കള്ളന്റെ കഥ പതിവുള്ളതായിരിക്കാം എന്നാല്‍ പതിവിനും അതീതമായി നില്ക്കുന്ന ഒരു ഗംഭീര ചിത്രമാണ് അണ്‍നോണ്‍ സെയിന്റ്. ഒരു കള്ളന് തന്റെ തൊണ്ടിമുതല്‍ കൊണ്ട് സൃഷ്ടിച്ച ആരെന്നറിയാത്ത സന്യാസിയാണ് കഥയുടെ കേന്ദ്രബിന്ദു. സിനിമ കണ്ടശേഷം നല്ലൊരു സിനിമ എന്ന് നിറഞ്ഞ സന്തോഷത്തോടെ പറയാനാകുമെങ്കില്‍ അതിനുള്ളതെല്ലാം അണ്‍നോണ്‍ സെയിന്റില്‍ ഉണ്ട്.
മോഷ്ടിച്ച പണം ഒളിപ്പിക്കുവാനായി മരുഭൂമിക്ക് സമാനമായ പ്രദേശത്തേയ്ക്ക് എത്തുകയാണ് നായകന്. അവിടെ ഒരു കുന്നിന് മുകളില്‍ കുഴിമാടമുണ്ടാക്കി പണമടങ്ങിയ ബാഗ് ഒളിപ്പിക്കുന്നു. ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങുന്ന അയാള്‍ പണമൊളിപ്പിച്ചിടത്ത് എത്തുകയാണ്. എന്നാല്‍ അവിടം ഒരു വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്നു. എന്നാല്‍ പണം അവിടെനിന്ന് കൈക്കലാക്കുവാന്‍ ശ്രമിക്കുകയാണ് അയാള്‍. എന്നാല്‍ ആരെന്നറിയാത്ത സന്യാസിയായി ആ കുഴിമാടത്തെ കണ്ട് ആരാധിക്കുകയാണ് പ്രദേശത്ത് കുടിയേറിയവര്‍.
അതിസങ്കീര്ണതകളൊന്നും കഥയ്ക്കില്ല. ലളിതമായ ആവിഷ്കരിക്കുന്ന സാഹചര്യങ്ങള്‍ എന്നാല്‍ സാമാന്യത്തില്‍ നിന്ന് ഏറെ രസകരമാണ് അവതരണ രീതി. ആത്മീയതയ്ക്ക് മനുഷ്യന്റെ ഏതൊരു പ്രവര്‍ത്തിയെക്കാളും മുകളില്‍ സ്ഥാനമുണ്ട്. ദൈവം മനുഷ്യനെക്കാള്‍ വലിയ മനുഷ്യ സൃഷ്ടിയാകുന്നതിന്റെ തമാശ നന്നായി ആസ്വദിക്കാനാകും.
പുതുതായി ഉരുവപ്പെട്ട ഗ്രാമത്തില്‍ താമസമാക്കുന്ന നായകന് അവിടെ സ്ഥിരംതാമസക്കാരനാകുന്നു. ഗവേഷകനായി അഭിനയിക്കുന്ന അയാള്‍ കള്ളന് സ്വതസിദ്ധമായ എല്ലാ കഴിവുകളും അവിടെ തുടരുവാന്‍ പ്രയോഗിക്കുന്നുണ്ട്. ഒരു കഥയില്‍ മാത്രം കേന്ദ്രീകരിക്കുന്നതല്ല ചിത്രം. ഒപ്പം നിരവധി കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും അവിടെ എത്തുന്നു. ചിരിക്കാന്‍ ഒരുപാട് വക നല്‍കുന്നുണ്ട് ചിത്രം.
സമാന്തര ആഖ്യാന രീതി നന്നായി പ്രയോഗിച്ചിട്ടുണ്ട് ചിത്രത്തില്‍. കാലിക പ്രസക്തമോ സമകാലികമോ ആയ വിഷയങ്ങള്‍ സിനിമയില്‍ കടന്നുവരുന്നില്ല എന്നാല്‍ രസകരമായ സന്ദര്‍ഭങ്ങള്‍ സമ്മാനിക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. സാധാരണക്കാരനായ മനുഷ്യന് അഭിമുഖീകരിക്കുന്ന ജീവിതാവസ്ഥകളെല്ലാം സിനിമയിലുണ്ട്. കലാമൂല്യം രസകരമായ ആസ്വാദനത്തിലാണെന്ന് സിനിമയ്ക്ക് സ്ഥാപിക്കാന്‍ സാധിക്കുന്നുണ്ട്.
അലാ എഡ്ഡീന് അല്ജം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ യൂനുസ് ബൗബ്, സലാഹ് ബെന്‍സലാഹ്, ബൗചെയ് ഇസാമാക്, മഹമ്മദ് മെയ്മാന്‍ എന്നിവര്‍ പ്രധാന വേഷം ചെയ്തിരിക്കുന്നു. ലോക സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്രമേളയില്‍ രണ്ടാമത് വീണ്ടും പ്രദര്‍ശിപ്പിച്ച ചിത്രം കാണാനും വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
Content Highlights : iffk 2019 the unknown saint movie review