കാടും പ്രകൃതിയും ഗോത്രമനുഷ്യരും മലയാള സിനിമയ്ക്ക് പലപ്പോഴും കഥാ പശ്ചാത്തലങ്ങള്‍ ആയി വന്നിട്ടുണ്ട്. അത്തരത്തില്‍ വയനാട്ടിലെ അടിയ വിഭാഗത്തില്‍പ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തിയ ചിത്രമാണ് ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍. 2018 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാന്തന്‍ 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ കാലിഡോസ്‌കോപ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്

കാടിനെയും മരങ്ങളെയും നിറങ്ങളെയും പ്രണയിക്കുന്ന കാന്തനെന്ന 10 വയസ്സുകാരനും അവന്‍ ഇത്തിയമ്മ എന്നു വിളിക്കുന്ന മുത്തശ്ശിയും ഇവര്‍ വളര്‍ത്തുന്ന ഒരു നായ്ക്കുട്ടിയും ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. നിറങ്ങള്‍ നിറഞ്ഞതാണ് കാന്തന്‍ സ്വപ്നം കാണുന്ന ലോകം. എന്നാല്‍ ഇതേ നിറത്തിന്റെ പേരില്‍ തന്നെയാണ് സ്‌കൂളില്‍ പോലും അവന് അവസാനത്തെ ബഞ്ചില്‍ ഒറ്റയ്‌ക്കൊരു ഇരിപ്പിടം ലഭിച്ചത്. അതിന്റെ പേരില്‍ തന്നെയാണ് വെളുത്തവനായ, വിദ്യാഭ്യാസമുള്ള, സമ്പത്തുള്ള  മനുഷ്യന്റെ വീടിന് മുന്നില്‍ നിന്നും അവനെ ആട്ടിപ്പായിച്ചതും. തന്റെ ജീവിതത്തില്‍ മരങ്ങള്‍ക്കുള്ള പ്രധാന്യം ചെറുപ്പത്തില്‍ തന്നെ കാന്തന്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് കളഞ്ഞു കിട്ടിയ ഒരു മാവിന്‍ തൈ അവന്‍ പൊന്നുപോലെ സംരക്ഷിക്കുന്നത്. അതുകൊണ്ടാണ് ഇത്തിയമ്മ മരിച്ചാലും മരമായി മുളച്ചുവരണമമെന്ന് അവന്‍ ആവശ്യപ്പെടുന്നത്.

എന്നും അരികുവല്‍ക്കരിക്കപ്പെടുന്ന ഒരു ജനതയുടെ ജീവിതവും പോരാട്ടവുമാണ് ചിത്രം പറയുന്നത്. നിറത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ തന്നെ അകറ്റി നിര്‍ത്തുന്ന പ്രവണത ഇവിടെയും ചര്‍ച്ചയാകുന്നുണ്ട്. ഇതോടൊപ്പം പരിസ്ഥിതി ചൂഷണവും കര്‍ഷക ആത്മഹത്യയും ആദിവാസി വിഭാഗത്തിന്റെ തനത് ജീവിത ശൈലിയും വിശ്വാസങ്ങളും ആചാരങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു

മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാഭായ് ആണ് ചിത്രത്തില്‍ ഇത്തിയമ്മയായി വേഷമിടുന്നത്. 2012ല്‍ ആദിമധ്യാന്തത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാസ്റ്റര്‍ പ്രജിത്താണ് കാന്തനായി വേഷമിടുന്നത്. 

Content Highlights: kanthan the lover of color movie Review IFFK 2019