തൊഴില്‍ കുടിയേറ്റത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒലേഗ്. ലിത്വാനിയന്‍ യുവാവായ ഒലേഗ് തൊഴില്‍ തേടി പോളണ്ടിലേയ്ക്ക് എത്തുന്നതാണ് കഥ. സാധാരണക്കാരനായ തൊഴിലാളിയാണ് ഒലേഗ്. ചുറ്റുപാടുകളെ നിര്‍വികാരമായി നോക്കിക്കാണുന്ന ഒലേഗില്‍നിന്ന് ഏതൊരു മനുഷ്യനെയും പിടികൂടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയുടെ ജീവിതം വ്യക്തമാകുന്നു.

കഥാപാത്രത്തോടൊപ്പം നടക്കുന്ന ക്യാമറ ഏറെ സ്വാഭാവികമായ ചിത്രീകരണം സാധ്യമാക്കുന്നുണ്ട്. ഓരോ രംഗങ്ങളിലും കഥാപാത്രത്തോടൊപ്പം പ്രേക്ഷകരും സഞ്ചരിക്കും. അല്‍പ്പം ദീര്‍ഘമെങ്കിലും സാധാരണമായ സംഭവങ്ങളും അതിനോടൊപ്പം എത്തുന്ന അസാധാരണമായ പ്രശ്നങ്ങളും ആസ്വാദനത്തെ ബാധിക്കുന്നില്ല.

കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒലേഗിന് പ്രതിനായകനോടൊരു ഏറ്റുമുട്ടല്‍ സാധ്യമല്ല. പകരം രക്ഷപ്പെടല്‍ മാത്രമാണ് അയാള്‍ക്ക് സാധ്യം. ഇറച്ചിവെട്ടുകാരന്റെ ജോലിയാണ് ഒലേഗ് ചെയ്യുന്നതെങ്കിലും ഒരു ഏറ്റുമുട്ടലിന്റെ തലത്തിലേക്ക് യൂറോപ്പിന്റെ ദാരിദ്യ ചിത്രങ്ങളും വിശപ്പും ദുരിതകാലങ്ങളുടെ തീവ്രതയേറ്റുന്ന അതിശൈത്യവും പശ്ചാത്തലമാണ്. സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമിടയിലെ അകലം ചിത്രം ചെറിയ തമാശകളിലൂടെ വ്യക്തമാക്കുന്നുണ്ട്.

മഞ്ഞുപാളികള്‍ക്കടിയില്‍ ജലാശയത്തില്‍ അകപ്പെട്ട നായകന്റെ രംഗങ്ങള്‍ പ്രതിനായകനായനാല്‍ തടവിലാക്കപ്പെട്ടവന്റെ അവസ്ഥ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു. ഒടുവില്‍ വിപത്തിന്റെ ഖരജലപാളികള്‍ ഭേദിച്ച് കര്‍ത്താവിന്റെ തിരുരൂപത്തെ ഒലേഗ് ചുംബിക്കുന്നിടത്ത് ചിത്രം ചിതം അവസാനിക്കുകയാണ്. ജൂറിസ് കുര്‍സീറ്റിസ് സംവിധാനം ചെയ്ത ഒലേഗ് ലോക സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ഒലേഗ് എന്ന നായകനായി വാലെന്റൈന്‍ നൊവോപൊളോസ്‌കിയാണ് വേഷമിട്ടിരിക്കുന്നത്.

Content Highlights:Oleg movie review, IFFK 2019, film festival, International cinema