തലശ്ശേരി: അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താൻ ചലച്ചിത്ര അക്കാദമി ആദ്യം പരിഗണിച്ചത് കോഴിക്കോട്. ഉദ്ദേശിച്ച തിയേറ്ററുകൾ കോഴിക്കോട് ലഭിക്കാതെവന്നപ്പോൾ അടുത്ത വേദിയെക്കുറിച്ചുള്ള ആലോചനയാണ് തിയേറ്റർ സൗകര്യമുള്ള തലശ്ശേരിക്ക് തുണയായത്. മേള നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ കോഴിക്കോട്, കൈരളി, ശ്രീ എന്നീ തിയേറ്ററുകളുടെ നിർമാണം പൂർത്തിയായിരുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.
ആറ് തിയേറ്ററുകൾ ലഭിക്കുകയാണെങ്കിൽ മേള കോഴിക്കോട്ട് നടത്താനാണ് അക്കാദമി ആഗ്രഹിച്ചിരുന്നത്. മേള നടത്താൻ കണ്ണൂരും പരിഗണിച്ചെങ്കിലും തിയേറ്ററുകളുടെ എണ്ണക്കുറവ് കണ്ണൂരിനും തടസ്സമായി. അതോടെയാണ് തിയേറ്റർ കോംപ്ലക്സുള്ള പൈതൃക നഗരമായ തലശ്ശേരിയിൽ മേള നടത്താൻ തീരുമാനിച്ചത്.
1200 പേർക്ക് സൗകര്യമുള്ള ലിബർട്ടി തിയേറ്റർ കോംപ്ലക്സും ഒപ്പം ലിബർട്ടി മൂവി ഹൗസും തലശ്ശേരിയിൽ മേള നടത്താൻ വഴിയൊരുക്കി.
ഒരുക്കം പൂർത്തിയായി
രാജ്യാന്തര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. ബുധനാഴ്ച രാവിലെ പ്രദർശനം തുടങ്ങും. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് കേരള (ഐ.എഫ്.എഫ്.കെ)യുടെ 25 വർഷത്തെ ചരിത്ര പ്രദർശനം ബുധനാഴ്ച രാവിലെ 11-ന് കഥാകൃത്ത് എം.മുകുന്ദൻ ഉദ്ഘാടനംചെയ്യും. മേളയുടെ ഭാഗമായി 24 മുതൽ 26 വരെ ഓപ്പൺ ഫോറമുണ്ടാകും. 24-ന് പ്രാദേശിക ചലച്ചിത്രമേളകൾ. 25-ന് ഒ.ടി.ടി. പ്ളാറ്റ് ഫോറവും സർക്കാർ നിയന്ത്രണവും, 26-ന് മലയാള സിനിമയ്ക്ക് ഐ.എഫ്.എഫ്.കെ.യുടെ സംഭാവന എന്നിവ ചർച്ചചെയ്യും.
Content Highlights : 25th IFFK Thalassery Edition Arrangements Theatres Schedules