25ാമത് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് തിരശീല വീണെങ്കിലും അത് അരങ്ങുണര്‍ത്തിയത് കൊച്ചിയുടെ സാമ്പത്തിക മേഖലയുടെ ഉണര്‍വിനുകൂടിയാണ്. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചാല്‍ ചലച്ചിത്രോല്‍സവം പോലുള്ള ഇവന്റുകള്‍ സുരക്ഷിതമായി സംഘടിപ്പിക്കാമെന്ന് തെളിഞ്ഞതോടെ ഒരു വര്‍ഷമായി മുടങ്ങിക്കിടന്ന മൈസ് ടൂറിസം വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍. മീറ്റിംഗുകള്‍, ഇന്‍സെന്റിവുകള്‍, കോണ്‍ഫ്രന്‍സുകള്‍, എക്സിബിഷനുകള്‍ എന്നിവ അടങ്ങുന്ന മൈസ് ടൂറിസത്തിന്റെ ഇന്ത്യയിലെ തന്നെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു കൊച്ചി. അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന ഈ മേഖലയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ നിരവധി സംരംഭകരാണ് പഞ്ചനക്ഷത്ര സൗകര്യമുള്‍പ്പെടെയുള്ള ഹോട്ടലുകളും കോണ്‍ഫ്രന്‍സ് ഹാളുകളും നിര്‍മിച്ച് ഈ മേഖലയില്‍ വലിയ മുതല്‍മുടക്ക് നടത്തിയത്. 1000 പേരെ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദേശീയ, ദേശാന്തര കോണ്‍ഫ്രന്‍സുകള്‍ വര്‍ഷത്തില്‍ പലതവണ കൊച്ചി കേന്ദ്രീകരിച്ചുനടന്നിരുന്നു. ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഹോട്ടല്‍ മുറികളും ടാക്സികളും മറ്റും കിട്ടാനില്ലാത്ത അവസ്ഥവരെ ഉണ്ടായിരുന്നു. രാജ്യത്തെ പ്രമുഖ നഗരങ്ങളുമായി മൈസ് ടൂറിസത്തിന്റെ കാര്യത്തില്‍ അതിശക്തമായ മല്‍സരം നടത്തിവരവേയാണ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചത്. കോവിഡ് മാറി മീറ്റിംഗുകളും കോണ്‍ഫ്രന്‍സുകളും തിരികെ വരാന്‍ വര്‍ഷങ്ങളെടുത്തേക്കുമെന്ന നിരാശയിലായിരുന്നു ഈ രംഗത്തുള്ളവരെല്ലാം ഇതേവരെ. എന്നാല്‍ ശാരീരിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചും കോണ്‍ഫ്രന്‍സുകള്‍ വിജയകരമായി നടത്താനാകുമെന്ന് വന്നതോടെ ഇ്ത്തരത്തിലുള്ള കൂടുതല്‍ പരിപാടികള്‍ കൊച്ചി കേന്ദ്രീകരിച്ച് നടത്താന്‍ ഈ മേഖലയിലുള്ളവര്‍ക്ക് അത്മവിശ്വാസം നല്‍കും. വിപുലമായ രീതിയില്‍ അത് സമീപകാലത്ത് സാ്ധ്യമായേക്കില്ല എങ്കിലും തുടക്കമിടാന്‍ കൊച്ചിക്ക് കഴിയുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ ഏകാഭിപ്രായക്കാരാണ്.
