'ക്ലോസ്‌നെസ്' എന്ന ആദ്യചിത്രം കൊണ്ടുതന്നെ ശ്രദ്ധേയനായ കാന്റെമിര്‍ ബലാഗോഫ് സംവിധാനം ചെയ്ത 'ബീന്‍പോള്‍' പ്രേക്ഷകഹൃദയങ്ങളെ പിടിച്ചുലയ്ക്കുന്ന സൃഷ്ടിയാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ മനുഷ്യമനസ്സുകളുടെയും ജീവിതങ്ങളുടെയും കഥ ഏറെക്കുറെ നിര്‍ദ്ദയമായി അവതരിപ്പിക്കുകയാണ് ചലച്ചിത്രകാരന്‍. യുദ്ധകാലത്ത് സൈനികസേവനം നടത്തിയ ലക്ഷക്കണക്കിന് സ്ത്രീകളില്‍ ചിലരുടെ വാമൊഴികളെ ആധാരമാക്കി സ്വെറ്റ്‌ലാന അലക്‌സിയേവിച്ച് എഴുതിയ 'യുദ്ധത്തിന്റെ ഒട്ടും സ്‌ത്രൈണമല്ലാത്ത മുഖം' എന്ന പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനമായത്.

സോവിയറ്റ് യൂണിയന്‍ യുദ്ധം ജയിച്ചു. പക്ഷേ, തോല്‍വിയെക്കാള്‍ ഭയാനകമായ തോല്‍വിയാണത്. ജേതാക്കളുടെ മനസ്സുകള്‍ക്കേറ്റ ആഘാതം അത്രമേല്‍ വലുതാണ്, അപരിഹാര്യമാണ്. മാഷ (വാസിലിസ പെരെലിജിന)യുടെ കാര്യം നോക്കുക. യുദ്ധത്തിനിടെ ഭര്‍ത്താവ് കൊല്ലപ്പെടുന്നു. യുദ്ധമുഖത്തുവെച്ചു പ്രസവിക്കുന്ന കുഞ്ഞിനെ ആത്മസുഹൃത്ത് ഇയ (വിക്തോറിയാ മിറോഷ്‌നിചെങ്കോ)യെ അവള്‍ വളര്‍ത്താനേല്‍പ്പിക്കുന്നു. പക്ഷേ, യുദ്ധം കഴിഞ്ഞ് സ്റ്റാലിന്‍ഗ്രാഡില്‍ തിരിച്ചെത്തുമ്പോള്‍ മകന്‍ പാഷ്‌ക മരിച്ച വിവരമാണറിയുന്നത്. ഇയ പറയുമ്പോലെ കുഞ്ഞ് ഉറക്കത്തില്‍ മരിച്ചതാണോ, അതോ, അവള്‍ ശ്വാസം മുട്ടിച്ചുകൊന്നതാണോ?

ശരാശരിയിലും ഉയരമുള്ളതിനാല്‍ ഇയയെ എല്ലാവരും ബീന്‍പോള്‍ (തോട്ടി) എന്നാണ് വിളിക്കുക. യുദ്ധത്തില്‍ പരിക്കേറ്റവരുടെ ദൈന്യത ഓളം വെട്ടുന്ന ഒരു സൈനിക ആശുപത്രിയില്‍ നഴ്‌സാണവള്‍. മാഷയും അവിടെ ജോലിക്കു കയറുന്നു. ഇനി പ്രസവിക്കാന്‍ കഴിയാത്ത മാഷ തനിക്ക് ഒരു കുഞ്ഞിനെ പ്രസവിച്ചു തരാന്‍ ഇയയോട് ആവശ്യപ്പെടുന്നു. മറ്റുവഴിയില്ലാഞ്ഞിട്ടാകണം, അവളതിനു സമ്മതിക്കുന്നു. ക്ഷീണവും നിരാശയും ബാധിച്ചവരാണ് ചുറ്റുമെങ്കിലും മാഷയെ അതു ബാധിക്കുന്നില്ലെന്ന് തോന്നും.

ഒരു തരത്തില്‍ പറഞ്ഞാല്‍, ഇയയും മാഷയും ജോലി ചെയ്യുന്ന ആശുപത്രി യുദ്ധശേഷമുള്ള യു.എസ്.എസ്.ആറിന്റെ പ്രതീകമാണ്. ക്ഷീണിച്ചവശരായ യുദ്ധവീരന്‍മാര്‍. ഒരിക്കലും ഇനി പഴയതുപോലെയാകാനാവില്ലെന്ന് ബോധ്യം വന്നപ്പോള്‍ ഭാര്യയെയും കൂട്ടി മരിക്കാന്‍ സഹായം ആവശ്യപ്പെടുന്ന ശയ്യാവലംബിയായ സ്റ്റെപാന്‍. എന്നാല്‍ പിന്നെ തനിക്ക് തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നുകൂടേയെന്നു ഡോക്ടര്‍ ചോദിക്കുമ്പോള്‍ വേണ്ടതിലധികം അനുഭവിച്ചു കഴിഞ്ഞു, ഇനിയും കഷ്ടപ്പെടുത്തേണ്ട എന്നുപറയുന്ന ഭാര്യ. ആശുപത്രിയില്‍ അധികാരികള്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അസമയത്ത് കൈയടിച്ചുകൊണ്ടേയിരിക്കുന്ന യുവാവ്. ഒടുവില്‍ അയാളുടെ ഉടുപ്പില്‍ ചോര പടരുന്നു. അതു പ്രേക്ഷകഹൃദയത്തിലും നനവ് പടര്‍ത്തുന്നു.

കഥാപാത്രങ്ങളുടെ മാനസികാവസ്ഥ വെളിവാക്കുന്ന, അസാധാരണ സൗന്ദര്യമുള്ള ഛായാഗ്രഹണം 'ബീന്‍പോളി'ന്റെ ശക്തികളില്‍ പ്രധാനമാണ്. സംവിധായകനും അലക്‌സാണ്ടർ തേരേക്കോവും ചേര്‍ന്നെഴുതിയ തിരക്കഥയിലെ നേരിയ സൂചനകള്‍ പോലും ചിത്രങ്ങളാക്കാന്‍ സീനിയ സെറിദയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ടൈറ്റില്‍ വേഷത്തില്‍ വിക്തോറിയയും മാഷയായി വാസിലിസയും ജീവിക്കുന്നു. 28 വയസ്സുകാരനായ ബലാഗോഫില്‍ നിന്നും ഉജ്ജ്വലസൃഷ്ടികള്‍ ഏറെ വരാനിരിക്കുന്നു എന്ന പ്രതീക്ഷ പകരുന്നു ഈ ചലച്ചിത്രകാവ്യം.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 bean pole movie review