയിലേക്കു തിരിച്ചു. ഒരു സംഘം ഞായറാഴ്ച രാത്രി തിരിച്ചപ്പോൾ അവസാന സംഘം തിങ്കളാഴ്ച രാവിലെ തലശ്ശേരിയിലേക്കു പോകുമെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ പറഞ്ഞു.
Content Highlights: international Film Festival Of Kerala, Kochi edition ends, to begin at Thalassery