റെ പ്രതീക്ഷയോടെയാണ് തുര്‍ക്കി സംവിധായകന്‍ എംറെ കാവുക്കിന്റെ 'ഡിജിറ്റല്‍ തടങ്കല്‍ (Dijital Esaret)' എന്ന ചിത്രം കാണാനിരുന്നത്. പേരു തന്നെയാണ് കാരണം. സ്‌ക്രീനുകളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്- പേഴ്സണല്‍ കംപ്യൂട്ടര്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍-- സഞ്ചരിക്കുന്ന കണ്ണുകള്‍ക്ക് അടിമപ്പെട്ട, സ്വകാര്യതക്കുവേണ്ടി സമരം ചെയ്യുമ്പോഴും ആരും ആവശ്യപ്പെടാതെ തന്നെ അതിസ്വകാര്യതകള്‍ പോലും സാമൂഹികമാധ്യമങ്ങളില്‍ സ്വയം വില്‍പ്പനയ്ക്കു വെക്കുന്ന മനുഷ്യരുടെ കഥയല്ലേ? ഒരിക്കലും മോശമാവില്ലെന്നു കരുതി.

ആരാധകരുടെ എണ്ണത്തില്‍ അഭിരമിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ഇന്റര്‍നെറ്റ് സെലിബ്രിറ്റികള്‍. നിത്യജീവിതത്തില്‍ ചെയ്യുന്നതെന്തും സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി ലൈക്കുകള്‍ സമ്പാദിക്കുന്നവര്‍. ഇത്തരം പോസ്റ്റുകളിലൂടെ പ്രശസ്തിയും പണവും സമ്പാദിക്കുന്നവര്‍. അത് നിലനിര്‍ത്താനായി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍. അപകടങ്ങളില്‍ ചെന്നുചാടുന്നവര്‍. ഓഫ്ലൈനായി ഒരുനിമിഷം പോലും കഴിയാനാവാത്തവര്‍. ഇങ്ങനെ ഇന്റര്‍നെറ്റ് അടിമകളായ ഒരുകൂട്ടം ചെറുപ്പക്കാരെ സര്‍ക്കാര്‍ അറസ്റ്റുചെയ്ത് ഡിജിറ്റല്‍ ജയിലിലാക്കുന്നു.

ഇന്റര്‍നെറ്റ് പോയിട്ട്, വൈദ്യുതി പോലും തടവുകാര്‍ക്ക് നിഷിദ്ധമാണ്. ജോലികള്‍ക്കുപുറമേ, അവര്‍ക്ക് നിരവധി ഗെയിമുകളിലും പങ്കെടുക്കേണ്ടതുണ്ട്. ആദ്യം 80 പോയിന്റു നേടുന്ന മൂന്നുപേര്‍ക്ക് മോചനം കിട്ടുമെന്ന് അധികൃതര്‍ പറയുന്നു. ഇന്റര്‍നെറ്റില്ലാത്ത ഓരോ മണിക്കൂറും വേദനാജനകമായി തോന്നുന്ന തടവുകാര്‍ മെല്ലെമെല്ലെ ശരിക്കുള്ള മനുഷ്യരെയും പ്രകൃതിയെയും കാണാനും കേള്‍ക്കാനും മണക്കാനും സ്പര്‍ശനമറിയാനുമൊക്കെ പഠിക്കുന്നു. ഇതാണ് കഥ.

ഗംഭീരമാണ് കഥാതന്തുവെങ്കിലും സിനിമ പ്രേക്ഷകനു സമ്മാനിക്കുന്നത് നിരാശ മാത്രമാണ്. ഇന്റര്‍നെറ്റിന് അടിമയാവുന്നവര്‍ അവനവനും സമൂഹത്തിനും വരുത്തിവെക്കുന്ന അതിസമ്മര്‍ദ്ദങ്ങളെയും ദുരന്തങ്ങളെയും അവയുടെ തീക്ഷ്ണതയോടെ പ്രേക്ഷകരിലെത്തിക്കാന്‍ പ്രൊഡ്യൂസര്‍കൂടിയായ ബിറോള്‍ ഗൂവെന്‍ എഴുതിയ തിരക്കഥയ്ക്കോ, കാവുക്കിന്റെ സംവിധാനത്തിനോ ആയിട്ടില്ല. ഉള്ളില്‍ തട്ടുന്ന നിമിഷങ്ങള്‍ തീരെയില്ല. സിനിമയല്ല, യോഗാ ക്ലാസാണ് നടക്കുന്നതെന്ന് സംശയം ജനിപ്പിക്കുന്ന ഭാഗങ്ങളുമുണ്ട്.
അസാധാരണമായ പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യപരിചരണം സിനിമയിലില്ല. രണ്ടു മണിക്കൂറാണ് ദൈര്‍ഘ്യമെങ്കിലും പ്രേക്ഷകന്‍ ഇടയ്ക്കിടെ വാച്ചുനോക്കിപ്പോവും. എടുത്താല്‍ പൊങ്ങാത്തത് എടുക്കരുതെന്ന പഴമൊഴി തുര്‍ക്കി ഭാഷയിലുണ്ടാവുമോയെന്തോ!

Content Highlights : iffk 2019 movie review digital captivity