ധുനികവത്കരണം സാധാരണക്കാരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമില്ലാത്ത ചില മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം മരണവും ജീവിതവും ഒന്നിച്ചുള്ള യാത്രയെയും ദൃശ്യവത്കരിച്ചിരിക്കുന്ന  ചിത്രമാണ് മേറ്റി ഡൂ സംവിധാനം ചെയ്ത ദി ലോങ്ങ് വാക്ക്. 

50  വർഷം മുന്നോട്ടുള്ള  കാലഘട്ടത്തില്‍ ജീവിക്കുന്ന പേര് വെളിപ്പെടുത്താത്ത  ഒരു മധ്യവയസ്‌കനിലൂടെയാണ് കഥ തുടങ്ങുന്നത്. ഈ ഭാവികാലത്തു തന്നെയാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നതും അകാലത്തില്‍ തന്നെ വിട്ടുപോയ അമ്മയുടെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇനിയും മോചിതനായിട്ടില്ല ഇയാള്‍.

ഒരു വ്യക്തിയുടെ സകല കാര്യങ്ങളും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഒരു കാലത്ത് അതിനായി കയ്യില്‍ ഘടിപ്പിച്ച  ചിപ്പുകളിലൂടെയാണ് ഇയാളുടെ ദൈന്യം ദിന കാര്യങ്ങള്‍ നടക്കുന്നത്.  എന്നാല്‍ ആധുനിക വത്കരണത്തിന്റെ കാലത്തും പഴയ വണ്ടിയുടെ ഭാഗങ്ങള്‍ കടയില്‍ കൊണ്ട്  പോയി കൊടുത്തു  ജീവിതം കഴിക്കുന്ന ഇയാളിലൂടെ സാധാരണക്കാരനെ പരിഗണനയില്‍ ഉള്‍പ്പെടുത്താതെ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയാണ് സംവിധായക. മറ്റൊരവസരത്തില്‍ കൃഷിക്കായി ട്രാക്ടര്‍ ചോദിച്ച കര്ഷകന് വീട്ടില്‍ സോളാറിന്റെ വൈദ്യുതി പാനല്‍ വച്ച് കൊടുക്കുന്ന സര്‍ക്കാരിനെയും  കാണിക്കുന്നുണ്ട്. ഒരു നേരം ഭക്ഷണത്തിനു വകയില്ലാത്ത തനിക്കെന്തിനാണ് വൈദ്യുതി എന്ന് അയാള്‍ ചിന്തിക്കുന്നിടത്തും സര്‍ക്കാരിനെ പരിഹസിക്കുന്നുണ്ട് സംവിധായിക .

മരിച്ചു പോയവരുമായി സംസാരിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഈ  മധ്യവയസ്‌കന്‍. അതിലൊരു ആത്മാവ് ഇയാള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ തുടങ്ങിട്ടും ഏതാണ്ട് അമ്പതു വർഷം തന്നെ ആയി.. ഇവിടെനിന്നും ഇയാളുടെ ഇന്നത്തെ കാലത്തേക്കാണ് സംവിധായിക  പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇപ്പോള്‍ ഇയാളൊരു കുട്ടിയാണ്, അസുഖബാധിതയായ അമ്മയെ പരിപാലിക്കാന്‍ കഷ്ടപ്പെടുന്ന, അമ്മയുടെ വേദന കണ്ടു നില്‍ക്കാനാകാത്ത അമ്മയുടെ ആസന്ന മരണം ഭാവിയില്‍ തീരാത്ത കുറ്റബോധമായി വേട്ടയാടപ്പെടാന്‍ ഇടയുള്ള ഒരു ആണ്‍കുട്ടി. 

ഈ വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ സംവിധായിക ഉപയോഗിച്ചിരിക്കുന്നതും  ഈ ആത്മാവിനെ തന്നെയാണ്. വര്‍ത്തമാന കാലത്തു ഈ ആണ്‍കുട്ടിയുടെ കണ്മുന്നില്‍ വച്ച് തീര്‍ത്തും നിഗൂഢമായ രീതിയില്‍ മരണമടയുന്ന യുവതിയുടെ ആത്മാവ് തന്നെയാണ് അമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറവും മധ്യവയസ്‌കനെ  നിശബ്ദം പിന്തുടരുന്നത് 

ഭാവിയില്‍ നടക്കപ്പെടുന്ന പല മരണങ്ങള്‍ക്കും തിരോധാനകള്‍ക്കും പോലീസ് ഉള്‍പ്പടെ ഇയാളെ സംശയിക്കുന്നതിനോട് ഒപ്പം ആത്മാക്കളോട്  സംസാരിച്ചു കേസിനു തുമ്പ് കണ്ടെത്താന്‍ ഇയാളുടെ സഹായം ആവശ്യപെടുനുണ്ട്. അത്തരം ഒരു അവസരത്തില്‍ തന്റെ  'അമ്മ വേദന തിന്ന് മരിച്ച പോലെ  മനുഷ്യനെ വേദനയെടുത്ത നരകിക്കാന്‍ സമ്മതിക്കരുതെന്ന് ഇയാള്‍ പറയുന്നിടത് ആ മരണങ്ങളില്‍ ഇയാള്‍ക്കുള്ള പങ്കും പ്രേക്ഷകന് മനസിലാകും. വര്‍ത്തമാനകാലവും ഭാവിയും ഇടയിലെ ഈ യാത്രയ്ക്കിടയില്‍ തന്റെ  തെറ്റായ തീരുമാനങ്ങളില്‍  നിന്നും സ്വതന്ത്രനായി  മുന്നോട്ട് നീങ്ങാന്‍ ഇയാളെ സഹായിക്കുന്നതും ഇതേ ആത്മാവ് തന്നെ . ജീവിച്ചിരിക്കുന്നവരെ പോലെ മരിച്ചവര്‍ക്കും ജീവിതമുണ്ടെന്നും ആ ജീവിതം അവര്‍ക്കെത്ര പ്രാധാന്യമുള്ളതന്നെനും പറഞ്ഞു വയ്ക്കുന്നതിലൂടെ  മരണവുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങളെയും ഒരു തരത്തില്‍ പറഞ്ഞാല്‍ ചോദ്യം ചെയ്യുന്നു.

Content HIghlights: The long walk movie review, IFFK 2019, Film festival