മൊറോക്കക്കാരി മരിയം ടൂസാനിയുടെ കന്നി ഫീച്ചര്‍ ഫിലിം 'ആദം' സമൂഹത്തിന്റെ അലിഖിതമായ വിലക്കുകള്‍ വേട്ടയാടിയ രണ്ടു സ്ത്രീജീവിതങ്ങളുടെ കഥ മനോഹരമായി അവതരിപ്പിക്കുന്നു. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച ലോകസിനിമാ വിഭാഗത്തില്‍ അവതരിപ്പിച്ച ചിത്രം ഉജ്ജ്വലമായ അഭിനയപ്രകടനങ്ങള്‍ കൊണ്ടും സംവിധാനമികവു കൊണ്ടും ശ്രദ്ധേയമായി.
അകാലത്തില്‍ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ജീവിതത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും മാര്‍ദ്ദവം മുറിച്ചുനീക്കി, എട്ടുവയസ്സുകാരിയായ മകള്‍ വര്‍ദയ്ക്കു വേണ്ടി ജീവിക്കുകയാണ് അബ്ല (ലുബ്ന അസബല്‍). ചെറിയൊരു ബേക്കറി നടത്തി അതില്‍ നിന്നുള്ള വരുമാനം കൊണ്ടു ജീവിക്കുന്ന ഈ പോരാളിക്ക് ചിരിക്കുവാനും സ്നേഹം പ്രകടിപ്പിക്കാനുമുള്ള കഴിവ് നഷ്ടമായിട്ടുണ്ടാവണം. പുറമേ വരണ്ട അബ്ലയുടെയും വര്‍ദയുടെയും ജീവിതത്തിലേക്ക് ഗര്‍ഭിണിയായ സാമിയ (നിസ്രിന്‍ എറാദി) എത്തിച്ചേരുന്നതോടെ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്നു.

എണ്‍പതുകളിലാണ് കഥ നടക്കുന്നത്. ചെറുപ്പത്തില്‍ വിധവകളാവുന്ന സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. അവരെന്തോ കുറ്റം ചെയ്തിട്ടാണ് ഭര്‍ത്താവ് മരിച്ചതെന്ന് തോന്നും. അപവാദഭയം വേറെയും. അതുകൊണ്ടുതന്നെ കര്‍ക്കശക്കാരിയുടെ മുഖാവരണം അണിഞ്ഞ് മരണം വരെ പൊരുതിനില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്ന സ്ത്രീകള്‍. അവരിലൊരാളാണ് അബ്ല. വിവാഹത്തിനുമുമ്പ് ഗര്‍ഭിണിയായ സാമിയ തൊഴില്‍ തേടി നടക്കവേയാണ് അവരുടെ അടുത്തെത്തുന്നത്. പ്രസവിച്ചശേഷം കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നല്‍കി നാട്ടില്‍ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോവാനാണ് പരിപാടി. അവിവാഹിതയായ അമ്മയെ സമൂഹത്തിന് വേണ്ട, അവളുടെ സന്തതി മാലിന്യത്തിന് സമാനമാണ്. സാമിയ പറയുന്നുണ്ട്, എന്റെ മകനായി ജീവിച്ചാല്‍ അവന്റെ ജീവിതം നശിക്കുമെന്നുറപ്പാണ് എന്ന്. സ്ത്രീയ്ക്ക് സ്വന്തമെന്നു പറയാന്‍ കാര്യമായൊന്നും ലോകത്തില്ലെന്ന്.

ഏറെ സംഘര്‍ഷങ്ങള്‍ക്കുശേഷം സാമിയയെ വീട്ടില്‍ 'കയറ്റുന്ന' അബ്ലയുടെ ജീവിതവും സ്വഭാവവും മാറാന്‍ തുടങ്ങുന്നു. കടുപ്പം നിറഞ്ഞ മുഖഭാവങ്ങള്‍ മെല്ലെമെല്ലെ താരള്യത്തിന് വഴിമാറുന്നു. ജീവിതത്തെ പുതിയൊരു കണ്ണില്‍ കാണാന്‍ അവള്‍ പഠിക്കുന്നു. പക്ഷേ, കുഞ്ഞിനെ സംബന്ധിച്ച സാമിയയുടെ നിലപാടുകള്‍ മാറുന്നേയില്ല.

കുറച്ചു കഥാപാത്രങ്ങള്‍. പശ്ചാത്തലം മിക്കവാറും അബ്ലയുടെ വീടും ബേക്കറിയും മാത്രം. വെളിച്ചത്തിന്റെയും നിറങ്ങളുടെയും ഭാവനാപൂര്‍ണമായ വിന്യാസവും അഭിനേതാക്കളുടെ പ്രതിഭയും കൊണ്ട് ഈ പരിമിതികളെ ടൂസാനി അനായാസം മറികടക്കുന്നു, കഥാപാത്രങ്ങളുടെ ഹൃദയത്തിനകത്തേക്ക് വിളക്കു കാട്ടുന്നു. മനുഷ്യമനസ്സില്‍ ഇടംപിടിക്കാന്‍ എളുപ്പവഴികളായ സംഗീതവും ഭക്ഷണവും ഈ ചിത്രത്തില്‍ തന്മയത്വത്തോടെ ഉപയോഗിച്ചിരിക്കുന്നു. 

ഭര്‍ത്താവും സംവിധായകനുമായ നബീല്‍ അയൂഖുമൊത്താണ് ടൂസാനി 'ആദ'ത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സ്വന്തം മാതാപിതാക്കളുടെ ജീവിതത്തിലുണ്ടായ സമാനമായ ഒരനുഭവത്തിന്റെ ഓര്‍മ്മയില്‍ നിന്നാണ് ടൂസാനി ഈ ചലച്ചിത്രം രചിച്ചത്. കാന്‍ മേളയില്‍ ഈ സിനിമ അണ്‍സേര്‍ട്ടന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Content Highlights : iffk 2019 movie review adam movie