റിയല്‍ എസ്റ്റേറ്റുകാര്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിപ്പിക്കുന്നതും അതിനെ നാട്ടുകാര്‍ ചെറുക്കുന്നതും പ്രമേയമായിട്ടുള്ള നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മലയാളത്തിലെ 'വിയറ്റ്നാം കോളനി'യും തമിഴിലെ 'കാല'യും പോലെ. മെക്സിക്കന്‍ സംവിധായിക ഇറിയ ഗോമസ് കൊഞ്ചീറോയുടെ 'വിസ്മൃതിക്കു മുമ്പ്' (ബിഫോര്‍ ഒബ്ലീവിയന്‍) എന്ന ഒന്നാന്തരം സൃഷ്ടി ഇത്തരം ചിത്രങ്ങളെടുക്കും മുമ്പ് കണ്ടിരിക്കുന്നത് ഗുണം ചെയ്യും!

പാവപ്പെട്ടവര്‍ താമസിക്കുന്ന ഒരു കോളനി ഒഴിപ്പിച്ചെടുക്കാന്‍ മുതലാളിമാരും അവര്‍ക്ക് ഓശാന പാടുന്ന പോലീസുമെത്തുന്നു. കോളനി പൊളിച്ചുനീക്കി ഷോപ്പിംഗ് മാള്‍ പണിയാനാണ് ലക്ഷ്യം. അയല്‍ കോളനികള്‍ ഒഴിപ്പിക്കപ്പെട്ടപ്പോള്‍ നമ്മുടെ കാര്യമല്ലല്ലോ എന്നുകരുതി നോക്കി നിന്നയാളാണ് ഉന്തുവണ്ടി തള്ളി ഉപജീവനം കഴിക്കുന്ന ഫെര്‍മിന്‍ (ലേനാര്‍ഡോ അലോന്‍സോ). മകന്‍ മാക്കോ നീളന്‍ കമ്മലിട്ട, ചുണ്ടുതുളച്ച് ആഭരണമിട്ട ടീനേജര്‍. പരോപകാരിയായ ഈ ചെറുപ്പക്കാരന്‍ അയല്‍ കോളനി ഒഴിപ്പിക്കപ്പെട്ടപ്പോള്‍ നാട്ടുകാരെ ഒരുമിച്ചുകൂട്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങളൊരുക്കാന്‍ നേതൃത്വം നല്‍കുന്നു. അവന് കരുത്തുപകരുന്നതും ഉപദേശങ്ങള്‍ നല്‍കുന്നതും പടുവൃദ്ധയായ എല്‍വിറിത്തയാണ്.
തങ്ങാനുള്ള ഇടവും അടുക്കളയും ഭക്ഷണവും കുടിവെള്ളവും പങ്കിട്ട് നാട്ടുകാര്‍ ചെറുത്തുനില്‍പ്പിന് കോപ്പുകൂട്ടുന്നു. എല്‍വിറിത്തയുടെ സഹോദരന്‍ ലൂസിയോ പണ്ട് ജനകീയസമരം നയിച്ച് സര്‍ക്കാരിനെ തോല്‍പ്പിച്ച കാര്യം ഓര്‍മിപ്പിക്കുന്ന അവര്‍ ചില തോല്‍വികള്‍ വലിയ വിജയങ്ങള്‍ക്ക് പ്രചോദനമാവുമെന്നും തോറ്റോടരുതെന്നും ഉദ്ബോധിപ്പിക്കുന്നു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കോളനിക്കാര്‍ ഒരൊറ്റ കുടുംബം പോലെ കെട്ടുറപ്പുള്ളതാവുന്നു. ഇല്ലായ്മകളൊന്നും അവര്‍ക്ക് പ്രശ്നമല്ലാതാവുന്നു. എന്തിനെയും നേരിടാനും പരാജയപ്പെടുത്താനാവുമെന്നും അവര്‍ക്ക് ആത്മവിശ്വാസമുണ്ടാവുന്നു. ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഒരുതവണ തിരിച്ചുപോയ പോലീസ് വീണ്ടുമെത്തുകയാണ്. അവരെ വീണ്ടും തോല്‍പ്പിച്ചോടിക്കാന്‍ കോളനിക്കാര്‍ക്കാവുമോ?

നിരവധി കഥാപാത്രങ്ങളുള്ള സിനിമയില്‍ സൂപ്പര്‍ താരങ്ങളും സൂപ്പര്‍ വില്ലന്‍മാരുമില്ല. സ്നേഹിക്കാന്‍ മാത്രമറിയുന്ന, പരാജയങ്ങളുമായി മല്ലിടുന്ന സാധാരണ മനുഷ്യര്‍ മാത്രമേയുള്ളൂ. അവര്‍ക്കെല്ലാം വ്യക്തിത്വം നല്‍കുന്നതില്‍ സംവിധായിക വിജയിച്ചിരിക്കുന്നു. ഹുവാന്‍ പാബ്ലോ ഗോമസിന്റെ മികച്ച തിരക്കഥ, സെബാസ്റ്റ്യന്‍ ഹിരിയാര്‍ട്ടിന്റെ ഛായാഗ്രഹണം, മികച്ച അഭിനയ പ്രകടനങ്ങള്‍... 24-ാമത് അന്താരാഷ്ട്രചലച്ചിത്രമേളയില്‍ കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നാണിത്.

Content Highlights : iffk 2019 before oblivion movie review