ചില മനുഷ്യരുണ്ട്. അവഗണനയുടെ തീച്ചൂളയില്‍ വെന്തുരുകുമ്പോള്‍ ശബ്ദിക്കാന്‍ അവര്‍ വെമ്പല്‍ കൊള്ളും. അവരുടെ സാന്നിധ്യം ചിലര്‍ക്ക് അസഹനീയമായിരിക്കും. അവരെ അകറ്റി നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കും. ആ കഥയാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പ്രിയനന്ദന്റെ സൈലന്‍സര്‍.

സമ്പത്ത് ഉണ്ടായിട്ടും വീട്ടുകാര്‍ അകറ്റിനിര്‍ത്തുന്ന മൂക്കോടന്‍ ഈനാശുവാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. ഒരു മകന്‍ ഉണ്ടെങ്കിലും ഇരുവരും അത്ര രസത്തിലല്ല. അതുകൊണ്ടുതന്നെ സഞ്ചരിക്കുന്ന ഒരു പഴയ രാജദൂത് സ്‌കൂട്ടറാണ് ഈനാശുവിന്റെ എല്ലാം. മകനെന്നാണ് ഈ സ്‌കൂട്ടറിനെ ഈനാശു വിളിക്കുന്നത്. വീട്ടില്‍ ഈ 70കാരന്‍ സംസാരിക്കുന്നതും ഏറ്റവും അടുപ്പം കാണിക്കുന്നതും ഈ വാഹനത്തോട് തന്നെ.

കുടുംബത്തിലെ ഒറ്റപ്പെടലില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുന്നത് കഠിനമായ ശബ്ദം പുറപ്പെടുവിക്കുന്ന സ്‌കൂട്ടറില്‍ ഉള്ള സവാരി ആണ്. പക്ഷേ അതൊന്നും പലര്‍ക്കും പിടിക്കുന്നില്ല. ഒറ്റപ്പെടലും അതില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമം എങ്ങനെ ഒരാളെ എങ്ങനെ പരുക്കനാക്കുന്നു എന്നതാണ് ചിത്രം പറയുന്നത്. വീട്ടിലെ പ്രായമായവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിനെ മറ്റൊരു മുഖമാണ് സൈലന്‍സര്‍ വരച്ചിടുന്നത്.

കൃത്യമായ കഥാപാത്ര സൃഷ്ടിയാണ് ചിത്രത്തിന്റെ പ്രത്യേകത. വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തിലോടുന്ന ഒരു വാഹനം മാത്രമല്ല സൈക്കിള്‍, അതൊരു കാഴ്ചപ്പാടാണ് എന്ന ഈനാശുവിന്റെ സംഭാഷണത്തിലുണ്ട് ആ കഥാപാത്രത്തിന്റെ വ്യക്തിത്വം.

ലാലിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ നട്ടെല്ല്. ഇര്‍ഷാദ്, മീര വാസുദേവ്, രാമു, ബിനോയ് നമ്പോല എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ഇവര്‍ക്കൊപ്പം മുഴുനീള കഥാപാത്രമായി ഒരു സ്‌കൂട്ടറും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. സിനിമ ഒരേസമയം ഡ്രാമായിലേക്കും ത്രില്ലറിലേക്കും ഫാന്റസിയിലേക്കും മാറി മാറി സഞ്ചരിക്കുന്നു. അതിന് ബലം നല്‍കുന്നതില്‍ മുഖ്യപങ്ക് ബിജിബാല്‍ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും അശ്വഘോഷന്റെ ക്യാമറക്കുമാണ്.

തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍. ഗോപികൃഷ്ണനും എഡിറ്റിംഗ് നിര്‍വഹിച്ച മനോജ് കണ്ണോത്തും കയ്യടി അര്‍ഹിക്കുന്നു. വൈശാഖന്റെ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലര്‍ത്തിയാണ് അവസാനിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 silencer movie review priyanandanan