ധിനിവേശം എന്നും ഒരു ചര്‍ച്ചയാണ്. കാലങ്ങള്‍ക്ക് മുന്‍പേ അത് തുടങ്ങിയിരിക്കുന്നു. അധിനിവേശത്തെ നേരിട്ട് പറയുന്ന ഒരു ചിത്രവും അധിനിവേശത്തെക്കുറിച്ച് പറയാതെ പറയുന്ന മറ്റൊരു ചിത്രവും ഒരു നൂലില്‍ കോര്‍ത്ത മുത്തുക്കള്‍ പോലെ കാഴ്ചക്കാര്‍ക്ക് മുന്നിലെത്തി. അതാണ് 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കഴിഞ്ഞ ദിവസം എക്സ്‌പെരിമെന്റാ ഇന്ത്യ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മിഡ്നൈറ്റ് ഓറഞ്ച്, ദാറ്റ് ക്ലൗഡ് നെവര്‍ ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍.

11 മിനിറ്റ് മാത്രമാണ് മിഡ്നൈറ്റ് ഓറഞ്ചിന്റെ ദൈര്‍ഘ്യം. പശ്ചാത്തല സംഗീതം ഇല്ല, അഭിനേതാക്കളോ ക്യാമറയുടെ ചലനമോ ഇല്ല. ഒരു കല്ലറയുടെ വിവിധ ഭാഗങ്ങള്‍ ചിത്രങ്ങള്‍ പോലെ കാണിച്ചിരിക്കുന്നു. 10 മിനിറ്റും ഇങ്ങനെ തന്നെയാണ് ചിത്രത്തില്‍. ഹൈദരാബാദിലെ പൈഗാ കുടുംബത്തിന്റെ കല്ലറകളിലൂടെ പാരമ്പര്യ വാസ്തുകല എങ്ങനെ പിന്തള്ളപ്പെടുന്നു എന്ന് കാണിക്കുകയാണ് സംവിധായകന്‍ ഗൗതം വല്ലൂരി.

രണ്ടാമത്തെ ചിത്രം പറയുന്നത് മുര്‍ഷിദാബാദിലെ കളിപ്പാട്ട നിര്‍മാതാക്കളുടെ ജീവിതമാണ്. യഥാര്‍ഥ കളിപ്പാട്ട നിര്‍മാതാക്കള്‍ തന്നെയാണ് സിനിമയിലും ഉള്ളത്. പല രംഗങ്ങളും അവര്‍ പോലും അറിയാതെയാണ് ചിത്രീകരിച്ചിരിക്കുന്നെന്നു തോന്നും. ഫിലിം റോളുകള്‍ വാങ്ങി കളിപ്പാട്ടം ഉണ്ടാക്കുന്ന ഒരുപറ്റം ആളുകള്‍ റെഡ് മൂണ്‍ പ്രതിഭാസത്തെ അവരുടേതായ രീതിയില്‍ ആസ്വദിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിലൂടെയാണ് ചിത്രം നീങ്ങുന്നത്.

യശസ്വിനി രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സംഭാഷണങ്ങളും വളരെ കുറവാണ്.

Content Highlights: Midnight orange, That cloud never left, movies, iffk 2019, film festival