തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ തിരക്കേറിയ ഞായറാഴ്ച. ആദ്യ രണ്ടു ദിവസങ്ങളിലെ പോലെ അവധി ദിവസമായ ഇന്നും മേള ഡെലിഗേറ്റുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 മത്സരം നടക്കുന്നത് ചെറിയ തോതില്‍ ബാധിച്ചെങ്കിലും പ്രധാന ചിത്രങ്ങളെല്ലാം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. പല സിനിമകള്‍ക്കും സീറ്റ് നിറഞ്ഞതിനാല്‍ നിലത്തിരുന്നു വരെ ഡെലിഗേറ്റുകള്‍ പ്രദര്‍ശനം കണ്ടു.

മലയാളചിത്രം 'വൃത്താകൃതിയിലുള്ള ചതുരം' ഉള്‍പ്പെടെ മത്സരവിഭാഗത്തില്‍ ഇന്നു പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്കെല്ലാം മണിക്കുറുകള്‍ക്ക് മുമ്പേ ക്യൂ രൂപപ്പെട്ടിരുന്നു. ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മയുടെ കഥ പറഞ്ഞ 'മായിഘട്ടി'ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രദര്‍ശനത്തിന് പ്രഭാവതിയമ്മയും സംവിധായകന്‍ ആനന്ദ് മഹാദേവനും എത്തിയിരുന്നു. കാനില്‍ പാം ഡി ഓര്‍ ഉള്‍പ്പെടെ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് നിശാഗന്ധിയില്‍ തിങ്ങിനിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.

ബ്രസീലില്‍ നിന്നുള്ള ബക്കുറൗ, ഇറ്റാലിയന്‍ ത്രില്ലര്‍ 5 ഈസ് ദ പെര്‍ഫെക്ട് നമ്പര്‍ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി. ഇന്നു പ്രദര്‍ശിപ്പിച്ച ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കും നല്ല പ്രതികരണങ്ങളുണ്ടായി.

മലയാള ചിത്രങ്ങളും രാജ്യാന്തര വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിലിം മാര്‍ക്കറ്റും ഇന്നു മുതല്‍ മേളയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി നടന്ന സിനിമയിലെ ശബ്ദവിന്യാസത്തെ കുറിച്ചുള്ള സെമിനാറില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി പങ്കെടുത്തു. ഇന്‍ കോണ്‍വര്‍സേഷന്‍ വിത് പരിപാടിയില്‍ ബംഗാളി സംവിധായകന്‍ രുചിര്‍ ജോഷി അതിഥിയായി.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

iffk 2019

Content Highlights : iffk 2019 third day round up crowded delegates