തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോര പുരസ്‌കാരം ജപ്പാനീസ് ചിത്രം ദേ സേ നതിങ് സ്റ്റെയ്‌സ് ദ് സെയിമിന്. ജോ ഒഡാഗിരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സംവിധാനത്തിനുള്ള രജതചകോര പുരസ്‌കാരം ബ്രസീലിയന്‍ സംവിധായകന്‍ അലന്‍ ഡെബര്‍ട്ടന്‍ സ്വന്തമാക്കി. പാക്കറേറ്റാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മത്സരവിഭാഗത്തില്‍ ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി പ്രത്യേക പരാമര്‍ശം നേടി. കൂടാതെ, പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ജല്ലിക്കെട്ട് സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍ മരങ്ങള്‍ നേടി. മികച്ച ഏഷ്യന്‍ സിനിമയായി ഫാഹിം ഇഷാദിന്റെ 'ആനി മാനി' തിരഞ്ഞെടുത്തു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്എ - കെ.ആര്‍. മോഹനന്‍ പുരസ്‌കാരവും ആനി മാനിക്കാണ്. 

iffk
ഫോട്ടോ: പ്രവീണ്‍ദാസ്.എം

മികച്ച സിനിമയ്ക്കുള്ള ഫിപ്രസ്സി പുരസ്‌കാരം ബോറിസ് ലോജ്കെയ്ന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം കാമിലും മലയാളചിത്രം 'പനി'യും പങ്കിട്ടു. സന്തോഷ് മണ്ടൂരാണ് പനിയുടെ സംവിധായകന്‍.  

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം അര്‍ജന്റീനയന്‍ സംവിധായകന്‍ ഫെര്‍നാഡോ സോലാനസിന് സമ്മാനിച്ചു. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Content Highlights: International film festival Kerala IFFK 2019, closing ceremony, awards best movie, Best director, The Golden Crow Pheasant, The Silver Crow Pheasant Award