തിരുവനന്തപുരം: കശ്മീരിനെ കുറിച്ച്  സിനിമ എടുക്കുന്നവരെ  തിരക്കഥാ രചന മുതല്‍ സെന്‍സറിങ് വരെയും അനുമതിനല്കുന്നവര്‍ തീവ്രവാദികളായിട്ടാണ് ചിത്രീകരിക്കുകയെന്ന് 'നോ ഫാദേഴ്‌സ് ഇന്‍ കശ്മീരി'ന്റെ സംവിധായകന്‍ അശ്വിന്‍ കുമാര്‍. ചിത്രത്തിന്റെ പ്രദര്‍ശനത്തിനു  ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ പോലെയുള്ള സെന്‍സിറ്റീവായ വിഷയങ്ങള്‍ പ്രമേയമാക്കി ഇന്ത്യയില്‍ സിനിമ നിര്‍മിക്കുക എന്നത് എളുപ്പമല്ല. കശ്മീരിലെ ശരി തെറ്റുകളെക്കുറിച്ച് നേരിട്ട് പഠിക്കാതെ സോഷ്യല്‍ മീഡിയകളിലൂടെ ഒരാളെ ഹീറോയായും വില്ലനായും ചിത്രീകരിക്കുന്നത്  ആര്‍ക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് ചലച്ചിത്ര മേളയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് മേളയില്‍ ചിത്രത്തിന് ഒരു അധിക ഷോ കൂടി വ്യാഴാഴ്ച രാത്രി 8.30 ന് നിശാഗന്ധിയില്‍ അനുവദിച്ചിട്ടുണ്ട്.

Content Highlights: No fathers in Kashmir Movie, Ashvin Kumar Director, IFFK 2019