കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചിപ്പതിപ്പിലേക്ക് ആവേശം തിരിച്ചുപിടിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. നിറഞ്ഞ സദസ്സിൽ, അല്പസ്വല്പം സാമൂഹിക അകലമൊക്കെ മറന്ന്, ചുരുളിയുടെ വിഭ്രമലോകത്തെ പ്രേക്ഷകർ വരവേറ്റു.

രാവിലെ മറ്റു തിയേറ്ററുകളിൽ സിനിമ കണ്ട പ്രതിനിധികൾ ചുരുളിക്കു സീറ്റുറപ്പിക്കാൻ കവിതയിലേക്ക് ഓടിയെത്തി. റിസർവ്‌ ചെയ്തിട്ടുണ്ടെങ്കിലും സീറ്റു കിട്ടിയില്ലെങ്കിലോ എന്ന ആശങ്ക ഓരോരുത്തർക്കുമുണ്ടായിരുന്നു. രണ്ടേമുക്കാലിനു തുടങ്ങുന്ന സിനിമയ്ക്കായി രണ്ടു മണിക്കുമുന്നെ തിയേറ്റർ പരിസരം നിറഞ്ഞു.

തിരക്കു കൂടിയതോടെ ആളുകളെ താപനില പരിശോധിച്ച് അകത്തേക്കു കടത്താനും താമസം നേരിട്ടു. സിനിമയിലെ പ്രധാന നടന്മാരിലൊരാളും നിർമാതാവുമായ ചെമ്പൻ വിനോദ് എത്തിയതോടെ ആരാധകർക്ക്‌ ആവേശമിരട്ടിച്ചു. അധികം വൈകാതെ കറുത്ത വോൾവോ കാറിൽ സംവിധായകൻ ലിജോയും എത്തി.

ലിജോ ആദ്യം ബാൽക്കണിയിലേക്കെത്തിയെങ്കിലും മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോളിന്റെ അഭ്യർഥനയെത്തുടർന്ന്‌ താഴേക്കിറങ്ങി വന്നു. നിറഞ്ഞ കൈയടി. സിനിമയ്ക്കുശേഷം സംവിധായകനുമായി മുഖാമുഖമുണ്ടെന്ന അറിയിപ്പോടെ പ്രദർശനം തുടങ്ങി. തിരക്കുമൂലം ഉദ്ദേശിച്ചതിലും അഞ്ചുമിനിറ്റ്‌ വൈകിയാണ് സിനിമ തുടങ്ങിയത്.

റിസർവേഷൻ കിട്ടാത്ത കുറെ സിനിമാ പ്രേമികൾ തിയേറ്ററിനു മുന്നിൽ എങ്ങനെയും കയറിപ്പറ്റാനായി കാത്തുനിന്നു. സംഘാടകർക്കു മുന്നിൽ അപേക്ഷയുമായി നിന്ന ഇവരെ റിസർവ് ചെയ്തതിൽ വരാത്തവരുടെ കണക്കെടുത്ത ശേഷം മൂന്നുമണിയോടെ ഓരോരുത്തരെയായി അകത്തേക്കുവിട്ടു.

Content Highlights:International Film Festival Of Kerala IFFK Churuli Movie Packed audience at theater