ശ്മീര്‍ വേദനിക്കുന്ന ഒരു മുറിപ്പാടാണ്. ഉതിരുന്ന കണ്ണീര്‍ തുടച്ച് ചിരിക്കുന്ന കശ്മീര്‍. പൊടിയുന്ന ചോര പൂച്ചെണ്ടുകൊണ്ട് മറച്ച് സഞ്ചാരികളെ നോക്കി ചിരിക്കുന്നു. ദാല്‍ തടാകത്തിലെ കളിയോടത്തിലിരുന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ നൂര്‍ എന്ന പെണ്‍കുട്ടി തന്റെ മൊബൈല്‍ കാമറയിലൂടെ കാണുന്ന കശ്മീര്‍ ചിരിക്കുന്നതാണ്. നൂറിലൂടെയാണ് നാം കശ്മീരിനെ കാണുന്നത്. പുഞ്ചിരിക്കുന്ന കശ്മീര്‍. ചിരിമാറി കരയുകയും നിലവിളിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നു. പിന്നെയും ചിരിക്കുന്നു, അതേ കശ്മീര്‍.

മുത്തശ്ശനെയും മുത്തശ്ശിയെയും കാണാനാണ് നൂര്‍ എത്തുന്നത്. എന്നാല്‍ അവളുടെ അമ്മയ്ക്കും രണ്ടാനച്ഛനും വേറെയും ലക്ഷ്യങ്ങളുണ്ട്. കശ്മീരിലെക്കുന്ന നൂര്‍ ചില യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുകയാണ്. തന്റെ പിതാവിനെ നഷ്ടപ്പെട്ടതെങ്ങനെയെന്ന അവള്‍ അന്വേഷണത്തിന് ഇറങ്ങുന്നു. കശ്മീരില്‍ നിന്ന് അവള്‍ക്ക് ലഭിച്ച കൂട്ടുകാരന്‍ മജീദിനൊപ്പം. ആ അന്വേഷണമാണ് കഥ.

ആ കഥയില്‍ പുതുതായി ഒന്നുമില്ല. കാരണം അത് കശ്മീരിലെ സമകാലിക രാഷ്ട്രീയത്തില്‍ സര്‍വസാധാരണമാണ്. നഷ്ടമാകലുകള്‍ നിത്യകാഴ്ചയാണ്. തിരോധാനങ്ങള്‍ എല്ലാ കുടുംബങ്ങളുടെയും അനുഭവമാണ്. നൂര്‍ നേരില്‍ കാണുന്നുണ്ട് കശ്മീരിന്റെ രാഷ്ട്രീയ സംവാദം. അനുഭവിച്ചതിനെയെല്ലാം നിര്‍വികാരകമായി ഓര്‍ക്കുന്ന തന്റെ പ്രിയപ്പെട്ടവരെ.

ഈ സിനിമയക്ക് ഒരു രാഷ്ട്രീയമുണ്ട്. കഥയെക്കാളേറെ വലിപ്പമുള്ള രാഷ്ട്രീയം. കശ്മീരി ജനതയുടെമേല്‍ ഭരണകൂടം ചെലുത്തുന്ന അധീശത്വവും സൈനിക നടപടിയും മാത്രമല്ല ചിത്രത്തിന്റെ പ്രമേയം. അര്‍ത്ഥശൂന്യവും മനുഷ്യവിരുദ്ധവുമായ ജിഹാദിനെ പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്. ആശയപരമായ വിമര്‍ശനങ്ങള്‍ക്ക് യോഗ്യമല്ലാത്തതിനാല്‍ പരിഹാസത്തിന്റെ വിമര്‍ശനബുദ്ധിയാണ് ജിഹാദികള്‍ക്ക് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. കശ്മീരിലെ 'വിശുദ്ധയുദ്ധം' വെറും കോമാളിത്തമെന്ന് ചിത്രം പറയുന്നു.

മകനെയും ഭര്‍ത്താവിനെയും സഹോദരനെയും അച്ഛനെയും നിരന്തരം നഷ്ടപ്പെടുകയാണ്. അര്‍ദ്ധവിധവകളുടെ ജീവിതം ചിത്രം എടുത്തുകാണിക്കുന്നുണ്ട്. തന്റെ പിതാവിന് എന്തു പറ്റിയെന്ന് അറിയുന്നതോടെ വിദേശത്ത് ജനിച്ച് വളര്‍ന്ന യുവതിയില്‍ നിന്ന് കശ്മീരിന്റെ അസ്തിത്വമുള്ള പെണ്‍കുട്ടിയായി മാറുകയാണ് നൂര്‍. കശ്മീരില്‍ അപ്രത്യക്ഷരാകുന്നത് കശ്മീരിലെ അച്ഛന്മാര്‍ മാത്രമല്ലെന്ന് ചിത്രം പറയുന്നു. കശ്മീരില്‍ തീവ്രവാദികളോട് പോരാടി വീരമൃത്യു വരിക്കുന്ന അച്ഛനും കഥയിലുണ്ട്. ഒരിക്കലും വീട്ടിലേയ്ക്ക് മടങ്ങിവരാത്തവര്‍.

കശ്മീരിന്റെ സൗന്ദര്യമാകെ സിനിമയില്‍ കാണിക്കുന്നുണ്ടെങ്കിലും അതിതീക്ഷ്ണമായ രാഷ്ട്രീയ പ്രസക്തിയില്‍ അവ ശ്രദ്ധിക്കപ്പെട്ടേക്കില്ല. സാറാ വെബ്, ശിവം റെയ്ന, അശ്വിന്‍ കുമാര്‍, കുല്‍ഭൂഷണ്‍ ഖര്‍ബന്ദ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. രാജ്യാന്തര ചലച്ചിത്രമേളയില്‍ മേളയില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രം ലോക സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

Content Highlights: no fathers in kashmir movie Review, Ashvin Kumar, IFFK 2019