പാലക്കാട്: ഇരുപത് രാപകലുകൾ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടൻ മണ്ണിൽ കൊടിയിറക്കം. വിവിധ മേളകളിൽ പ്രേക്ഷകപ്രീതി നേടിയതും ഓസ്കാർ നോമിനേഷൻ ലഭിച്ചതുമായ ചിത്രങ്ങൾ ഉൾെപ്പടെ 80 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ വൈഫ് ഓഫ് എ സ്പൈ ,ദ മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, ക്വാ വാഡിസ് ഐഡ, ഡിയർ കോമ്രേഡ്സ്, റോം തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകഹൃദയം കവർന്നു. ചുരുളി, ഹാസ്യം, ബിരിയാണി തുടങ്ങിയ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധനേടി.

വെള്ളിയാഴ്ച വൈകിട്ട് ആറിന് പ്രിയ തിയേറ്ററിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനാകും.

ചടങ്ങിൽ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ അവാർഡുകൾ പ്രഖ്യാപിക്കും. അക്കാദമി നിർവാഹകസമിതി അംഗങ്ങളായ സിബി മലയിൽ, വി.കെ. ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും. സമാപനസമ്മേളനത്തിനുശേഷം മത്സരവിഭാഗത്തിൽ സുവർണചകോരത്തിന് അർഹമാകുന്ന ചിത്രം പ്രദർശിപ്പിക്കും. അഞ്ച് തിയേറ്ററുകളിലായി 19 ചിത്രങ്ങളാണ് പാലക്കാട്ടെ മേളയുടെ അവസാനദിവസത്തിൽ പ്രദർശനത്തിനുള്ളത്.

സിനിമാപ്പാച്ചിൽ

പാലക്കാട്: മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രങ്ങളെല്ലാം കാണാനുള്ള ഓട്ടത്തിലായിരുന്നു വ്യാഴാഴ്ച സിനിമാപ്രേമികൾ. മത്സര വിഭാഗത്തിലെ ചുരുളി, ഹാസ്യം എന്നീ ചിത്രങ്ങൾക്കൊപ്പം ലോകസിനിമകളുടെ രണ്ടാമത്തെ പ്രദർശനത്തിനും ഗംഭീര വരവേല്പ് നൽകി.

സനൽകുമാർ ശശിധരൻ തിരക്കഥയെഴുതി സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച് മഞ്ജുവാര്യർ വേഷമിട്ട കയറ്റമെന്ന ചിത്രവും പ്രദർശിപ്പിച്ചു. മലയാളസിനിമ ഇന്ന് വിഭാഗത്തിലാണ് ചിത്രമെത്തിയത്. ഒരുകൂട്ടം അപരിചിതരുടെ ആവേശകരമായ ഹിമാലയൻ മലകയറ്റത്തിൽ നിഗൂഢകഥ അനാവരണം ചെയ്യുന്നു. അഹർസംസ എന്ന ഭാഷയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അഹർ സംസയിലുള്ള 10 പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥപറയുന്നു. ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിച്ച ഉബർട്ടോ പസോളിനിയുടെ നോവേർ സ്‌പെഷ്യല്‍, മത്സരവിഭാഗത്തിൽ വിയറ്റ് നാം ചിത്രം ‘ റോം’ , പലസ്തീൻ കുടുംബത്തിന്റെ കഥ പറഞ്ഞ 200 മീറ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകർ ഹൃദയത്തിലേറ്റി.

Content Highlights : 25th IFFK to conclude today at Palakkad