കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അക്കാദമി നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25-ാമത് ഐ.എഫ്.എഫ്.കെ.യുടെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും.
മന്ത്രി എ.കെ.ബാലൻ മേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുമെന്ന് അക്കാദമി ചെയർമാൻ കമൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ലിബർട്ടി ലിറ്റിൽ പാരഡൈസിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി.പത്മനാഭൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ., തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി സി.അജോയ്, സംഘാടകസമിതി ജനറൽ കൺവീനർ പ്രദീപ് ചൊക്ളി തുടങ്ങിയവർ പങ്കെടുക്കും. അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ വി.കെ.ജോസഫ്, പ്രദീപ് ചൊക്ലി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനംചെയ്ത ബോസ്നിയൻ ചിത്രം 'ക്വോ വാഡിസ്, ഐഡ?' പ്രദർശിപ്പിക്കും. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ആവിഷ്കരിക്കുന്ന ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 46 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മത്സരവിഭാഗത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി', ജയരാജിന്റെ 'ഹാസ്യം' എന്നീ രണ്ടു മലയാളചിത്രങ്ങൾ ഉൾപ്പെടെ ആകെ 14 ചിത്രങ്ങളാണുള്ളത്.
പ്രതിനിധിവിഭാഗം ഉദ്ഘാടനം ചെയ്തു
തലശ്ശേരി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രതിനിധി വിഭാഗം ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ എ.എൻ.ഷംസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആമുഖഭാഷണം നടത്തി. പ്രദീപ് ചൊക്ലി, വി.കെ.ജോസഫ്, സി.മോഹനൻ, ജിത്തു കോളയാട് എന്നിവർ സംസാരിച്ചു. ആദ്യപാസ് എ.എൻ.ഷംസീർ എം.എൽ.എ. തിരക്കഥാകൃത്തും എഴുത്തുകാരനുമായ എൻ.ശശിധരന് കൈമാറി.
250 പേർ കോവിഡ് പരിശോധന നടത്തി
:ചലച്ചിത്രോത്സവത്തിന് രജിസ്റ്റർ ചെയ്തവർക്കുള്ള കോവിഡ് പരിശോധന തലശ്ശേരി ടൗൺഹാളിലെ നാല് കൗണ്ടറുകളിലായി തുടങ്ങി.
അക്കാദമി ഒരുക്കിയ സൗജന്യ പരിശോധനയ്ക്ക് 250 പേർ എത്തി. നാലുപേർ കോവിഡ് പോസിറ്റീവായി. എ.വി.കെ.നായർ റോഡിലെ ലിബർട്ടി തിയേറ്റർ സമുച്ചയത്തിലെ രണ്ട് കൗണ്ടറുകളിലൂടെ 183 പാസുകൾ വിതരണം ചെയ്തു.
ചൊവ്വാഴ്ച വരെ രാവിലെ 10 മുതൽ അഞ്ചുവരെ പരിശോധനയുണ്ടാകും. ആകെ 1500 പ്രതിനിധികൾക്കാണ് അവസരം. തെർമൽ സ്കാനിങ് നടത്തിയശേഷം മാത്രമാണ് തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുക. സാമൂഹികാകലം പാലിച്ച് ഒന്നിടവിട്ട സീറ്റുകളിലാണ് പ്രവേശനം.
എം.ടി.ക്കും ടി.പത്മനാഭനുംമുകുന്ദനും പാസ് നൽകി
:അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള പ്രതിനിധി പാസ് സാഹിത്യകാരന്മാരായ എം.ടി.വാസുദേവൻ നായർ, എം.മുകുന്ദൻ, ടി.പത്മനാഭൻ എന്നിവർക്ക് നൽകി. ടി.പദ്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തി അക്കാദമി ചെയർമാൻ കമൽ, അംഗങ്ങളായ പ്രദീപ് ചൊക്ലി, വി.കെ.ജോസഫ് എന്നിവരാണ് നൽകിയത്. പള്ളൂരിലെ എം.മുകുന്ദന്റെ വീട്ടിലെത്തി പാസ് കൈമാറി. എം.ടി.യുടെ കോഴിക്കോട്ടെ വീട്ടിൽ സംവിധായകൻ സിബി മലയിലാണ് പാസ് നൽകിയത്. 23 മുതൽ 27 വരെ തലശ്ശേരിയിലാണ് ചലച്ചിത്രോത്സവം.
Content Highlights : 25th IFFK Kannur edition 23 to 27 february thalassery