കാധിപത്യപ്രവണതകള്‍ വര്‍ധിക്കുകയും ഭൂരിപക്ഷ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ നിസ്സങ്കോചം അടിച്ചേല്‍പ്പിക്കപ്പെടുകയും വ്യക്തിജീവിതത്തിലെ സ്വകാര്യത കുറ്റകരമായി വീക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് 'സെന്‍സര്‍ പാസാക്കിയത്' എന്ന തുര്‍ക്കി ചിത്രം ശ്രദ്ധേയമാവാതെ തരമില്ല. സെര്‍ഹത് കരാസ്ലാന്‍ സംവിധാനം ചെയ്ത ചിത്രം പക്ഷേ, പരിശോധിക്കുന്നത് നിരന്തരം നിരീക്ഷണത്തിനും നിയന്ത്രണങ്ങള്‍ക്കും വിധേയമാവുന്ന ജീവിതങ്ങളെയല്ല, മറിച്ച് സെന്‍സറിങ് ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥന്റെ മനോവ്യാപാരങ്ങളാണ്.

24-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രമായിരുന്നു 'സെന്‍സര്‍ പാസാക്കിയത്. ചിത്രത്തിന് കരുത്തുറ്റ തിരക്കഥയൊരുക്കിയത് സംവിധായകന്‍ തന്നെയാണ്. സാഹിത്യാഭിരുചിയുള്ള, സര്‍ഗരചനയ്ക്കുള്ള ഒരു കോഴ്സില്‍ പഠിക്കുന്ന സാക്കിറാണ് (ബെര്‍ക്കേ ആറ്റെസ്) മുഖ്യകഥാപാത്രം. ഇസ്താംബൂളിലെ ഒരു ജയിലില്‍ ഉദ്യോഗസ്ഥനായ ഈ യുവാവിന്റെ മുഖ്യജോലി തടവുകാര്‍ അയയ്ക്കുന്നതും അവര്‍ക്കു വരുന്നതുമായ കത്തുകള്‍ വായിച്ചുനോക്കുകയും 'അപകടം പിടിച്ച' വരികളും വാക്കുകളും കറുപ്പിക്കുകയുമാണ്.

കത്തു വായിക്കുന്നതിനിടെ തെറിച്ചുവീണ ഒരു ഫോട്ടോഗ്രാഫ് സാക്കിറിന്റെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഒരു യുവതിയും രണ്ടു പുരുഷന്‍മാരുമാണ് ചിത്രത്തില്‍. അവരിലൊരാളുടെ കൈ യുവതിയുടെ ചുമലിലാണ്. യുവാവ് ആ ജയിലില്‍ തടവുകാരനാണ്. ചിത്രത്തിലെ മൂവരും തമ്മിലുള്ള ബന്ധമെന്താണെന്ന് അയാള്‍ അന്വേഷിച്ചുതുടങ്ങുന്നു. ചിത്രത്തിലെ യുവതി സെല്‍മയോട് നേരിയ തോതില്‍ അയാള്‍ക്ക് അനുരാഗം തോന്നുന്നുണ്ടോയെന്നും സംശയിക്കണം. സര്‍ഗരചനാ ക്ലാസില്‍ ഇവരെക്കുറിച്ച് സാക്കിര്‍ ഒരു കഥയെഴുതുന്നു, അത് പ്രശംസിക്കപ്പെടുന്നു. ഇടയ്ക്കെവിടെയോ വെച്ച്, കഥയും ജീവിതങ്ങളും തമ്മില്‍ കൂടിക്കലരുമ്പോള്‍ സാക്കിര്‍ സെല്‍മയെ നിരീക്ഷിക്കാനും പിന്നീട് രക്ഷിക്കാനുമിറങ്ങുന്നു.

തുര്‍ക്കിയില്‍ രൂക്ഷതയേറി വരുന്ന സെന്‍സര്‍ഷിപ്പിന്റെ കാലത്ത്, കുര്‍ദ്ദുകള്‍ക്കെതിരായ നീക്കങ്ങള്‍ ശക്തിപ്പെടുന്ന നാളുകളില്‍ സംവിധായകന്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കില്‍ തെറ്റി. തന്റെ ആദ്യഫീച്ചര്‍ ഫിലിമില്‍ കരാസ്ലാന്‍ അപകടത്തിന്റെ വഴി സ്വീകരിക്കുന്നില്ല. മറിച്ച്, സാഹിത്യക്ലാസിലെ അധ്യാപകന്‍ പറയുമ്പോലെ, വരികള്‍ക്കിടയിലൂടെ വായിക്കാനും ബിംബകല്‍പ്പനകളില്‍ ഗൂഢാലേഖനം ചെയ്തിക്കുന്ന അര്‍ത്ഥം ഖനനം ചെയ്യാനും പ്രേക്ഷകരെ പ്രേരിപ്പിക്കുകയാണ്.

പശ്ചാത്തലസംഗീതം ഒഴിവാക്കിയിരിക്കുന്ന സിനിമയുടെ ശക്തികളിലൊന്ന് മനോഹരമായ ശബ്ദരൂപകല്‍പ്പനയാണ്. അടിച്ചമര്‍ത്തലിന്റെ അസ്വസ്ഥത ഒരോ മിനുട്ടും നമ്മളെ അനുഭവിപ്പിക്കാന്‍ അതിന് കഴിയുന്നു. കടലാസില്‍ പേനകൊണ്ട് വെട്ടിത്തിരുത്തുന്ന ഒച്ചപോലും പുതിയൊരു അനുഭവമാക്കാന്‍ ശബ്ദസന്നിവേശത്തിന് കഴിഞ്ഞിരിക്കുന്നു.

വിചിത്രമായ രീതികളുള്ള നായകന്‍ സാക്കിറായി പരകായപ്രവേശം നടത്തിയ ബെര്‍ക്കേ, ശബ്ദത്തിന്റെ കാര്യത്തിലെന്നപോലെ അതിസാധാരണമായ ദൃശ്യങ്ങളിലൂടെ ഇതിവൃത്തത്തിന് കരുത്തുപകര്‍ന്ന ഛായാഗ്രാഹകന്‍ മെരിയം യാവൂസ് എന്നിവരും ചിത്രത്തെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചു.

Content Highlights: iffk 2019 passed by censor movie review