നത്ത മൂടല്‍മഞ്ഞിനെ നെടുകെ പിളര്‍ത്തി പാഞ്ഞുപോവുന്ന ഹെഡ്ലൈറ്റുകള്‍. നിലയ്ക്കാത്ത വെടിയൊച്ചകള്‍. ചീറ്റിത്തെറിക്കുന്ന ചോര. വെടിമരുന്നു മണക്കുന്ന ഇടവഴികള്‍. 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ഒരു നോയറിന്റെ (Noir) അനുഭവം സമ്മാനിച്ചു ഇഗോര്‍ട്ട് സംവിധാനം ചെയ്ത 'അഞ്ചാണ് എല്ലാം തികഞ്ഞ അക്കം' എന്ന ഇറ്റാലിയന്‍ സിനിമ. ഉജ്ജ്വലമായ ദൃശ്യാനുഭവമാണ്, ഈ വര്‍ഷം പുറത്തിറങ്ങിയ 'അഞ്ച്' സമ്മാനിക്കുന്നത്.
പക്ഷേ, എല്ലാം തികഞ്ഞ ക്രൈം സിനിമയാണോ ഇത് എന്നു ചോദിച്ചാല്‍ അല്ല. തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ നേരത്തേ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള ഗ്രാഫിക് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 'അഞ്ച്'. (മുമ്പും ഗ്രാഫിക് നോവലുകള്‍ സിനിമയായിട്ടുണ്ട്, സിന്‍ സിറ്റി പോലെ). ചിത്രകാരനും നോവലിസ്റ്റും കോമിക്കുകളുടെ സ്രഷ്ടാവുമായ ഇഗോര്‍ട്ടിന്റെ കന്നിസിനിമയെ ഗ്രാഫിക് നോവലിന്റെ ഉള്‍ക്കനമില്ലായ്മ വലയ്ക്കുന്നുണ്ട്.

കഥ നടക്കുന്നത് നേപ്പിള്‍സ് നഗരത്തിലാണ്. കാലം എഴുപതുകള്‍. 'വിരമിച്ച' വാടകക്കൊലയാളിയാണ് പെപ്പീനോ (ടോണി സെര്‍വിറ്റോ). ഭാര്യ മരിച്ച ദു:ഖത്തിലാണയാള്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് കുറ്റവാളി സംഘത്തിലംഗമായി ജീവിക്കുന്ന മകന്‍ നീനോയ്ക്ക് പെപ്പീനോ ഒരു പിറന്നാള്‍ സമ്മാനം കൊടുക്കുന്നു. വിലയേറിയ കൈത്തോക്ക്. അതുമായി ഒരു 'ജോലി' നിര്‍വഹിക്കാന്‍ പോവുന്ന നീനോ കൊല്ലപ്പെടുന്നു. മകനു വേണ്ടി വീണ്ടും തോക്കെടുക്കാന്‍ പെപ്പീനോ തീരുമാനിക്കുന്നു.

തനിക്കൊപ്പം 'തൊഴില്‍' മതിയാക്കി ബെഗോണിയക്കൃഷി നടത്തി വന്നിരുന്ന ടോട്ടോയെ (കാര്‍ലോ ബുച്ചിറോസോ) പെപ്പീനോ ഒപ്പം കൂട്ടുന്നു. തീര്‍ത്തും അവിചാരിതമായി അയാളുടെ മുന്‍കാമുകി റീത്തയും (വലേറിയ ഗോലിനോ) അവരുടെ സംഘത്തിന്റെ ഭാഗമാവുന്നു. പിന്നെ പ്രതികാരം തുടങ്ങുകയായി. കന്യാമറിയത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ചുകൊണ്ട് പെപ്പീനോ പ്രാര്‍ത്ഥിക്കുന്നു, തന്നെ പഴയതുപോലെ (കൊലയാളി) ആക്കിത്തരണമെന്നും താനിങ്ങനെയായതിന് മാപ്പുതരണമെന്നും.

ചിത്രത്തിന്റെ ദൃശ്യരൂപകല്‍പ്പന കിടയറ്റതാണ്-- ക്യാമറാ ആംഗിളുകളും വെളിച്ചവിന്യാസവുമെല്ലാം. സംവിധായകന്‍ ആഗ്രഹിച്ച പെര്‍ഫെക്ഷന്‍ നല്‍കുവാന്‍ ഛായാഗ്രാഹകന്‍ നിക്കൊളായ് ബ്രൂയലിന് കഴിഞ്ഞിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളുടെ കോറിയോഗ്രഫിയും ഗംഭീരമാണ്. വൃദ്ധനായ പെപ്പീനോയാണ് പ്രതികാരനായകനെങ്കിലും ഒരിക്കലും ആക്ഷന്‍ അസ്വാഭാവികമായി അനുഭവപ്പെടുന്നില്ല.
പെപ്പീനോയുടെ വേഷത്തില്‍ സെര്‍വിറ്റോ കസറുന്നു. താന്‍പോരിമ തുളുമ്പുന്ന നോക്കും നടപ്പും. 

കഴുകന്റെ കൊക്കിനു സമാനമായ മൂക്ക് (വെപ്പാണ്!) ആ മുഖത്തിന് വളരെ പാകം. ഗ്രാഫിക് നോവലില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ. അതുകൊണ്ടാവണം മകന്‍ കൊല്ലപ്പെട്ടെന്നറിയുമ്പോള്‍ പോലും പെപ്പീനോ നിര്‍വികാരനായിരിക്കുന്നത്.

ടോട്ടോ ഒഴികെയുള്ള അഭിനേതാക്കളെ വ്യക്തമായി നിര്‍വചിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. പ്രത്യേകിച്ച് റീത്തയെ. സാധാരണ ഗാംഗ്സ്റ്റര്‍ സിനിമകളിലെന്ന പോലെ പേരിന് ഒരു സ്ത്രീവേഷം. വേഗക്കുറവും 'അഞ്ചി'ന്റെ പരിമിതികളില്‍ പെടും. പാപത്തിന്റെ ശമ്പളം മരണമെന്ന ശൈലിയിലുള്ള കുറച്ചു തത്വചിന്തയും മറ്റും ചിത്രത്തിനിണങ്ങുന്നില്ല. സിനിമയുടെ പേരും അത്തരത്തിലെ ഒരു കപടതത്വചിന്തയുടെ പരിണിതഫലമാണെന്നു തോന്നും. എന്തായാലും 'അഞ്ച്' പ്രേക്ഷകരെ, പ്രത്യേകിച്ച് കമേഴ്സ്യല്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരെ, മടുപ്പിക്കില്ലെന്നുറപ്പ്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 movie reviews 5 is the perfect number