'അവന് ഒരു സ്വപ്‌നമുണ്ടായിരുന്നു. ഈ തെരുവിലൂടെ സ്വതന്ത്രനായി നടക്കണം. ഒരാണിനെ പോലെ. ആരുടേയും കളിയാക്കലുകള്‍ കേള്‍ക്കാതെ. കാരണം അവന്‍ വ്യത്യസ്തനാണ് എന്നത് തന്നെ'.

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പോസ്റ്റ് യൂഗോസ്ലാവ് സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പരേഡ് എന്ന ചിത്രം പറയുന്നത് സമൂഹം അകറ്റിനിര്‍ത്തുന്ന ഒരു വിഭാഗത്തേക്കുറിച്ചാണ്. സര്‍ദാന്‍ ഡ്രാഗോജെവിക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പറയുന്നത് ബെല്‍ഗ്രേഡില്‍ 2010ല്‍ നടന്ന പ്രൈഡ് റാലിയുടെ പശ്ചാത്തലത്തിലാണ്. സ്വവര്‍ഗാനുരാഗികളെ വെറുക്കുന്ന സെര്‍ബിയന്‍ ഗുണ്ടയായ മിക്കി ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ നടത്തുന്ന ഒരു റാലി, അതും സെര്‍ബിയയിലെ ആദ്യ പ്രൈഡ് റാലിക്ക് സ്വന്തം ജീവന്‍ പണയപ്പെടുത്തി സംരക്ഷണം നല്‍കാന്‍ ഇടപെടേണ്ടി വരുന്നതാണ് കഥാതന്തു.

തമാശയും സ്വവര്‍ഗാനുരാഗവും യാത്രയും വയലന്‍സുമെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഒരു പ്രത്യേക ഘട്ടം കഴിയുമ്പോള്‍ സിനിമ കാഴ്ചക്കാരേയും കൂട്ടിക്കൊണ്ട് ഒരു യാത്രയ്ക്ക് പോവുകയാണ്. സെര്‍ബിയ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലൂടെ മിക്കി സ്വവര്‍ഗാനുരാഗിയായ സുഹൃത്തും നടത്തുന്ന കാര്‍ യാത്ര സംഘര്‍ഷഭരിതമായ കാഴ്ചകളാണ് കാട്ടിത്തരുന്നത്.

സ്വവര്‍ഗാനുരാഗത്തോട് താത്പര്യമില്ലാത്ത മിക്കിയുടെ ചെയ്തികള്‍ ആദ്യം ചിരിയും പിന്നീട് നൊമ്പരത്തിലേക്കും അവിടുന്ന് ഹീറോയിസത്തില്‍ വരെ എത്തിനില്‍ക്കുന്നുണ്ട്. റാഡ്മിലോയുമൊത്തുള്ള കാര്‍യാത്ര മിക്കിക്ക് അത്ര താല്‍പ്പര്യമില്ലാതെയാണെങ്കിലും ക്ലൈമാക്‌സിനോടടുത്ത് ആ താല്‍പ്പര്യക്കുറവ് പതിയെ വഴിമാറുന്നതായി കാണാം. മിക്കി, റാഡ്മിലോ, റാഡ്മിലോയുടെ പ്രണയഭാജനമായെത്തിയ മിര്‍ക്കോ, മിക്കിയുടെ കാമുകി പേള്‍ എന്നിവരാണ് കഥയിലെ മുഖ്യകഥാപാത്രങ്ങള്‍.

സ്വവര്‍ഗാനുരാഗികള്‍ 2010ല്‍ ബെല്‍ഗ്രേഡില്‍ നടത്തിയ സാഭിമാന റാലിയുടെ വിശദാംശങ്ങളോടെയാണ് ചിത്രം അവസാനിക്കുന്നത്. സ്വവര്‍ഗാനുരാഗികള്‍ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ല എന്നാണ് ആത്യന്തികമായി ചിത്രം പറഞ്ഞുവെക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 parade movie review