തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ, കശ്മീരിന്റെ കഥ പറയുന്ന ചിത്രം, നോ ഫാദേഴ്സ് ഇന്‍ കശ്മീര്‍ ഒരു ഇന്ത്യാവിരുദ്ധ ചിത്രമല്ലെന്ന് സംവിധായകന്‍ അശ്വിന്‍ കുമാര്‍. മാത്രമല്ല, ദേശസ്നേഹം പുലര്‍ത്തുന്ന ചിത്രമാണെന്നും. അത് സ്വന്തം രാജ്യത്തെ ആരോഗ്യകരമായി വിമര്‍ശിക്കുന്നതാണെന്നും അശ്വിന്‍കുമാര്‍ പറഞ്ഞു. അതോടൊപ്പം എന്താണ് ചുറ്റും നടക്കുന്നത് എന്നതിന്റെ പ്രതിഫലനമാണ് നല്‍കുന്നത്. മാറ്റം ഏതൊരു രാജ്യത്തിനും സര്‍ക്കാരിനും ആവശ്യമാണെന്നും അശ്വിന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സൂക്ഷ്മ സംവേദനക്ഷമതയുള്ള വിഷയമായിരുന്നു ഇത്. അതിനാല്‍ തന്നെ നീണ്ടകാലം ചിത്രത്തിനായി ചെലവഴിക്കേണ്ടി വന്നു. അഞ്ച് വര്‍ഷത്തോളമായിരുന്നു ആ തയ്യാറെടുപ്പ്. പ്രമേയത്തിന് രൂപംകൊടുക്കുന്നത് മുതല്‍ ചിത്രീകരണത്തിന്റെ അവസാനം വരെ വലിയ ശ്രദ്ധ നല്‍കേണ്ടതായി ഉണ്ടായിരുന്നു. കശ്മീരിലുള്ളവര്‍ ചിത്രം എങ്ങനെ ഉള്‍ക്കൊള്ളും എന്ന ആശങ്കയും സദാ പുലര്‍ത്തേണ്ടിവന്നുവെന്നും അശ്വിന്‍ കുമാര്‍ പറഞ്ഞു.

ചലച്ചിത്രമേളയില്‍ ഏറെ ജനശ്രദ്ധ നേടി ചിത്രമായിരുന്നു നോ ഫാദേഴ്സ് എന്ന ചിത്രം. സ്വീകാര്യതയും പ്രേക്ഷകരുടെ ആവശ്യവും മാനിച്ച് ചിത്രം വീണ്ടും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Content Highlights: No fathers in Kashmir Movie Ashvin Kumar IFFK 2019