തലശ്ശേരി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തിന്റെ മുറ്റത്താണ് ഒരു സംഘം പ്രതിഷേധമുയര്‍ത്തിയത്. ഒരു സംഘടനയുടെയും പേരിലല്ല പ്രതിഷേധമെന്നും സിനിമാപ്രേമികളും വിദ്യാര്‍ഥികളുമടങ്ങിയ സൗഹൃദ കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

മേള നടക്കുന്ന ലിബര്‍ട്ടിയിലെ പ്രധാന കവാടത്തിന് ഇരുപുറവുംനിന്ന് കാപ്പന്റെ ചിത്രവും പ്ലക്കാര്‍ഡും ഉയര്‍ത്തി. പിന്നീട് ഓപ്പണ്‍ഫോറം നടക്കുന്ന വേദിയിലേക്ക് എത്തി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് സമരക്കാര്‍നിന്നു. പിന്നീട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമലുമായി സംസാരിച്ചു.

ന്യായമായ ആവശ്യത്തോട് ഒപ്പം നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു. നിങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തോട് വ്യക്തിപരമായി ഐക്യദാര്‍ഢ്യം ഉള്ളയാളാണ് താനെന്ന് കമല്‍ പ്രതിഷേധക്കാരെ അറിയിച്ചു. തുടര്‍ന്ന് പ്രധാന ഗേറ്റിനു സമീപം മുദ്രാവാക്യം വിളിച്ച ശേഷമാണ് സമരക്കാര്‍ പിരിഞ്ഞത്.

Content Highlights: Film Makers and students demand release of siddique kappan at IFFK 2021, Thalassery Edition