24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കണ്ട അതിമനോഹരവും വിശിഷ്ടവുമായ ചിത്രങ്ങളിലൊന്നാണ് ഗ്രിഗര്‍ ബോസിച്ച് എഴുതി സംവിധാനം ചെയ്ത 'ചെസ്റ്റ്നട്ട് കാടുകളില്‍ നിന്നുള്ള കഥകള്‍. 35 എംഎമ്മില്‍ ചിത്രീകരിച്ച ഈ സിനിമയുടെ ഓരോ ഫ്രെയിമും കവിത തുളുമ്പുന്നവയാണ്.

രണ്ടാലോകമഹായുദ്ധത്തിനു ശേഷം, ഇറ്റലിക്കും യൂഗോസ്ലാവിയക്കും ഇടയ്ക്കുള്ള അതിമനോഹരമായ ഒരു സ്ലൊവീനിയന്‍ വനപ്രദേശത്താണ് കഥ നടക്കുന്നത്. യൂറോപ്പ് തന്നെ രണ്ടായിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. ഇടയ്ക്ക് ഇരുമ്പുമറയും. എവിടെയും പട്ടിണിയും ദാരിദ്ര്യവും. യുദ്ധക്കെടുതികളില്‍ നിന്നും രക്ഷനേടാന്‍ പലായനം ചെയ്യുന്നവരാണ് നാട്ടുവഴികളിലെവിടെയും. അവിടെ കുടുങ്ങിപ്പോയവരും നാടു വിട്ടുപോകാന്‍ മനസ്സനുവദിക്കാത്തവരും പ്രതീക്ഷയറ്റ ജീവിതങ്ങളാണ് നയിക്കുന്നത്. മുങ്ങിത്താഴുന്ന ദ്വീപില്‍ ഒറ്റപ്പെട്ട മനുഷ്യരെപ്പോലെ അനിവാര്യമായ ദുരന്തം കാത്തിരിക്കുന്ന നിസ്സഹായജീവിതങ്ങള്‍. മരിയോയെയും (മാസിമോ ഫ്രാങ്കോവിച്ച്) മാര്‍ത്തയെയും (ഇവാന റോഷീച്ച്) പോലെ.

അറുപിശുക്കനാണ് മരിയോ എന്ന മരാശാരി. വരവുചെലവു കണക്കുകള്‍ ദിവസവും കൃത്യമായി എഴുതിവെച്ച്, പലകുറി പരിശോധിക്കുന്ന വാശിക്കാരന്‍. ഈ തിരക്കിനിടയില്‍ മറ്റാര്‍ക്കും സ്നേഹം പകരാനോ, അവരെ മനസ്സിലാക്കാനോ അയാള്‍ക്ക് കഴിയുന്നില്ല. ഇതിനിടെ ഭാര്യ രോഗിയായി, മരണത്തിലേക്കു വഴുതുന്നു. അപ്പോഴും മുമ്പ് നാടുവിട്ടുപോയ മകനെ കാണാനുള്ള അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മരിയോ കൂട്ടാക്കുന്നില്ല. ഗ്രാമത്തിലെ അവസാന ചെസ്റ്റ്നട്ട് വില്‍പ്പനക്കാരിയാണ് മാര്‍ത്ത എന്ന യുവതി. യുദ്ധത്തിനുപോയ ഭര്‍ത്താവിന്റെ ഓര്‍മകളില്‍ കഴിയുന്ന അവള്‍ യാദൃച്ഛികമായി മരിയോയെ കാണുന്നു. എങ്ങനെയെങ്കിലും യൂറോപ്പില്‍ നിന്നും രക്ഷപ്പെടണമെന്ന് അവള്‍ക്കാഗ്രഹമുണ്ട്. അതിനുള്ള പണം കയ്യിലില്ല താനും.

ഇവരുടെ ജീവിതകഥകള്‍ സംവിധായകന്‍ കൃത്യമായ ക്രമത്തിലല്ല പറയുന്നത്. ഈ കഥകള്‍ പലപ്പോഴും സ്വപ്നമായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. എവിടെയാണ് സ്വപ്നവും ഭ്രമകല്‍പ്പനകളും യാഥാര്‍ത്ഥ്യവും സംഗമിക്കുന്നുവെന്നത് അറിയാനാവില്ല. പക്ഷേ, ഇവയുടെ മേളനം അതിമനോഹരമായ ഒരു വിലാപകാവ്യം പോലെ മനസ്സിനെ സ്പര്‍ശിക്കും. കന്നിച്ചിത്രമാണെങ്കിലും ബോസിച്ച് മികച്ച കൈയടക്കത്തോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ലോകം മറന്നുപോയ ഒരു ജനതയുടെ നഷ്ടങ്ങളും വേദനകളും ദു:ഖങ്ങളും മിന്നലൊളി വീശി കടന്നുപോവുന്ന ആനന്ദങ്ങളുമൊക്കെ ഹൃദയാവര്‍ജകമായി അവതരിപ്പിക്കുന്നു 'ചെസ്റ്റനട്ട് കാടുകളില്‍ നിന്നുള്ള കഥകള്‍'.

Content Highlights : iffk 2019 stories from the chestnut woods movie review