തീവ്രമായ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ എന്നും വെച്ചുപുലര്‍ത്തിയിരുന്ന ആളാണ് അര്‍ജന്റീനക്കാരനായ ഫെര്‍നാണ്ടോ സൊലാനസ്. തന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള അദ്ദേഹം വധശ്രമങ്ങളെയും അതിജീവിച്ചിട്ടുണ്ട്. 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിട്ടുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളിലൊന്നാണ് 'ദ ജേര്‍ണി'.

രണ്ടാനച്ഛനോട് വഴക്കിടുന്ന മാര്‍ട്ടിന്‍ നുന്‍ക എന്ന കുമാരന്‍ സൈക്കിളില്‍ സ്വന്തം പിതാവിനെ തേടിയിറങ്ങുകയാണ്. അമ്മയുമായി വേര്‍പിരിഞ്ഞ ശേഷം ബ്രസീലിലെ ആമസോണ്‍ കാടുകളിലെവിടെയോ ആണ് നരവംശശാസ്ത്രജ്ഞനും ചിത്രകാരനുമായ നിക്കോളാസ് നുന്‍ക. (നുന്‍ക എന്ന വാക്കിന് നെവര്‍ എന്നാണര്‍ത്ഥം!) മാര്‍ട്ടിന് വഴികാട്ടിയാവുന്നത് അച്ഛന്റെ ചില കത്തുകളും അയാള്‍ വരച്ച ചില ചിത്രകഥകളുമാണ്. അങ്ങനെ അര്‍ജന്റീനയുടെ ഒരറ്റത്തുനിന്നും ആരംഭിക്കുന്ന യാത്ര ആയിരക്കണക്കിന് മൈലുകള്‍ പിന്നിട്ട് ആമസോണും കടന്ന് മെക്സിക്കോയിലെത്തുന്നുവെങ്കിലും അച്ഛനെ കണ്ടെത്തുന്നില്ല, എങ്കിലും ആ ജീവിതാനുഭവങ്ങള്‍ അവനെ അച്ഛന്‍ എപ്പോഴും കൂടെയുണ്ടെന്ന ബോധ്യത്തിലേക്കെത്തിക്കുന്നു.

കഥ ഇതു മാത്രമായിരുന്നെങ്കില്‍ 'ദി ജേര്‍ണി' ഉജ്ജ്വലമായ അനുഭവമാകുമായിരുന്നു. പക്ഷേ, ഈ തന്തുവിനുള്ളില്‍ സംവിധായകന്‍ കടത്തിവെക്കുന്നത് കുറഞ്ഞത് നാലു സിനിമയ്ക്കുള്ള ഇതിവൃത്തങ്ങളാണ്. സാമ്പത്തികവും സാംസ്‌കാരികവുമായി മുങ്ങിത്താണുകൊണ്ടിരിക്കുന്ന അര്‍ജന്റീനയെ അദ്ദേഹം ശരിക്കും വെള്ളത്തിലാണ് ചിത്രീകരിക്കുന്നത്. മറ്റെങ്ങും ഇടമില്ലാത്തതിനാലും അവശേഷിച്ച മുതലുകള്‍ കൈമോശം വരുമെന്ന് ഭയമുള്ളതിനാലും വെള്ളം കയറിയ വീടുകള്‍ പോലും ഉപേക്ഷിക്കാനാവാത്ത നാട്ടുകാര്‍. വെള്ളം കയറിയ സെമിത്തേരികളില്‍ നിന്നും പുറത്തുകടന്ന് അഴുക്കുവെള്ളത്തില്‍ ഒഴുകി നടക്കുന്ന ശവപ്പെട്ടികള്‍... ഈ ശവപ്പെട്ടികള്‍ കണ്ടെത്തി ബന്ധുക്കളെ തിരിച്ചേല്‍പ്പിക്കുന്നതും ആദായകരമായ തൊഴിലായി മാറിയിരിക്കുന്നു! മുട്ടിലിഴയുന്ന രാജ്യങ്ങളുടെ സംഘടന, ആഗോളസാമ്പത്തിക സംഘടനകളുടെ നിര്‍ദ്ദേശപ്രകാരം മുണ്ടുമുറുക്കിയുടുക്കാന്‍ രണ്ടു ബെല്‍റ്റിട്ടു നടക്കുന്നവര്‍...

സമാനമായ രീതിയില്‍ വികൃതവും വിഭ്രമാത്മകവുമായ കാഴ്ചകളും സംഭവങ്ങളും സിനിമയിലാകെ ചിതറിക്കിടക്കുന്നു. മാര്‍ട്ടിന്റെ സൈക്കിള്‍ യാത്രയിലൂടെ തെക്കേ അമേരിക്ക മുഴുവന്‍ നിലനില്‍ക്കുന്ന മനുഷ്യ, വിഭവ ചൂഷണവും അനീതികളും അഴിമതികളും തുറന്നുകാട്ടുന്നു. ഒരര്‍ത്ഥത്തില്‍ ഏര്‍ണെസ്റ്റോ ചെഗുവേരയെ ഓര്‍മിപ്പിക്കുന്ന യാത്ര. ഭൂഖണ്ഡത്തെ വീര്‍പ്പുമുട്ടിക്കുന്ന അനീതികളെ പെരുപ്പിച്ചുകാട്ടാന്‍ സെലാനസ് വ്യത്യസ്തമായ കഥനരീതികളാണ് ഉപയോഗിക്കുന്നത്-- റോഡ് മൂവിയും മാന്ത്രികയാഥാര്‍ത്ഥ്യവും മുതല്‍ കാരിക്കേച്ചറും സര്‍റീയലിസവും വരെ. അതുകൊണ്ടുതന്നെ ചലച്ചിത്രാനുഭവമെന്ന നിലയ്ക്ക് 'ദി ജേണി' സമ്മാനിക്കുന്നത് ഉടഞ്ഞ ഒരു കണ്ണാടിയെയാണ്. ഒരു പക്ഷേ, സംവിധായകന്‍ അത് മനഃപൂര്‍വം ചെയ്തതുമാകാം. എന്തായാലും പടം കണ്ടുതീര്‍ക്കാന്‍ അല്‍പ്പം ക്ഷമ കൂടിയേ തീരൂ.

146 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. വാള്‍ട്ടര്‍ ക്വീറോസാണ് നായകന്‍. സൊലാനസ് തന്നെയാണ് നിര്‍മാതാവും തിരക്കഥാകൃത്തും. ഫെലിക്സ് മോണ്ടിയുമൊത്ത് ഛായാഗ്രഹണവും അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു.

Content Highlights: iffk 2019 the journey movie review