വാലെന്റിന്‍ വാസിയാനോവിച്ചിന്റെ അറ്റ്‌ലാന്റിസ് എന്ന സിനിമ 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയായിരിക്കും. 2025 കാലഘട്ടത്തിലെ ഉക്രൈന്‍ ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. റഷ്യക്കെതിരായ യുദ്ധം ജയിച്ചുവെങ്കിലും തിരിച്ചു കൊണ്ടുവരാന്‍ സാധിക്കാത്ത തരത്തില്‍ നശിച്ച ഉക്രൈന്‍. എന്നാല്‍ അറ്റ്‌ലാന്റിസ്, യുദ്ധം എന്ന പ്രമേയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു ചിത്രമല്ല. യുദ്ധം കൊണ്ടുണ്ടായ പ്രകൃതി നശീകരണവും സൈനികരില്‍ ഉണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളും സിനിമയില്‍ പ്രധാന പ്രമേയങ്ങളായി അവതരിക്കപ്പെടുന്നു.

ചിത്രത്തിന്റെ രണ്ടാമത്തെ സിനില്‍ തന്നെ തോക്ക് കൊണ്ട് ടാര്‍ഗറ്റ് പ്രാക്റ്റീസ് നടത്തുന്ന രണ്ടു സൈനിക വേഷധാരികളെയാണ് നാം കാണുന്നത്. എന്നാല്‍ അവര്‍  ഫാക്ടറി തൊഴിലാളികളാണ്. ഫാക്ടറി ജോലിയുടെ ജീവനില്ലായ്മയില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടിയാണ് പൂര്‍വ സൈനികര്‍ കൂടിയായ അവര്‍ ടാര്‍ഗറ്റ് പ്രാക്ടിസില്‍ ഏര്‍പ്പെടുന്നത്. പോസ്റ്റ് ട്രൊമാറ്റിക് സ്‌ടെസ്  ബാധിച്ച ഇവരുടെ മാനസിക നിലയും അതിന്റെ അവതരണവും കണ്ടു പഴകിയ യുദ്ധ സിനിമകളില്‍ നിന്നു അറ്റ്‌ലാന്റിസിനെ വേറിട്ടു നിര്‍ത്തുന്നു.

ക്ലോസ് അപ്പ് ഷോട്ടുകള്‍ ഇല്ലാതെയും പശ്ചാത്തല സംഗീതത്തിന്റെ അഭാവത്തിലും കഥാപാത്രങ്ങുളുടെ സംഘര്‍ഷാവസ്ഥയും സിനിമയുടെ ഡ്രാമയും മികച്ച രീതിയില്‍ കൊണ്ടുവന്നത് ചിത്രത്തിന്റെ എഡിറ്റിംഗിന്റെയും ഛായാഗ്രഹണത്തിന്റെയും മികവാണ്.

Content Highlights: Atlantis movie review, 2019 iffk, Film festival