മൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. പറയുന്നത് ചരിത്രത്തിലെ കാര്യമല്ല, വര്‍ത്തമാന കാലത്തും അതിന് യാതൊരു മാറ്റവുമില്ല. അതിരുകള്‍ നിറഞ്ഞ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്വാതന്ത്ര്യത്തിനായി വീര്‍പ്പുമുട്ടുന്ന സ്ത്രീകളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ഒരിക്കല്‍ കൂടി ക്ഷണിക്കുകയാണ് ഗുജറാത്തി ചിത്രമായ ഹല്ലാരോ. അഭിഷേക് ഷാ സംവിധാനം ചെയ്ത ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു.

1975 അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഹല്ലോരയുടെ കഥ സഞ്ചരിക്കുന്നത്. ഗുജറാത്തിലെ കച്ചിലെ ഒരു ഉള്‍ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഇവിടെ ജീവിക്കുന്നവര്‍ക്ക് അടിയന്തരാവസ്ഥ എന്താണെന്ന് പോലും കൃത്യമായി അറിയുകയില്ല. ഗ്രാമത്തിന് പുറത്ത് എന്താണ് നടക്കുന്നത് എന്നറിയാന്‍ അവര്‍ ആശ്രയിക്കുന്നത് രണ്ട് കാര്യങ്ങളെയാണ്. അതില്‍ ആദ്യത്തേത് റേഡിയോ, രണ്ടാമത്തേത് നാടോടിയായ ഭാഗ് ലോ എന്നയാളെയാണ്.

അടിയന്തരാവസ്ഥയുടെ ഭീകരത എന്താണെന്ന് അവര്‍ക്ക് കൃത്യമായി അറിയില്ലെങ്കിലും സര്‍ക്കാറിനെതിരേ സംസാരിച്ചാല്‍ ജയില്‍ പോകുന്ന സംഭവമാണെന്ന പ്രാഥമികമായ വിവരം അവര്‍ക്കുണ്ട്. അത് ഗ്രാമീണര്‍ക്ക് വിവരിച്ചു കൊടുക്കുന്നതും  ഭാഗ് ലോയാണ്. ചുരുക്കത്തില്‍ ഗ്രാമീണര്‍ക്കിടയില്‍ ഭാഗ് ലോ ഒരു വലിയ സ്വാധീന ശക്തിയാണ്. അവരുടെ കൂട്ടത്തില്‍ പുറം ലോകവുമായി ബന്ധമുള്ള ഒരേയൊരു മനുഷ്യന്‍ എന്ന നിലയില്‍ അയാള്‍ക്ക് ബഹുമാനവും ലഭിക്കുന്നു.

ജലദൗര്‍ലഭ്യമാണ് ആ നാട്ടിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ദുരിതം. ദൈവ  കോപം മൂലമാണ് മഴ പെയ്യാത്തത് എന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. വര്‍ഷങ്ങളായി  പിന്തുടരുന്ന അന്ധവിശ്വാസങ്ങള്‍ ഇവരുടെ ജീവിതം തികച്ചും ദുഷ്‌കരമാക്കിയിരിക്കുകയാണ്. എന്നാല്‍ തിരിച്ചറവില്ലാത്ത ജനതയായി അവര്‍ ജീവിതം മുന്നോട്ട് നയിക്കുന്നു.

സ്ത്രീകള്‍ക്ക് പല തരത്തിലുമുള്ള സാമൂഹ്യ വിലക്കുകള്‍ ഈ അന്ധവിശ്വാസങ്ങളുടെ ഭാഗമായി ഈ സമൂഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവ സമയങ്ങളിലോ മറ്റു ആഘോഷ പരിപാടികലിലോ സ്ത്രീകള്‍ക്ക് പങ്കെടുക്കാനാകില്ല. സ്ത്രീകള്‍ അതൊക്കെ കണ്ടാല്‍ ശാപം ലഭിക്കുമെന്നും ഗ്രാമം മുടിഞ്ഞു പോകുമെന്നുമാണ് അവരുടെ വിശ്വാസം. വെള്ളമെടുക്കുന്നതിന് മാത്രമായാണ് സ്ത്രീകള്‍ പുറം ലോകത്തേയ്ക്കിറങ്ങുന്നത്. എന്നാല്‍ അതില്‍ അസാധാരണത്വമെന്നും അവിടെ ജീവിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗത്തിനും തോന്നുന്നില്ല. എന്നാല്‍ അതിന് വിഭിന്നമായി മഞ്ജരി  എന്ന പെണ്‍കുട്ടി ചിന്തിക്കുന്നതോടെയാണ്  കഥയുടെ ഗതി മാറുന്നത്.