ആരോഗ്യരംഗത്തെ കരുത്ത് മുതല്‍ക്കൂട്ടാകും
കോവിഡിന്റെ കാലത്ത് ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള ശ്രദ്ധ നേടിയ കേരളത്തിന് കോവിഡാന്തരം ടൂറിസം മേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. ഇത്തരം അവസരങ്ങളെ ഏറ്റവും ആദ്യം പ്രയോജനപ്പെടുത്താന്‍ സധൈര്യം മുന്നോട്ട് വരുന്നവര്‍ക്കാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് എന്നിരിക്കേ കൊച്ചിയിലെ സംരംഭകര്‍ മുന്നിട്ടിറങ്ങണമെന്നും ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നു. കോവിഡ് ബാധിതരില്‍ മരണനിരക്ക് താരതമ്യേന കേരളത്തില്‍ കുറവാണ് എന്നതും വിദേശിയരെ ഉള്‍പ്പെടെ ചികില്‍സിച്ച് ഭേദപ്പെടുത്തിയ പാരമ്പര്യവും സംസ്ഥനത്തിന് ഈ രംഗത്തും മുതല്‍ക്കൂട്ടാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പണം കൂടുതല്‍ ചിലവഴിക്കും
വിനോദ സഞ്ചാരികളേക്കാള്‍ കൂടുതല്‍ പണം ചിലവഴിക്കുന്നവരാണ് കോണ്‍ഫ്രന്‍സ് ടൂറിസ്റ്റുകള്‍. ഒരു വിനോദസഞ്ചാരി പ്രതിദിനം 500 ഡോളര്‍ ചിലഴിക്കുമ്പോള്‍ കോണ്‍ഫ്രന്‍സ് ടൂറിസ്റ്റ് 1400-1500 ഡോളര്‍വരെ ചിലവഴിക്കുമെന്നാണ് കണക്ക്. ഇത്തരം സഞ്ചാരികളെ പങ്കെടുപ്പിച്ചുള്ള കോണ്‍ഫ്രന്‍സുകള്‍ നടത്തിത്തുടങ്ങാന്‍ ഇനിയും പല കടമ്പകളും കടക്കേണ്ടത് ഉണ്ടെങ്കിലും അതിന് തുടക്കമിടാന്‍ ചലച്ചിത്രോല്‍സവത്തിന്റെ നടത്തിപ്പ് വിത്തുപാകും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയില്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ കോണ്‍ഫ്രന്‍സ്-പ്രദര്‍ശന മേളയായിരുന്നു ചലച്ചിത്രോല്‍സവം. കേരളത്തിന്റെ നാല് നഗരങ്ങളിലാണ് അത് അരങ്ങേറുക. രണ്ടിടത്തേതാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. ആളുകള്‍ സിനിമകാണാനും വിനോദത്തിനുമായി പുറത്തിറങ്ങി എന്നതല്ല ഈ ചലച്ചിത്രമേളയെ ശ്രദ്ധേയമാക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുറത്തിറങ്ങുകയും സിനിമ കാണുകയും തിരികെ വീട്ടിലേക്കോ ഹോട്ടല്‍ മുറികളിലേക്കോ പോവുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചലച്ചിത്രോല്‍സവത്തില്‍ പങ്കെടുത്ത ആര്‍ക്കും തിയേറ്ററുകളില്‍ നിന്ന് കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ടില്ല എന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തന്നെ ചൂണ്ടിക്കാട്ടിയത്.
ചലച്ചിത്രമേള സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സക്രിയമാക്കി എന്നതും ഈ രംഗത്തുള്ളവര്‍ നേട്ടമായി എടുത്തുകാട്ടുന്നു. അഞ്ച് ദിവസങ്ങളായി 2500 ഓളം ഡെലിഗേറ്റുകളാണ് ആറ് തിയേറ്ററുകളിലായി സിനിമ കാണാന്‍ എത്തിയത്. ഇവര്‍ ശരാശരി ഭക്ഷണത്തിനും അനുബന്ധകാര്യങ്ങള്‍ക്കുമായി 1000 രൂപയോളം ഒരുദിവസം ചെലഴിച്ചതായി കണക്കാക്കിയാല്‍ തന്നെ ഈ ദിവസങ്ങളില്‍ കൊച്ചിയുടെ സാമ്പത്തിക മേഖലയില്‍ ക്രയവിക്രയം ചെയ്യപ്പെട്ടത് 1.5 കോടിയോളം രൂപയാണ്. മാസങ്ങളായി നിര്‍ജീവമായിരുന്ന ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍ തുടങ്ങി പെട്ടികടകളിലേക്ക് വരെയാണ് ഈ പണം വിനിമയം ചെയ്യപ്പെട്ടത്. ടാക്സി, ഓട്ടോ തുടങ്ങിയ മേഖലകളെയും ചലച്ചിത്രമേള സജീവമാക്കി.
Content Highlights: International Film Festival Of Kerala, boosts economy, Kochi City IFFK 2021