ലയാള സിനിമ ലഹരിക്കടിമയാണെന്ന പരാമര്‍ശം മണ്ടത്തരമാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍വച്ച് നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍.

എന്തുവന്നാലും  ഷെയ്‌നിനെ തന്നെയാണ് പിന്തുണയ്ക്കുക എന്നും കൂടെ ജോലി ചെയ്യുന്നവര്‍ അല്ലാതെ മറ്റാരാണ് പിന്തുണ നല്‍കാനുള്ളതെന്നും ഷൈന്‍ പ്രതികരിച്ചു.

'ഞാനും ഷെയ്‌നും ഒരുമിച്ചു ജോലി ചെയ്യുന്നവരാണ്, സ്വാഭാവികമായിട്ടും ഷെയ്‌നിന്  എന്ത് പ്രശ്‌നമുണ്ടെങ്കിലും കൂടെ നില്‍ക്കുക തന്നെ ചെയ്യും. കൂടെ ജോലി ചെയ്യുന്നവര്‍ അല്ലാതെ വേറെ ആരാണ് പിന്തുണയ്ക്കുക. ഈ വിവാദങ്ങളില്‍ രണ്ടു കൂട്ടര്‍ക്കും അവരുടേതായ ശരികളും തെറ്റുകളും ഉണ്ടാകും. അതെല്ലാം ബാലന്‍സ് ചെയ്ത് ഷൂട്ടിങ്ങും മറ്റുമായി നമ്മള്‍ മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം. പിന്നെ മലയാള സിനിമ ലഹരിക്ക് അടിമയാണെന്ന് പറയേണ്ട. ലോകത്തില്‍  ലഹരി എന്നു മുതലേ ഉള്ളതാ. ലോകം മൊത്തം ഒരു ലഹരി ഉണ്ടല്ലോ. ഈ ലോകത്ത് തന്നെ ഉള്ളതാണല്ലോ മലയാളസിനിമയും. അല്ലാതെ മലയാളസിനിമ വേറെ പ്ലാനറ്റിലോ സ്‌പേസിലോ ഒന്നുമല്ലല്ലോ. അതുകൊണ്ട് ഇത്തരം മണ്ടത്തരമായ കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക അതിനു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുക എന്നേയുള്ളൂ.' ഷൈന്‍ പറയുന്നു

രണ്ടാം തവണയാണ് ചലച്ചിത്രോത്സവ വേദിയില്‍ വരുന്നതെന്നും ഇത്തവണ സിനിമയുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തിന് വേണ്ടിയാണ് എത്തിയതെന്നും ഷൈന്‍ പറഞ്ഞു.

ഷൈന്‍ അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അനുരഞ്ജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌കും ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഉണ്ടയും. ഇവ രണ്ടും മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

Content Highlights : iffk 2019 shine tom chacko about shane nigam controversy