പാലക്കാട്: അന്താരാഷ്ട്രചലച്ചിത്രോത്സവം ഇത്തവണ തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഈ ഡോക്ടർ ദമ്പതിമാർ. കടമ്പഴിപ്പുറത്തുനിന്ന് മേളയ്ക്കെത്തുന്ന ദന്തഡോക്ടർമാരായ കെ.എസ്. അജിത്തും ദീപ്തിയും. ഒരു വാഹനാപകടത്തെത്തുടർന്ന് ചക്രക്കസേരയിൽ ജീവിതമെത്തിയെങ്കിലും സിനിമയോടുള്ള പ്രണയം അജിത്ത് കൈവിട്ടിട്ടില്ല. ദീപ്തിക്കും സിനിമയോട് അത്രമേൽ ഇഷ്ടമാണ്. അതിനാൽ ഒരു തീർഥയാത്രയെന്നപോലെ ഇരുവരും എല്ലാവർഷവും ഐ.എഫ്.എഫ്.കെ. തിരുവനന്തപുരത്ത് നടക്കുമ്പോൾ വണ്ടി കയറും.

''ഞങ്ങൾ രണ്ടുപേരും തിരുവനന്തപുരം ഡെന്റൽ കോളേജിൽ പഠിക്കുന്ന സമയത്ത് ഐ.എഫ്.എഫ്.കെ.യുടെ ഭാഗമായി തുടങ്ങിയതാണ്. സുഹൃത്തുക്കളും കൂടെയുണ്ടാകും.''- ഡോ. അജിത്ത് പറഞ്ഞു.

എന്റെ ജൂനിയറായിരുന്നു ദീപ്തി. സിനിമയോടുള്ള ഇഷ്ടമാണ് ഞങ്ങളെ അടുപ്പിച്ചത്. ക്രമേണ അത് പ്രണയമായി. പിന്നീട് ദീപ്തി ജീവിതസഖിയുമായി.

2017 ഫെബ്രുവരി 19-ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെയുള്ള അപകടമാണ് എന്നെ വീൽ ചെയറിലാക്കിയത്. നട്ടെല്ലിനേറ്റ ക്ഷതമാണ് ഇപ്പോഴത്തെ അവസ്ഥയിലാക്കിയത്.'' -അജിത്ത് തുടർന്നു.

''ഞങ്ങൾ രണ്ടുപേരും ചേർന്ന് കടമ്പഴിപ്പുറത്ത് ക്ലിനിക് നടത്തുകയാണ്.

അന്താരാഷ്ട്രചലച്ചിത്രോത്സവത്തിൽ എന്നും ഉച്ചയ്ക്കെത്തി രണ്ട് സിനിമകൾ വീതം കണ്ടുമടങ്ങുകയാണ്.'' -ദീപ്തി പറഞ്ഞു.

Content highlights :ajith and deepthi couples reach iffk 2021 in palakkad edition