തലശ്ശേരി: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിരുവനന്തപുരത്തും കൊച്ചിയിലും സിനിമാപ്രേമികൾ ആവേശത്തോടെ വരവേറ്റ ചുരുളിക്ക് തലശ്ശേരിയിലും സമാനമായ അവസ്ഥ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിർമാണവും നിർവഹിച്ച ചുരുളി മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.

ബുധനാഴ്ച വൈകീട്ട് ചുരുളി പ്രദർശനം തുടങ്ങിയ ശേഷവും നിരവധിപേർ പ്രവേശനം പ്രതീക്ഷിച്ച് പുറത്തുണ്ടായിരുന്നു. റിസർവേഷൻ ചെയ്തിട്ട് വരാത്തവരുടെ സീറ്റിലായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, കാത്തുനിന്ന മിക്കവർക്കും നിരാശരായി മടങ്ങേണ്ടി വന്നു. സിനിമ തുടങ്ങിയശേഷം ചിലർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സിനിമ കാണാൻ കഴിയാത്ത ചിലർ പ്രവേശന കവാടത്തിലുള്ളവരോട് തട്ടിക്കയറി.

ലിബർട്ടി ലിറ്റിൽ പാരഡൈസിൽ ആകെയുള്ള 500 സീറ്റിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് 250 സീറ്റാണ് ചുരുളിക്ക് അനുവദിച്ചത്. ഒരു കുറ്റവാളിയെ പിടികൂടാനായി രണ്ട് പോലീസ് ഉദ്യോഗസ്ഥർ വേഷം മാറി കാടിനുള്ളിലെ കുഗ്രാമത്തിലേക്ക് കടക്കുന്നു. അവരുടെ ഓരോ ചുവടുവെപ്പിലും ദുരൂഹത നിറഞ്ഞ പലരും കടന്നുവരുന്നു. കാര്യങ്ങൾ സങ്കീർണമാവുന്നു. തെറ്റ് ശരിയായും ശരി തെറ്റായും മാറുന്നതാണ് ചുരുളിയുടെ ഇതിവൃത്തം.

ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കാണ് ചുരുളിയുടെ റിസർവേഷൻ തുടങ്ങിയത്. രണ്ടു മിനിട്ടിനകം റിസർവേഷൻ പൂർത്തിയായി. എട്ടേ രണ്ടിന് ശേഷം റിസർവേഷന് ശ്രമിച്ചവർ വെറുതെയായി. രണ്ടു മിനിട്ടിനകം റിസർവേഷൻ പൂർത്തിയാകുമോ എന്ന സംശയവും ആദ്യമായി മേളയ്ക്കെത്തിയ ചിലർ ചോദിച്ചു. തലശ്ശേരിയിൽ രണ്ടു മിനിട്ട്‌ ലഭിച്ചത് ഭാഗ്യമാണെന്നാണ് സംഘാടകരുടെ അഭിപ്രായം. തിരുവനന്തപുരത്ത് സെക്കൻഡുകൾക്കകം റിസർവേഷൻ പൂർത്തിയായി. ചുരുളി സൂപ്പറെന്ന് കണ്ടിറങ്ങിയവരുടെ അഭിപ്രായം. തലശ്ശേരിയിൽ 26-ന് ചുരുളിയുടെ ഒരു പ്രദർശനം കൂടിയുണ്ട്. ബുധനാഴ്ച കാണാൻ കഴിയാത്തവർക്ക് വെള്ളിയാഴ്ചത്തെ അവസരമാണ് അടുത്ത പ്രതീക്ഷ.

ബിരിയാണി

ചുരുളിക്ക് സമാനമായ അവസ്ഥയാണ് വ്യാഴാഴ്ച പ്രദർശിപ്പിക്കുന്ന ബിരിയാണിക്കും. ബുധനാഴ്ച രാവിലെ എട്ടിന് റിസർവേഷൻ തുടങ്ങി രണ്ടുമിനിട്ടിനകം റിസർവേഷൻ പൂർത്തിയായി. സജിൻബാബു സംവിധാനംചെയ്ത സിനിമ കാലിഡോസ്കോപ്പി വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. 224 സീറ്റുള്ള തിയേറ്ററിൽ 112 സീറ്റാണ് ബിരിയാണിയുടെ ആസ്വാകർക്ക് ലഭിച്ചത്. വാസന്തി, 1956-സെൻട്രൽ ട്രാവൻകൂർ, ഉദ്ഘാടന ചിത്രമായ ക്വോവാഡീസ് ഐഡ, ഡിയർ കോമ്രേഡ് എന്നിവയും ടിക്കറ്റ് റിസർവേഷൻ പെട്ടെന്ന് പൂർത്തിയായവയാണ്. തലശ്ശേരിയിലും ആരാധകർ പിന്നോട്ടല്ലെന്നതാണ് മേളയിലെ കാഴ്ചക്കാരുടെ സാന്നിധ്യം. ആദ്യമായെത്തിയ മേളയെ ആരാധകർ ഇരു കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ്.

Content Highlights: IFFK 2021 Kannur Churuli Movie, International Film Festival Of Kerala Thalassery edition