ലോകത്ത് എവിടെയും മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒന്നുതെന്നയാണെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ് ഡോ. ബിജുവിന്റെ ചിത്രം വെയില്‍ മരങ്ങള്‍. പേരുപോലെ ജീവിതമാകെ നീറുന്ന സൂര്യനുകീഴില്‍ നിന്നുരുകിത്തീരുന്ന കുറേപേര്‍. നഷ്ടപ്പെടലുകള്‍ക്കും കുടിയിറക്കങ്ങള്‍ക്കും വിധേയരാകുന്ന നിത്യ അഭയാര്‍ഥികള്‍. അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതം പറയുകയാണ് ഡോ ബിജു. പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം തുടങ്ങിയ ഡോ ബിജുവിന്റെ സിനിമകള്‍ പാര്‍ശ്വവത്കൃതരായവരുടെ പ്രശ്നങ്ങള്‍ ശക്തമായി അവതരിപ്പിച്ചിരുന്നു.

മുങ്ങിക്കൊണ്ടിരിക്കുന്ന മണ്‍റോ തുരുത്തിലെ ജീവിതങ്ങള്‍ വെയില്‍ മരങ്ങള്‍ പറയുകയാണ്. സ്വന്തം വീട് നഷ്ടമാകുന്നവര്‍ പുതിയ ജീവിതം തേടുന്നു. ആധാര്‍ കാര്‍ഡില്ലാത്തവര്‍, ബന്ധുക്കളില്ലാത്തവര്‍, അധികാരി വര്‍ഗത്താല്‍ തഴയപ്പെടുമ്പോള്‍ തിരസ്‌കാരത്തിന്റെ വേദന അറിയുകയാണ്. ജാതീയമായ വേര്‍തിരിവുകളും പോലീസ് അവര്‍ക്കുമേല്‍ നടത്തുന്ന വേട്ടയാടലും ചിത്രം വിമര്‍ശന വിധേയമാക്കുന്നുണ്ട്.

എല്ലാത്തില്‍ നിന്നും രക്ഷ തേടി മറ്റൊരിടത്തേയ്ക്ക് യാത്രയാകുമ്പോള്‍ പ്രതീക്ഷ മാത്രമാണ് അവര്‍ക്ക്. വിട്ടുപോകുന്ന ഭൂമിയെ ഓര്‍ത്ത് അവര്‍ വേദനിക്കുന്നില്ല. പിടിച്ചുനിര്‍ത്താന്‍ പ്രിയപ്പെട്ടതെന്ന് പറയാന്‍ ഒന്നും തന്നെയില്ല. ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളുടെ മുറിപ്പാടല്ലാതെ. വിവേചനത്തിന്റെ ലോകം മനുഷ്യര്‍ വെട്ടിപ്പിടിക്കാന്‍ ആഗ്രഹം പുലര്‍ത്തുന്നിടത്തെല്ലാം ഒരുപോലെ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നു.

ജാത്യാധികാരം ആക്രമോത്സുകമാകുന്നതിന്റെ ഭീകരതയും ജന്മിത്വം അവശേഷിപ്പിക്കുന്ന ചൂഷണത്തിന്റെ തുര്‍ച്ചയും ചിത്രത്തില്‍ പ്രകടമാകുന്നുണ്ട്. പ്രധാന നടനായ ഇന്ദ്രന്‍സിന്റെ അഭിനയ പ്രതിഭ ചിത്രത്തിന്റെ നെടുംതൂണായി മാറുന്നു. പൊരുതുന്ന സാധാരണക്കാരനെ ഏറ്റവും നന്നായി അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ദൃശ്യ സൗന്ദര്യം കാഴ്ചയുടെ വിരുന്നൊരുക്കുന്ന ഹിമാചല്‍ പ്രദേശ് ആസ്വാദന തലം വര്‍ദ്ധിപ്പിക്കുന്നുണ്ട്. നായകന്റെ അച്ചുവെന്ന മകന്‍ വീടെന്ന സ്വപ്നം കാണുകയാണ്. സ്വന്തമായി ഒരു വീടുണ്ടെങ്കില്‍ അവിടെ നിന്നാരും ഇറക്കിവിടില്ലെന്ന് അവന്‍ സ്വപ്നം കാണുന്നു.

പ്രകൃതിയോട് മനുഷ്യന്‍ നടത്തുന്ന പോരാട്ടം വ്യത്യസ്തമായി അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അതിജീവനം വിവിധ തലങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. നിരവധി അന്താരാഷട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് വെയില്‍ മരങ്ങള്‍. വര്‍ത്തമാന കാലത്തെ മലയാള സിനിമ എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ബേബി മാത്യു നിര്‍മ്മിച്ച സിനിമയില്‍ എംജെ രാധാകൃഷ്ണന്‍ ക്യാമറയും ഡേവിസ് മാനുവല്‍ ചിത്ര സംയോജനവും ബിജിബാല്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 veyil marangal movie dr pk biju review