തിനെട്ടു വര്‍ഷം മുമ്പ് പ്രസവിച്ച മകന്‍ ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നറിയാതെ ഉഴറുന്ന അമ്മയുടെ കഥ പറയുന്ന സെര്‍ബിയന്‍ ചിത്രം 'തുന്നലുകള്‍' (സവോയ്) 24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ഏറ്റവും മികച്ച കലാസൃഷ്ടികളില്‍ ഒന്നാണ്. എത്ര ഭംഗിയായി തുന്നിക്കൂട്ടിയാലും തുറക്കുന്ന മുറിവുകളെക്കുറിച്ചും ഉണങ്ങാത്ത കണ്ണീരിനെക്കുറിച്ചും പറയുന്നു ഈ ആധുനിക ക്ലാസിക്.

മീറോസ്ലാഫ് ടേര്‍സിച്ച് സംവിധാനം ചെയ്ത ഈ ചിത്രം അതിസാധാരണക്കാരിയായ ഒരമ്മയുടെ അത്യസാധാരണമായ പോരാട്ടത്തിന്റെ കഥ പറയുന്നു. തുന്നല്‍ക്കാരിയായ അന്നയ്ക്കും (സ്‌നേസാനാ ബോഗ്ദാനോവിച്ച്) സെക്യൂരിറ്റി ജീവനക്കാരന്‍ യോവാനും (മാര്‍ക്കോ ബോക്കോവിച്ച്) പിറന്ന മകന്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചുപോയെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. പക്ഷേ, കുഞ്ഞിനെ എവിടെ അടക്കം ചെയ്‌തെന്നോ, അവന്റെ ശരീരത്തെ എന്തു ചെയതുവെന്നോ മാതാപിതാക്കളെ അറിയിക്കുന്നില്ല.
സിനിമയുടെ തുടക്കം മുതല്‍ നാം കാണുന്നത് തുന്നല്‍ക്കടയിലെ ജോലിക്കും വീട്ടുജോലികള്‍ക്കുമിടയില്‍ സമയം കണ്ടെത്തി മകനെ അന്വേഷിച്ചിറങ്ങുന്ന അന്നയെയാണ്. ഒരേ ഓഫീസുകളില്‍, ആശുപത്രിയും പോലീസ് സ്‌റ്റേഷനുമടക്കം, പലതവണ കയറിയിറങ്ങുന്ന അവര്‍ തിരിച്ചടികള്‍ക്കു മുന്നില്‍ തളരുന്നില്ല. ഒടുവില്‍ അവരറിയുന്നു, മകനെ അവരറിയാതെ മറ്റൊരു കുടുംബത്തിന് ദത്തുകൊടുത്തതാണെന്ന്. മകനെ കണ്ടെത്താനുള്ള അന്വേഷണമാണ് പിന്നീട്.

വൈഡ് ഷോട്ടുകളില്‍ അന്നയെ നടുക്ക് നിര്‍ത്തി ഇരുവശത്തും ശൂന്യസ്ഥലികള്‍ നിറച്ച് അവളുടെ ജീവിതം ഭരിക്കുന്ന നഷ്ടബോധത്തിന് അടിവരയിടുന്നു ടേര്‍സിച്ച്. അവരുടെ യാത്രകളിലെ ആവര്‍ത്തന സ്വഭാവവും നിശ്ചലത്വവും സിനിമയ്ക്ക് മിഴിവേറ്റുന്നതില്‍ പങ്കുവഹിക്കുന്നു. അഴിമതിനിറഞ്ഞ ബ്യൂറോക്രസി ലോകത്തെവിടെയും ഒരുപോലെയാണെന്ന് ആ രംഗങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തും. അന്ന മറ്റൊരു വീട്ടില്‍ ദത്തുപുത്രനായി വാഴുന്ന മകന്‍ മാര്‍ക്കോയോട് സംസാരിക്കുന്ന രംഗം പെട്ടെന്നാര്‍ക്കും മറക്കാനാവില്ല. ഹൃദയഭേദകമാണ് അവസാനരംഗം.

ഒരു ജന്മത്തിലെ ദു:ഖം മുഴുവന്‍ 18 വര്‍ഷം കൊണ്ടനുഭവിച്ചു തീര്‍ത്ത അമ്മയുടെ റോളില്‍ ബോഗ്ദാനോവിച്ചിന്റെ പ്രകടനം സമാനതകളില്ലാത്തതാണ്. ചിരിക്കാന്‍ അവര്‍ മറന്നുപോയതാണെന്നു തോന്നും. ഒരിക്കലും ആത്മനിയന്ത്രണം വിടാതെ, ഏറ്റവും ചെറിയ ഭാവമാറ്റങ്ങള്‍ കൊണ്ട് ആത്മാവ് തുറന്നുകാട്ടുന്നു അവര്‍. വളരെ നിയന്ത്രണത്തോടെയാണ് സംവിധായകന്‍ ടേര്‍സിച്ച് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സെര്‍ബിയയില്‍ നടന്ന ഒരു യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയ്ക്ക് തിരക്കഥ രചിച്ചത് എല്‍മ തത്തരാജിച്ച് ആണ്. ഇത്തരത്തില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ കാണാതായ കുഞ്ഞുങ്ങളെ അന്വേഷിക്കുകയാണെന്ന് ചലച്ചിത്രത്തിനൊടുവില്‍ എഴുതി കാണിക്കുന്നുണ്ട്.

Content Highlights : iffk 2019 stitches serbian movie review