പാലക്കാട്: നാടകത്തിന്റെ രംഗഭാഷ്യങ്ങൾ അനുജനും സിനിമയുടെ വ്യാകരണം ജ്യേഷ്ഠനും സംഭാവനചെയ്തപ്പോഴാണ് 2019-ലെ സംസ്ഥാനപുരസ്കാരം നേടിയ ‘ വാസന്തി’ യുെട പിറവി. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയവും സംവിധാനവും പഠിച്ചിറങ്ങിയ സജാസ് റഹ്മാന്റെ മനസ്സിൽ നിറയെ സിനിമാമോഹമായിരുന്നു. വീഡിയോ എഡിറ്ററായ ഷിനോസ് റഹ്മാനുമായി ചേർന്നപ്പോൾ തിരക്കഥയെഴുതാനുള്ള ധൈര്യം കിട്ടി.

അങ്ങനെ 2014-ൽ അവരുടെ ആദ്യസിനിമ ‘ കളിപ്പാട്ടക്കാർ’ വെള്ളിത്തിരയിലെത്തി. വീണ്ടും ഒരുസിനിമ ആലോചിച്ചപ്പോഴാണ് വാസന്തിയിലേക്കെത്തുന്നത്. മൂന്നാമത്തെ പേരിടാത്തസിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാണ് ഇവർ ഐ.എഫ്.എഫ്.കെ.യുടെ പാലക്കാട് പതിപ്പിൻറെ ഭാഗമായി എത്തിയത്.

‘ തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും മേള നടക്കുമ്പോൾ സിനിമാചിത്രീകരണത്തിരക്കിലായതിനാൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ഞങ്ങൾ പങ്കെടുക്കുന്ന ആദ്യ ഐ.എഫ്.എഫ്.കെ.യാണ്.’ ജ്യേഷ്ഠൻ ഷിനോസ് റഹ്മാൻ പറഞ്ഞുതുടങ്ങി. വാസന്തിയ്ക്ക് ഇത്രയേറെ സ്വീകരണമുണ്ടെന്ന് അടുത്തറിയാൻ കഴിഞ്ഞപ്പോൾ വലിയ സന്തോഷമുണ്ടെന്ന് ഇരുവരും ഒരേസ്വരത്തിൽ പറയുന്നു.

സ്വാസികയും സിജു വിത്സണും ശബരീഷുമെല്ലാം ഞങ്ങളുടെ സുഹൃത്തുക്കളാണ്. അങ്ങനെ എല്ലാവരും ചേർന്ന് രസകരമായി വാസന്തി ഒരുക്കുകയായിരുന്നു.

നോട്ടുനിരോധനം വന്നപ്പോഴാണ് വാസന്തിയുടെ ആദ്യജോലികൾ തുടങ്ങിയത്. പിന്നെ പല ഘട്ടങ്ങളിലായാണ് സിനിമ പൂർത്തിയാക്കിയത്. നാടകവും സിനിമയും സമന്വയിപ്പിച്ചൊരു സിനിമയുടെ കഥയ്ക്കുപിന്നിലും വലിയൊരു സൗഹൃദത്തിന്റെ കഥയുണ്ടെന്നും ഇവർ പറയുന്നു.

Content Highlights : 25th IFFK State award winning movie Vasanthi directed by Shinos and Shajas Rahman Starring Swasika Siju Wilson