താരസംഘടനയായ അമ്മയില്‍ താന്‍ അംഗമായിരിക്കുന്നിടത്തോളം കാലം അതു തന്റെ കൂടി സംഘടനയാണെന്നും തനിക്കു പൂര്‍ണ പിന്തുണ നല്‍കുമെന്നും നടന്‍ ഷെയ്ന്‍ നിഗം. 24ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെത്തി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഷെയ്ന്‍.

ഷെയ്‌നിന്റെ വാക്കുകള്‍

'നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയം. ഒത്തു തീര്‍പ്പിനു പോകുമ്പോ അവിടെ എന്താ സംഭവിക്കുന്നത്.. അവിടെ കൊണ്ടിരുത്തും. നമ്മുടെ ഭാഗം കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലിരുന്നു പറയും. പറയുന്നതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. അനുസരിച്ചു കഴിഞ്ഞ് കൂടിപ്പോയാല്‍ നിങ്ങള്‍ പ്രസ് മീറ്റില്‍ കാണുന്നതു പോലെ ഖേദമറിയിക്കും. അതുംകഴിഞ്ഞ് സെറ്റിലെത്തും. എന്നെ നിര്‍മാതാവല്ല ബുദ്ധിമുട്ടിച്ചത്. ആ സെറ്റിലെ ക്യാമറാമാനും സംവിധായകനുമാണ്. ഇതിനൊക്കെ എനിക്കും തെളിവുകളുണ്ട്. ഞാന്‍ എവിടെയും വന്നു പറയാന്‍ തയ്യാറുമാണ്.' - ഷെയ്ന്‍ പറഞ്ഞു.

സംഘടനയുടെ പിന്തുണയുണ്ടാകുമെന്ന് തനിക്കുറപ്പുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു. 'തീര്‍ച്ചയായും.. എന്റെ സംഘടനയല്ലേ.. എന്നെ സപ്പോര്‍ട്ട് ചെയ്യും..' ന്യൂ വണ്‍ തീയേറ്ററില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് കാണാനെത്തിയതാണ് ഷെയ്ന്‍.

Content Highlights : shane nigam about controversy at iffk 2019