പാലക്കാട്: നിരവധി കമൽചിത്രങ്ങളിൽ സുന്ദരക്കാഴ്ചകൾ പകർത്തിയ ചായാഗ്രാഹകരാണ് പി. സുകുമാറും വേണുഗോപാലും. ഐ.എഫ്.എഫ്.കെ.യുടെ പാലക്കാടൻ പതിപ്പിൽ കമലിനൊപ്പം ആദ്യന്തം വേണുഗോപാലുണ്ട്. ഐ.എഫ്.എഫ്.കെ.യുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ പ്രൊജക്ഷൻ സംവിധാനങ്ങൾ പരിശോധിച്ച് കൃത്യതവരുത്തുന്നത് വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

വ്യാഴാഴ്ചരാവിലെ പി. സുകുമാറും ഐ.എഫ്.എഫ്.കെ. പാലക്കാടൻ പതിപ്പിൻറെ ഭാഗമാകാനെത്തി. കൊല്ലങ്കോട്ടുകാരനായ പി. സുകുമാർ തന്റെനാട്ടിൽ ഐ.എഫ്.എഫ്.കെ. എത്തിയതിന്റെ സന്തോഷം മറച്ചുവെക്കാതെ പറഞ്ഞു. ചലച്ചിത്രമേളയ്ക്ക് യുവാക്കളിൽനിന്ന് വലിയ പങ്കാളിത്തം കാണുന്പോൾ സത്യത്തിൽ അത്ഭുതമാണ്. സിനിമ മുന്നോട്ടുപോകുമെന്നുള്ള പോസിറ്റീവായ സൂചനയാണിത്.

‘ ‘ എന്റെ സിനിമകളിൽ ഞാൻ എന്ത് മനസ്സിൽക്കാണുന്നുവോ അതിനുമുകളിൽ തരാൻ സുകുവിന്റെയും വേണുവിന്റെയും ഛായാഗ്രഹണത്തിന് കഴിഞ്ഞിരുന്നു. ചില സീനുകൾ ചിത്രീകരിക്കുമ്പോൾ എനിക്കെന്താണ് വേണ്ടതെന്ന് പറയാതെ അവർക്ക് ഒരുക്കാനും കഴിഞ്ഞിരുന്നു. രണ്ടുപേരും ചിത്രീകരിച്ച സിനിമകൾ വർണങ്ങളുടെ പുതുലോകമാണ് സമ്മാനിച്ചത്’ ’ -കമൽ പറഞ്ഞു.

സിനിമകളെ ഇത്രയേറെ സ്നേഹിക്കുന്ന പുതുതലമുറയെ കണ്ടപ്പോൾ സിനിമയ്ക്ക് ഒരു ഉണർവുണ്ടെന്നുതന്നെയാണ് അഭിപ്രായമെന്ന് വേണുഗോപാലും വ്യക്തമാക്കി.

Content Highlights :25th IFFK Director Kamal Cinematographers P Sukumar And Venugopal