ഏഴാം ക്ലാസ് വരെ പഠിച്ച പെണ്‍കുട്ടിയാണ് മഞ്ജരി.  ഈ ഗ്രാമത്തിലേക്ക് വിവാഹിതയായി എത്തുന്ന മഞ്ജരി വെള്ളമെടുക്കാന്‍ പോകുന്ന സംഘത്തിനൊപ്പം പോകുമ്പോള്‍ വഴിയരില്‍ വച്ച് തളര്‍ന്നു കിടക്കുന്ന ഒരു പുരുഷനെയും കാണുന്നു. തടാകത്തിന്റെ കരയില്‍ കിടക്കുന്ന അയാള്‍ മൃതപ്രായനാണ്. എന്നാല്‍ സ്ത്രീകളുടെ കൂട്ടത്തില്‍ ഒരാള്‍ പോലും അയാളെ തിരിഞ്ഞു നോക്കുന്നില്ല. അന്യ പുരുഷന്മാരുടെ സാമീപ്യം പാപമാണെന്ന് അവരുടെ വിശ്വാസം. അതുകൊണ്ടു തന്നെ അവര്‍ക്ക് അയാളെ പരിചരിക്കാനാകില്ല. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ കീഴപ്പെടുത്താത്ത മഞ്ജരിയുടെ മനസ്സ് അയാളെ പരിചരിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നില്ല. ക്ഷീണിതനായ അയാള്‍ക്ക് അവര്‍ വെള്ളം നല്‍കുന്നു. അബോധാവസ്ഥയില്‍ നിന്നുണരുന്ന അയാള്‍ ഒരു ധോലക് വാദകനാണെന്നറിഞ്ഞതോടെ അവര്‍ക്കായി ധോലക് വായിക്കാന്‍ മഞ്ജരി ആവശ്യപ്പെടുന്നു. അയാള്‍ ധോലക് വായിക്കുന്നതോടെ മഞ്ജരി നൃത്തം ചെയ്യാന്‍ ആരംഭിക്കുന്നു. അയാളെ പരിചരിക്കുന്നവരില്‍ നിന്ന് മഞ്ജരിയെ എതിര്‍ത്ത പലരും  ഒടുവില്‍ അവള്‍ക്കൊപ്പം ചേരുന്നതോടെ ഗ്രാമത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആദ്യ മണി മുഴങ്ങുകയാണ്.  പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിന്ത്രത്തിന്റെ കഥാതന്തു.

ഒരു കാലഘട്ടത്തില്‍ അകത്തളങ്ങളില്‍ ഒതുങ്ങിപ്പോയ സ്ത്രീ ജീവിതങ്ങളുടെ വിമോചനം എന്ന നിലയിലാണ് അഭിഷേക് ഷാ ഹല്ലാരോ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇന്നും അന്ധവിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ ജീവിതം ഹോമിക്കപ്പെടുന്ന ഈ സമൂഹത്തില്‍ ഈ ചിത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. ഇനി ഒരിക്കലും പിന്തിരിഞ്ഞ് നടക്കരുതെന്നും കാലഹരണപ്പെട്ടതിനെ പേറി മനസ്സ് മലിനമാക്കരുതെന്നും ഒരിക്കല്‍ കൂടി നമ്മെ ഓര്‍മിപ്പിക്കുകയാണ് ഈ ചിത്രം.

Content Highlights : IFFK 2019 Hellaro Movie Review Indian Panorama