ബോബി-സഞ്ജയിന്റെ രചനയില്‍ നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ഉയരെ ആരും പറയാത്തൊരു കഥയുമായാണ് തിയ്യറ്ററുകളിലെത്തിയത്. പത്രവാര്‍ത്തകളില്‍ നാം ധാരാളം കേള്‍ക്കുന്ന സംഭവപരമ്പരകള്‍, അതിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍, അവരോടുള്ള സമൂഹത്തിന്റെ പ്രതികരണങ്ങളും നിലപാടുകളും ഒപ്പം ബന്ധങ്ങളിലെ സങ്കീര്‍ണതകളും ചര്‍ച്ച ചെയ്യുന്ന ചിത്രം മലയാളത്തിന് നായികാ പ്രാധാന്യമുള്ള ചിത്രങ്ങളുണ്ടാവുന്നില്ലെന്ന പരാതിക്കൊരു മറുപടി കൂടിയാവുന്നു.

പല്ലവി എന്ന കഥാപാത്രത്തെ നായികയായെത്തിയ പാര്‍വ്വതി ഉള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നു. ഗ്ലാമര്‍ ഒട്ടുമില്ലാത്ത വേഷം സധൈര്യം സ്വീകരിച്ച ഈ അഭിനേത്രിയുടെ കരിയര്‍ ഉയരങ്ങളിലേക്കാണെന്ന് ഈ ചിത്രം അടിവരയിടുന്നു.

ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പല്ലവിയുടെ അതിജീവനത്തിന്റെ കഥയാണെന്ന് ഒറ്റവാക്കില്‍ ഈ ചിത്രത്തെ പറ്റി പറയാം. എന്നാല്‍ അതോടൊപ്പം സൗന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളെയും മുന്‍ധാരണകളേയും പൊളിച്ചെഴുതാനുള്ള ശ്രമം കൂടിയാണ് ഉയരെ. സാധാരണക്കാര്‍ക്ക് പരിചയമില്ലാത്ത പൈലറ്റ് പരിശീലനത്തിന്റെയും കോക്പിറ്റിനുള്ളിലെ ലോകത്തിന്റെയും ഒരു ചിത്രവും പ്രേക്ഷകന് ലഭിക്കും.

പാര്‍വ്വതിയുടെ കഥാപാത്രം നെഗറ്റീവായ ചില ചിന്തകളിലേക്ക് വീണുപോവുമ്പോള്‍ പോസിറ്റീവ് എനര്‍ജി നിറച്ച് അവളെ ഉയരങ്ങളിലേക്ക് കൂട്ടികൊണ്ടുപോവുന്ന ടൊവീനോയുടെ വിശാല്‍ രാജശേഖരനും മനസില്‍ നിന്ന് മായാതെ നില്‍ക്കും. ആസിഫ് അലി, സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി തുടങ്ങിയവരും തങ്ങളുടെ വേഷം മികച്ചതാക്കി. സംയുക്തമേനോനും അതിഥിതാരമായി എത്തുന്നുണ്ട്. 

ബോബി-സഞ്ജയിന്റെ തിരക്കഥ, മുകേഷ് മുരളീധരന്റെ ഛായാഗ്രഹണം, മഹേഷ് നാരായണന്റെ എഡിറ്റിങ്, സുബി ജോഹല്‍ രാജീവ്സുബ്ബ എന്നിവരുടെ മേക്കപ്പ്, റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍, ഗോപീസുന്ദറിന്റെ സംഗീതം, എന്നിങ്ങനെ എല്ലാ ഘടകങ്ങളേയും മികച്ചതാക്കി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു എന്നു നിസംശയം പറയാം. 

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി ഗംഗാധരന്‍ അവതരിപ്പിക്കുന്ന ചിത്രം എസ് ക്യൂബിന്റെ ബാനറില്‍ അദ്ദേഹത്തിന്റെ മക്കളായ ഷെനുഗ, ഷെഗ്‌ന,ഷെര്‍ഗ,എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഒരു സ്ത്രീസംരംഭത്തില്‍ ഒരുങ്ങിയ ചിത്രം സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്നതും അവരിലെ ഹീറോയിനിസം വ്യക്തമാക്കുന്നതായതും നീതിയായെന്നും പറയാം. ലോക പൈലറ്റ് ദിനമായ ഏപ്രില്‍ 26 ന് ചിത്രം തിയ്യറ്ററിലെത്തിച്ചതും ഉചിതമായി.

Content Highlights : Uyare Movie review Parvathy Asif Ali Tovino Manu Ashok bobby sanjay Uyare Movie