തലശ്ശേരി: തിരുവനന്തപുരത്തിന് മാത്രം പരിചിതമായ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മിനി പതിപ്പായി തലശ്ശേരിയില്‍ ചൊവ്വാഴ്ച തുടങ്ങിയ മേള. ആതിഥേയ ജില്ലയ്ക്ക് പുറമെ കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ പ്രതിനിധികള്‍ രാവിലെ മുതല്‍ തലശ്ശേരിയില്‍ വണ്ടിയിറങ്ങി.
മേള നടക്കുന്ന ആറു തിയേറ്ററുകളില്‍ അഞ്ചും ഒറ്റ കെട്ടിടസമുച്ചയത്തില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ പ്രേക്ഷകര്‍ക്കും സൗകര്യമായി. മഞ്ഞോടിയിലെ ലിബര്‍ട്ടി മൂവി ഹൗസ് മുഖ്യവേദിയില്‍നിന്ന് ഓട്ടോയില്‍ പോകേണ്ട ദൂരമേയുള്ളൂ. അതിനാല്‍ ഏറെ ദൂരം ഓടിപ്പായേണ്ടതില്ല. ചൊവ്വാഴ്ച രാവിലെയോടെയാണ് കൂടുതല്‍ പേരും പാസ് വാങ്ങാനെത്തിയത്. അതിനാല്‍ പലര്‍ക്കും ആദ്യ സിനിമ കാണാനായില്ല. ലിബര്‍ട്ടി മൂവിഹൗസില്‍ ആദ്യ പ്രദര്‍ശനത്തിന് വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. ചിത്രം വിരസമായിരുന്നു. 100 ശതമാനവും റിസര്‍വ് ചെയ്തവര്‍ക്കേ തിയേറ്ററിലേക്ക് അനുവാദമുള്ളൂ. തിയേറ്ററിനകം ഇടവിട്ട് കസേര ഒരുക്കിയിരുന്നു. തെര്‍മല്‍ സ്‌കാനിങ്ങിനുശേഷം റിസര്‍വേഷന്‍ പരിശോധിച്ച് വൊളന്റിയര്‍മാര്‍ ഓരോരുത്തരെയും സീറ്റുകളില്‍ ഇരുത്തി. അതിനാല്‍ തിക്കുംതിരക്കുമുണ്ടായില്ല. ഉദ്ഘാടനചിത്രമായ 'ക്വവാഡിസ് ഐഡ'യ്ക്ക് ചൊവ്വാഴ്ച രണ്ട് പ്രദര്‍ശനമുണ്ടായിരുന്നു. പ്രതിനിധികളുടെ പരാതികളും പരിഭവങ്ങളും മുഴങ്ങിക്കേട്ടില്ലെന്നത് സംഘാടകര്‍ക്കും ആശ്വാസമായി.
അന്താരാഷ്ട്രമത്സരവിഭാഗത്തിലും ലോകസിനിമാവിഭാഗത്തിലും ആറ് ചിത്രങ്ങള്‍ വീതം ബുധനാഴ്ച പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തിലുള്ള മലയാളചിത്രമായ ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ചുരുളി'യുടെ പ്രദര്‍ശനം 2.45-ന് ലിറ്റില്‍ പാരഡൈസില്‍ നടക്കും. ഇതിന്റെ റിസര്‍വേഷന്‍ ചൊവ്വാഴ്ച രാവിലെ തന്നെ പൂര്‍ത്തിയായി. സമകാലിക മലയാളസിനിമാവിഭാഗത്തില്‍ കെ.പി.കുമാരന്റെ 'ഗ്രാമവൃക്ഷത്തിലെ കുയില്‍' എന്ന ചിത്രവും സത്യജിത് റായ്, ജോണ്‍ ഏബ്രഹാം, സൗമിത്ര ചാറ്റര്‍ജി തുടങ്ങിയവര്‍ക്കുള്ള സ്മരണാഞ്ജലിയായി അവരുടെ ചിത്രങ്ങളും ബുധനാഴ്ചയുണ്ടാകും.
മേളയിലെ ഇന്നത്തെ ചിത്രങ്ങള്‍
ലിബര്‍ട്ടി സ്യൂട്ട്: രാവിലെ 9.15-ന് സ്‌നെയ്ഗു ജസ് നിഗ്ഡി നി ബെഡ്സി, 12-ന് കോസ, 2.15 മെമ്മറി ഹൗസ്, 4.30 ഒബ്സര്‍വര്‍ ലൈസ് എവ്സ്, 7.00 ചാരുലത.
ലിബര്‍ട്ടി ഗോള്‍ഡ്: 9.30-അഗ്രഹാരത്തില്‍ കഴുതൈ, 12.00 1956 മധ്യതിരുവിതാംകൂര്‍, 2.45 ഡൊമാങ്ചിന്‍ യെജോ, 5.00 ഇല്ലിറല്ലാറെ അലിഗെ ഹോഗലാരെ.
ലിറ്റില്‍ പാരഡൈസ്: 9.30 സാറ്റര്‍ഡെ ഫിക്ഷന്‍, 12.15 റൂം, 2.45 ചുരുളി, 6.00 ബിലേശ്വര്‍.
പാരഡൈസ്: മ്യൂസിക്കല്‍ ചെയര്‍, 1.30 ഗ്രാമവൃക്ഷത്തിലെ കുയില്‍, 4.15 നസിര്‍, 6.30 സീ യു സൂണ്‍.
മിനി പാരഡൈസ്: 11.00 സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍, സ്പ്രിങ്, 2.00 വീക്കെന്‍ഡ്, 4.30 ഗോദാര്‍ദുമായി സി.എസ്.വെങ്കിടേശ്വരന്റെ സംഭാഷണം(റെക്കോഡ് ചെയ്തത്).
മൂവി ഹൗസ്: 9.45 അണ്‍ഡൈന്‍, 12.00 നോവെയര്‍ സ്‌പെഷ്യല്‍, 2.45 ഹൈ ഗ്രൗണ്ട്, 5.30 ഡ്രക്.
Content Highlights: IFFK 2021 International Film Festival Of Kerala Thalassery edition, Churuli, madhya thiruvithamkoor