രാജ്യാന്തര ചലച്ചിത്ര മേളയില്‍ ടാഗോര്‍ തിയേറ്ററിന് സമീപത്ത് വ്യത്യസ്തമായൊരു പേരില്‍ കുലുക്കി സര്‍ബത്ത് വില്‍ക്കുന്ന ഒരു കടയുണ്ട്. 'ആണൊരുത്തിയുടെ കുലുക്കി കട'. നാദിറ മെഹ്‌റിന്‍ എന്ന വിദ്യാര്‍ഥിനിയുടെ കടയാണ് ഇത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രതിനിധിയായ നാദിറ വ്യത്യസ്ത ജെന്‍ഡറുകളുടെ ഒരുമിക്കലിനെ സൂചിപ്പിക്കാനാണ് ഈ പേര് തന്റെ സംരംഭത്തിന് നല്‍കിയിരിക്കുന്നത്.

ചലച്ചിത്ര മേളയ്‌ക്കെത്തുന്ന പ്രതിനിധികള്‍ക്ക് സര്‍ബത്ത് കുടിക്കാനും വഴിയോരത്ത് നിന്നുള്ള സിനിമാ ചര്‍ച്ചകള്‍ക്കുമുള്ള ഇടമാണ് ആണൊരുത്തിയുടെ കട. യൂണിവേഴ്‌സിറ്റി കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് നാദിറ. സര്‍ബത്ത് കട നടത്തുന്നതിനാലും കോളേജില്‍ പരീക്ഷ അടുത്തിരിക്കുന്നതിനാലും നാദിറയ്ക്ക് ഇക്കൊല്ലം ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തന്റെ മേളക്കെത്തിയ കൂട്ടുകാരില്‍ നിന്ന് സിനിമാ വിശേഷങ്ങള്‍ നാദിറ അറിയുന്നുണ്ട്.

രാഷ്ട്രീയസാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നാദിറ എഐഎസ്എഫ് ജില്ലാ കമ്മറ്റി അംഗവും വനിതാ കമ്മിറ്റിയുടെ സംസ്ഥാന അംഗവുമാണ്. ക്യൂര്‍ റിഥം ഡയറക്ടര്‍ ബോര്‍ഡ് അംഗമായ നാദിറ യൂണിവേഴ്‌സിറ്റി കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ കോഴ്‌സ് പഠിക്കുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥിയാണ്.

Content Highlights: iffk 2019 transgender selling sarbath near tagore theatre