രണഘടനയെ പിടിച്ച് ആണയിട്ടുകൊണ്ട് അതിന്റെ ആത്മാവിനെ മനഃപൂര്‍വമോ, അല്ലാതെയോ കഴുത്തുഞെരിക്കുന്ന കാഴ്ചയാണെങ്ങും. വംശീയതയും അപരവിദ്വേഷവും അതിദേശീയതയും ജീവിതം ദുസ്സഹമാക്കുന്ന ലോകത്ത് ഭരണഘടനയുടെ പ്രസക്തി അന്വേഷിക്കുന്ന ചിത്രമാണ് ക്രൊയേഷ്യന്‍ സംവിധായകന്‍ റൈക്കോ ഗ്രിലിച്ച് സംവിധാനം ചെയ്ത 'ദി കോണ്‍സ്റ്റിറ്റ്യൂഷന്‍' (2016) എന്ന മനോഹരമായ സിനിമ.

സാഗ്രെബിലെ ഒരു കെട്ടിടസമുച്ചയത്തില്‍ താമസിക്കുന്ന നാലുപേരിലൂടെ ഗ്രിലിച്ചും സഹരചയിതാവ് ആന്റെ ടോമിച്ചും ചേര്‍ന്ന് വരച്ചിടുന്നത് മനുഷ്യന്റെ ഒരു ഭരണഘടനയ്ക്കും മെരുക്കാനാവാത്ത അന്ധവും അകാരണവുമായ വിദ്വേഷങ്ങളുടെയും അക്രമവാസനകളുടെയും നേര്‍ചിത്രമാണ്. വെയ്ക്കോസ്ലാവ് ക്രാല്യെ (നെബോയ്സ ഗ്ലോഗോവാച്ച്) രാത്രി നേരങ്ങളില്‍ പെണ്‍വേഷം ധരിച്ച് തെരുവുകളിലൂടെ നടക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. മരിച്ചുപോയ കാമുകന്റെ ഓര്‍മകളില്‍ ജീവിക്കുന്ന ധീരന്‍/ ധീര. ജീവിതവുമായി അയാളെ ബന്ധിപ്പിക്കുന്ന പ്രധാനകണ്ണി ശയ്യാവലംബിയായ അച്ഛനാണ്. അയാളാകട്ടെ, 'സ്വഭാവവൈകല്യത്തിന്' മകനെ ക്രൂരമായി ശിക്ഷിച്ചിട്ടുള്ളയാളും.

ഒരു രാത്രിയില്‍ സ്ത്രീവേഷത്തില്‍ നഗരം ചുറ്റവേ, വലതുപക്ഷതീവ്രവാദികളുടെ ആക്രമണത്തിന് വെയ്ക്കോ ഇരയാവുന്നു. അയല്‍ക്കാരിയായ മായ (ക്സീനിയ മാരിന്‍കോവിച്ച്) അയാളെ സഹായിക്കാനെത്തുന്നു. അവരുടെ ഭര്‍ത്താവ് ആന്റെ (ഡെയാന്‍ അസിമോവിച്ച്) പൊലീസുദ്യോഗസ്ഥനാണ്. സന്തതികളില്ലാത്ത ഇരുവരും കുഞ്ഞിനെ ദത്തെടുക്കാനുള്ള നെട്ടോട്ടത്തിലാണ്. സഹായത്തിന് പകരമായി ഭര്‍ത്താവിനെ ക്രൊയേഷ്യന്‍ ഭരണഘടന പഠിപ്പിക്കാന്‍ മായ ആവശ്യപ്പെടുന്നു. അടുത്ത ഉദ്യോഗക്കയറ്റത്തിന് അയാള്‍ക്ക് അതത്യാവശ്യമാണ്.

ആന്റെ യുദ്ധസമയത്ത് ക്രൊയേഷ്യക്കൊപ്പം നിന്ന സെര്‍ബ് വംശജനാണ്. സംസ്‌കൃതചിത്തനും ഉദാരമനസ്‌കനുമാണെങ്കിലും ആന്റെയെ വെറുക്കാതിരിക്കാന്‍ വെയ്ക്കോക്ക് ആവുന്നില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളെ പിന്തുണച്ച അയാളുടെ അച്ഛന്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകള്‍ അധികാരമേറിയപ്പോള്‍ ജയിലിലായി. അക്കാലത്തുണ്ടായ കയ്പുറ്റ അനുഭവങ്ങള്‍ കുടഞ്ഞുകളയാന്‍ വെയ്ക്കോക്ക് ആവുന്നില്ല. ക്രൊയേഷ്യയോട് കൂറുതെളിയിക്കാനുള്ള അധ്വാനത്തിലാണ് ആന്റെ. വെയ്ക്കോ  മാറുന്നില്ല. ലിംഗ, ലൈഗിക ന്യൂനപക്ഷങ്ങളോട് ആന്റെയ്ക്കുള്ള വെറുപ്പും മാറുന്നില്ല.

യൂഗോസ്ലാവിയയുടെ ഭാഗമായിരുന്ന പുതിയ രാജ്യങ്ങള്‍ ഇപ്പോഴും നേരിടുന്ന വംശീയവും രാഷ്ട്രീയപരവും സാമൂഹികവുമായ പ്രശ്നങ്ങളെ തുറന്നുകാട്ടുകയാണ് റൈക്കോയുടെ 'ഭരണഘടന.' മുന്‍വിധിയും വിദ്വേഷവും അഹങ്കാരവും അടക്കിവാഴുമ്പോള്‍ ഒരിക്കലും നാം പ്രതീക്ഷിക്കാത്തവര്‍ പോലും അവയ്ക്ക് അടിമകളാവും. അവര്‍ സ്നേഹത്തിന്റെയും കരുണയുടെയും കണ്ണുകള്‍ അടച്ചുകളയുമെന്ന് ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.

ഹിന്ദിനടന്‍ പരേഷ് റാവലിനെ ഓര്‍മിപ്പിക്കുന്ന നെബോയ്സ വെയ്ക്കോയെ അവിസ്മരണീയമാക്കുന്നു. (റാവല്‍ 'തമന്ന'യില്‍ ട്രാന്‍സ്ജെന്‍ഡറായി അഭിനയിച്ചിരുന്നു). ഗിരിപ്രഭാഷണവും കണ്ണീര്‍മഴയുമൊന്നുമില്ലാതെ, ഒട്ടും മുഷിപ്പിക്കാതെ റൈക്കോ കഥ പറഞ്ഞിരിക്കുന്നു. നിഴലും വെളിച്ചവും കൊണ്ട് ബ്രാങ്കോലിന്റെ രചിക്കുന്ന ദൃശ്യങ്ങള്‍ അതിമനോഹരമാണ്. വിദ്വേഷത്തിന് ഒരു പ്രണയലേഖനം എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഈ പ്രണയലേഖനം നമ്മില്‍ ചിലരെയെങ്കിലും സ്വയം കണ്ടെത്താന്‍ സഹായിച്ചേക്കും.

Content Highlights: The constitution movie Review, IFFK 2019