പ്രമേയത്തിലെയും അവതരണത്തിലെയും വ്യത്യസ്തതകൊണ്ട് മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അറവിനെത്തിച്ചപ്പോള്‍ ചാടിപ്പോയ പോത്തിനെ പിടികൂടാനുള്ള ഒരു നാടിന്റെ നെട്ടോട്ടം അവതരിപ്പിക്കുന്ന ജല്ലിക്കെട്ട് പൂര്‍ണമായും ഒരു പെല്ലിശ്ശേരി ചിത്രമാണ്. പെല്ലിശ്ശേരി ചിത്രങ്ങളില്‍ പൊതുവേ കാണുന്ന ദൈര്‍ഘ്യമേറിയ രംഗങ്ങളും ചടുലമായ ക്യാമറയും പ്രേക്ഷകനെ ഭ്രമിപ്പിക്കുന്ന പരിചരണവും ജനക്കൂട്ടവുമെല്ലാം ജല്ലിക്കട്ടില്‍ ചേരുംപടി ചേര്‍ന്നിരിക്കുന്നു.

ഇടുക്കിയിലെ ഒരു കുടിയേറ്റ ഗ്രാമമാണ് കഥാപശ്ചാത്തലം. ഇവിടത്തെ അറവുകാരനാണ് വര്‍ക്കിച്ചന്‍ (ചെമ്പന്‍ വിനോദ്). അറവിനായി വര്‍ക്കിച്ചന്‍ കൊണ്ടുവരുന്ന പോത്ത് വിളറിപിടിച്ച് ചാടിപ്പോകുന്നതോടെ ഒരു ഗ്രാമം തന്നെ അങ്കലാപ്പിലാകുന്നു. പോത്തിനെ പിടികൂടാനുള്ള ഗ്രാമവാസികളുടെ പരാക്രമങ്ങളും അതിനിടെ വെളിവാക്കപ്പെടുന്ന പകയും പ്രതികാരവും കാമവും മോഹവുമെല്ലാം ചേരുന്നതാണ് ജല്ലിക്കട്ട്.

ഒരു പോത്തും അതിനെ വേട്ടയാടുന്നവരുമെന്ന് കേവല പശ്ചാത്തലത്തിലുപരി മനുഷ്യരില്‍ ഉറങ്ങിക്കിടക്കുന്ന മൃഗതൃഷ്ണകളിലേക്ക് കൂടിയാണ് ജല്ലിക്കട്ട് ഇറങ്ങിച്ചെല്ലുന്നത്. സഹജവാസനയുടെ കാര്യത്തില്‍ ആദിമമനുഷ്യരില്‍ നിന്നും ആധുനിക മനുഷ്യന്‍ അത്രയൊന്നും വ്യത്യസ്തരല്ലെന്നും ചിത്രം പറഞ്ഞുവെക്കുന്നു.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പരിചിതരായ താരങ്ങള്‍. വീണ്ടുമൊരു ലിജോ ചിത്രത്തിലൂടെ തന്റെ മികവ് തെളിയിക്കാന്‍ ആന്റണിയ്ക്ക് അവസരം ലഭിച്ചപ്പോള്‍ ചെമ്പനും ജാഫറും തങ്ങളുടെ ഭാഗം ഭംഗിയാക്കി. സാബുമോന്റെ കരിയറിലെ മികച്ച കഥാപാത്രമായി കുട്ടച്ചന്‍. ആര്‍ക്കും വലിയ സ്‌ക്രീന്‍ സ്‌പേസ് നല്‍കാത്ത ചിത്രത്തില്‍ ഒരു രംഗത്തിലെത്തി മികവു പുലര്‍ത്തിയവരുമേറെ. വലിയ ആള്‍ക്കൂട്ടത്തെ അണിനിരത്തി രംഗങ്ങളൊരുക്കുന്നതില്‍ വിദഗ്ധനാണ് ലിജോയെങ്കിലും ചിലയിടങ്ങളില്‍ തികച്ചും അമെച്വറായ ഡയലോഗ് അവതരിപ്പിക്കുന്നവരും സ്‌ക്രീനിലെത്തി.

ലിജോയുടെ കയ്യൊപ്പ് പതിഞ്ഞ ദൃശ്യാവിഷ്‌കാരം തന്നെയാണ് ജല്ലിക്കട്ടിനെ ഉജ്ജ്വലമാക്കുന്നത്. സാങ്കേതികമായും സര്‍ഗാത്മകമായും ചിത്രത്തെ മികച്ചതാക്കാന്‍ അണിയറപ്രവര്‍ത്തരുടെ അകമഴിഞ്ഞ പിന്തുണ ലിജോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗിരീഷ് ഗംഗാധരന്റെ ക്യാമറയാണ് ആദ്യ പരാമര്‍ശമര്‍ഹിക്കുന്നത്. ജനക്കൂട്ടത്തിനിടയിലൂടെ ഒഴുകി നടക്കുമ്പോഴും എക്‌സ്ട്രീം ക്ലോസപ്പ് ദൃശ്യങ്ങളിലും പകലും രാത്രിയുമെല്ലാം ഗിരീഷ് മികവ് പുലര്‍ത്തി. ഇടവേളയ്ക്ക് തൊട്ടുമുമ്പുള്ള കിണറിനകത്തു നിന്നുള്ള ദൃശ്യം, പന്തം കൊളുത്തി മൂന്നായി പിരിയുന്ന സംഘത്തിന്റെ ആകാശദൃശ്യം തുടങ്ങി ഒരു ഛായാഗ്രാഹകന്റെ പ്രതിഭ വെളിവാക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്.

ഗിരീഷിന്റെ ദൃശ്യങ്ങള്‍ അവയുടെ വേഗവും താളവും ചോരാതെ യോജിപ്പിക്കുക എന്ന ഭഗീരഥപ്രയത്‌നം എഡിറ്റര്‍ ദീപു ജോസഫ് ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയും (മ്യൂസിക്) രംഗനാഥ് രവിയും (സൗണ്ട് ഡിസൈന്‍) ചിത്രത്തിന്റെ തീവ്രത പ്രേക്ഷകനിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. എസ്.ഹരീഷ്, ആര്‍.ജയകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്

Content Highlights : Jallikkattu Movie Review Lijo Jose Pellissey