തലശ്ശേരി: ആസ്വാദർക്ക് ദൃശ്യവിസ്മയം പകർന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഐ.എഫ്.എഫ്.കെ.) ത്തിന്റെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും. ഇനി അഞ്ചുനാൾ ഏഴുനിറമുള്ള ലോകത്തിന്റെ ജീവിതസ്പന്ദനങ്ങൾക്ക് 1500 കലാപ്രേമികൾ തിരശ്ശീലയ്ക്ക് മുമ്പാകെ സാക്ഷിയാകും.
ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ബാലൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. കഥാകൃത്ത് ടി. പത്മനാഭൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എ.എൻ. ഷംസീർ എം.എൽ.എ., ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, നിർമാതാക്കളായ പി.വി. ഗംഗാധരൻ, ലിബർട്ടി ബഷീർ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. സാഹിത്യകാരന്മാരായ എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, ചലച്ചിത്രകാരന്മാരായ കെ.പി. കുമാരൻ, ടി.വി. ചന്ദ്രൻ, ഹരിഹരൻ, രഞ്ജിത്ത് എന്നിവർ ഓൺലൈനിൽ ആശംസകൾ നേരും.
എ.വി.കെ. നായർ റോഡിലെ ലിബർട്ടി തിയേറ്റർ സമുച്ചയമാണ് മുഖ്യവേദി. മഞ്ഞോടിയിലെ ലിബർട്ടി മൂവി ഹൗസിലും പ്രദർശനമുണ്ടാകും. മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ചുരുളി, ഹാസ്യം എന്നിവയടക്കം 14 ചിത്രങ്ങളുണ്ടാകും. സമകാലിക ലോകസിനിമാ വിഭാഗത്തിൽ 22 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മലയാള സിനിമ ഇന്ന് വിഭാഗത്തിൽ 12-ഉം ഇന്ത്യൻ സിനിമാവിഭാഗത്തിൽ ഏഴും ചിത്രങ്ങൾ പ്രദർശിപ്പിക്കും. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലുള്ളവർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്തവർക്കുള്ള സൗജന്യ ആന്റിജൻ പരിശോധന ടൗൺഹാളിൽ ചൊവ്വാഴ്ച വരെയുണ്ടാകും. ഫോട്ടോ പ്രദർശനം, ഓപ്പൺ ഫോറം എന്നിവയും ഒരുക്കിയിട്ടുണ്ട്.
സീറ്റ് റിസർവേഷൻ തുടങ്ങി
ചലച്ചിത്ര മേളയിൽ സിനിമകളുടെ സീറ്റ് റിസർവേഷൻ തുടങ്ങി. 'regitstration.iffk.in'എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാദമിയുടെ 'IFFK' എന്ന ആപ്പ് വഴിയുമാണ് റിസർവേഷൻ. ചിത്രങ്ങളുടെ പ്രദർശനത്തിനും ഒരുദിവസം മുൻപ് റിസർവേഷൻ അനുവദിക്കും. രാവിലെ എട്ടുമുതൽ പ്രദർശനത്തിന് ഒരുമണിക്കൂർ മുൻപ് വരെ സീറ്റുകൾ റിസർവ് ചെയ്യാം. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പർ ഇ-മെയിലായും എസ്.എം.എസ്. ആയും പ്രതിനിധികൾക്ക് കിട്ടും.
Content Highlights : 25th IFFK Thalassery edition from february 23 to 27