തുര്‍ക്കി സംവിധായകന്‍ എമീന്‍ ആല്‍പ്പെറുടെ 'മൂന്നു സഹോദരിമാരുടെ കഥ' അനുപമമായ ദൃശ്യചാരുത കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രമാണ്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ മഞ്ഞുപുതച്ച മലകള്‍ക്കിടയിലെ ഒരു മനോഹര ഗ്രാമത്തിലാണ് ചെക്കോവിയന്‍ സ്പര്‍ശമുള്ള ഈ കഥ നടക്കുന്നത്.

സെവ്‌കെതിന്റെ (മുഫിത് കയാചാന്‍) മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായ പതിമൂന്നുകാരി ഹവ്വ (ഹെലന്‍ കാന്‍ഡെമിര്‍) വീട്ടില്‍ തിരിച്ചെത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. നഗരത്തിലെ സമ്പന്നവീടുകളില്‍ പെണ്‍മക്കളെ വളര്‍ത്തുമകളായി അയക്കുകയും അവിടെ അവള്‍ വീട്ടുജോലിക്കാരിയായി ജീവിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു തുര്‍ക്കിയില്‍. ഹവ്വ പരിചരിച്ചിരുന്ന കുട്ടി മരിച്ചതോടെ അവളെ തിരിച്ചയച്ചതാണ്. അവിടെ വീട്ടുവേലക്കാരിയായിരുന്നെങ്കിലും ഓണംകേറാമൂലയിലെ കുടുംബവീട്ടില്‍ കഴിയുന്നതില്‍ ദു:ഖിതയാണവള്‍.

വീട്ടിലുള്ള മൂത്ത സഹോദരി റെയ്ഹാന് (സെമ്‌റെ ഇബസിയ) ഒരു കുഞ്ഞുണ്ട്. നഗരത്തിലെ ഡോ. നെജാതിയുടെ വീട്ടില്‍ വേലയ്ക്കുനിന്നിരുന്ന കാലത്ത് ഗര്‍ഭിണിയായി പ്രസവിച്ച അവളെ അച്ഛന്‍ പിന്നീട് ഗ്രാമത്തിലെ വിഡ്ഢിയായ ആട്ടിടയന്‍ വെയ്‌സെലിന് കെട്ടിച്ചുകൊടുക്കുന്നു. അവള്‍ക്കും എങ്ങനെയെങ്കിലും നഗരത്തിലേക്ക് രക്ഷപ്പെടാനാണ് ആഗ്രഹം. സെവ്‌കെതിനും അങ്ങനെ തന്നെ. നഗരത്തില്‍ നിന്നും മക്കളയക്കുന്ന പണമാണ് ജീവിതമാര്‍ഗം!
രണ്ടാമത്തെ മകള്‍ നൂറാന്‍ (എസെ യൂക്‌സെല്‍) നഗരത്തില്‍ നെജാതിയുടെ വീട്ടില്‍ നില്‍ക്കുകയാണ്. ഒരു ദിവസം അയാള്‍ മകളെ തിരിച്ചുകൊണ്ടാക്കുന്നു. അയാളുടെ കുഞ്ഞിനോട് ക്രൂരത കാട്ടിയതാണ് കാരണം. നൂറാന്റെ സ്ഥാനത്ത് നെജാതിയുടെ വീട്ടിലെത്താന്‍ കൊതിക്കുന്നു ഹവ്വ. അച്ഛനും അതാണ് താല്‍പ്പര്യം.
മനുഷ്യരുടെയും ജീവിതത്തിന്റെയും ആവര്‍ത്തനപ്രവണത സിനിമ മനോഹരമായി വരച്ചിടുന്നുണ്ട്. പറ്റിപ്പോയ പിഴവുകളില്‍ നിന്നും മനുഷ്യര്‍ ഒന്നും പഠിക്കുന്നില്ല. ജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കും! അന്നുരാത്രി നെജാതിയും സെവ്‌കെതും ഗ്രാമമുഖ്യനും മദ്യപിക്കുന്നിടത്ത് വലിഞ്ഞു കയറുന്ന വെയ്‌സെലും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഉദാഹരണം. അപഹാസ്യനാടകമോ, ദുരന്തമോയെന്ന് തിരിച്ചറിയാന്‍ വിഷമം.

എംറെ എര്‍ക്ക്‌മെന്റെ അതിമനോഹരമായ ഛായാഗ്രഹണം കണ്ണുകള്‍ക്ക് വിരുന്നാണ്. പകല്‍ മനോഹരമാണ്, രാത്രി ഭയാനകവും. കാണുന്നതിനപ്പുറത്ത് സിനിമയിലെന്തെങ്കിലും ഉണ്ടോ എന്നുചോദിച്ചാല്‍, ഉണ്ടായേക്കാം എന്നേ പറയാനാവൂ. ഒരുപക്ഷേ, അതുതന്നെയാവും ചിത്രത്തിന്റെ പരിമിതിയും.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights : iffk 2019 a tale of three sisters movie review